Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റിന്റെ ഭാവി: നാല് ചോദ്യങ്ങള്‍

ലണ്ടന്‍ - കൊറോണ വ്യാപനത്തിനിടയിലും ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിച്ചതോടെ ക്രിക്കറ്റ് എങ്ങനെ തുടങ്ങുമെന്ന ചര്‍ച്ച സജീവം. ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നാല് പ്രധാന ചോദ്യങ്ങള്‍:
ടീമുകള്‍ പര്യടനത്തിന് തയാറാവുമോ?
ജൂലൈ ഒന്ന് വരെ ക്രിക്കറ്റ് നിര്‍്ത്തിവെച്ചിരിക്കുകയാണ്. ജൂലൈയില്‍ പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടില്‍ മൂന്നു മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ് പരമ്പരകളും ഏകദിനങ്ങളും കളിക്കേണ്ടതുണ്ട്. കാണികളില്ലാതെ അണുവിമുക്ത കുമിള (ബയോ സെക്യൂര്‍ ബബ്ള്‍) സൃഷ്ടിച്ച് കളി നടത്താനാണ് നീക്കം. കളിക്കാരെ പൂര്‍ണമായും പുറംസമ്പര്‍ക്കമില്ലാതെ നിര്‍ത്തുന്ന രീതിയാണ് ബയോ സെക്യൂര്‍ ബബ്ള്‍. സീസണ്‍ പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇംഗ്ലണ്ട് ബോര്‍ഡിന് 38 കോടി പൗണ്ടിന്റെ (3550 കോടി രൂപ) നഷ്ടമുണ്ടാവും. പക്ഷെ പരമ്പര നടക്കണമെങ്കില്‍ കളിക്കാര്‍ വലിയ ത്യാഗം സഹിക്കേണ്ടി വരും. ബ്രിട്ടനിലെത്തിയാല്‍ ടീമുകള്‍ 14 ദിവസം ക്വാരന്റൈനില്‍ കഴിയണം. ഹാംഷയറിലെയും ഓള്‍ഡ് ട്രഫോഡിലെയും ബയോസെക്യൂര്‍ വേദികളിലായിരിക്കും മത്സരങ്ങള്‍.  
ഓസ്‌ട്രേലിയന്‍ ടീം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 കളും കളിക്കണം. വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍ ടീമുകളുടെ മത്സരങ്ങള്‍ വീക്ഷിച്ച ശേഷമേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുക്കൂ. റാന്‍ഡിന്റെ തകര്‍ച്ചയും കൊറോണ പ്രതിസന്ധിയുമായതോടെ കനത്ത സാമ്പത്തികത്തകര്‍ച്ച നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ടീമുമായി ഓഗസ്റ്റില്‍ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. സൗരവ് ഗാംഗുലി ഐ.സി.സി അധ്യക്ഷനാവണമെന്ന മധുരവാക്കുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയരക്ടര്‍ ഗ്രേം സ്മിത്ത് രംഗത്തുവന്നിട്ടുണ്ട്. 
മാറ്റങ്ങള്‍ എങ്ങനെ?
കാണികളോ കളിക്കാരുടെ ആഘോഷങ്ങളോ ഇല്ലാത്ത വിരസമായ രീതിയിലായിരിക്കും കളി. നിഷ്പക്ഷ അമ്പയര്‍മാര്‍ ഉണ്ടാവില്ല. അമ്പയര്‍മാര്‍ ഗ്ലൗസ് ധരിക്കണം. ബൗളര്‍മാര്‍ തൊപ്പിയും സ്വെറ്ററുമൊന്നും അമ്പയറെയോ സഹ കളിക്കാരെയോ ഏല്‍പിക്കരുത്, സ്വയം സൂക്ഷിക്കണം. ബൗളര്‍മാര്‍ തുപ്പല്‍ ഉപയോഗിക്കരുത്. എല്ലാ ടീമുകള്‍ക്കും ഓരോ ഇന്നിംഗ്‌സിലും ഒരു ഡി.ആര്‍.എസ് അവസരം അധികം ലഭിക്കും. 
ലോകകപ്പിന് എന്ത് സംഭവിക്കും?
ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ട്വന്റി20 ലോകകപ്പ് നീട്ടിവെക്കാന്‍ വ്യാഴാഴ്ച ചേരുന്ന ഐ.സി.സി എക്‌സിക്യൂട്ടിവ് ഓണ്‍ലൈന്‍ യോഗം തീരുമാനിക്കും. 16 ടീമുകളെയും സപ്പോര്‍ട് സ്റ്റാഫിനെയും ഇന്നത്തെ അവസ്ഥയില്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കുക ഭഗീരഥ യത്‌നമായിരിക്കും. ഒരു വര്‍ഷത്തേക്ക് ടൂര്‍ണമെന്റ് നീട്ടിവെക്കും. അതോടെ ഐ.പി.എല്‍ നടക്കാന്‍ കളമൊരുങ്ങും. കാണികളില്ലാതെ നടത്തിയാലും ഐ.പി.എല്‍ പണം കൊയ്യും. ഐ.പി.എല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ആഗോള ക്രിക്കറ്റ് സമ്പദ് വ്യവസ്ഥക്ക് 60 കോടി ഡോളറിന്റെ (4500 കോടി രൂപ) നഷ്ടമുണ്ടാവുമെന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെ കണക്കാക്കുന്നത്. 
വനിതാ ക്രിക്കറ്റിന്റെ ഭാവി
വനിതാ കായികരംഗം ഉ്ച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് കൊറോണ എത്തിയത്. മാര്‍ച്ചില്‍ മെല്‍ബണില്‍ നടന്ന ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നതു കാണാന്‍ 86,000 പേരാണ് എത്തിയത്. എന്നാല്‍ തല്‍ക്കാലമെങ്കിലും ക്രിക്കറ്റ് ബോര്‍ഡുകളുടെ സാമ്പത്തിക സുസ്ഥിതിക്കായി വനിതാ മത്സരങ്ങള്‍ക്കു പകരം പുരുഷ മത്സരങ്ങള്‍ നടത്തുന്നത് അംഗീകരിക്കുന്നുവെന്ന് ഇംഗ്ലണ്ട് ബോര്‍ഡിന്റെ വനിതാ ക്രിക്കറ്റ് മാനേജിംഗ് ഡയരക്ടര്‍ ക്ലയര്‍ കോണര്‍ അഭിപ്രായപ്പെട്ടു. 

Latest News