Sorry, you need to enable JavaScript to visit this website.

തുറന്ന പോരിന് ഐ.സി.സി, ആത്മഹത്യ വേണ്ടെന്ന് ബി.സി.സി.ഐ

ന്യൂദല്‍ഹി - ഐ.സി.സി ടൂര്‍ണമെന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമോയെന്ന വിഷയത്തില്‍ ഐ.സി.സിയും ബി.സി.സി.ഐയും തമ്മില്‍ തുറന്ന പോര്. നികുതി ഇളവില്ലെങ്കില്‍ 2021 ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഐ.സി.സി ഭീഷണി മുഴക്കി. കേന്ദ്ര സര്‍്ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവ് നേടിയെടുക്കേണ്ട ചുമതല ബി.സി.സി.ഐക്കാണ്. എന്നാല്‍ ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റി ഐ.സി.സി ഹരാകിരി ചെയ്യരുതെന്ന് ബി.സി.സി.ഐ തിരിച്ചടിച്ചു. 
കഴിഞ്ഞ രണ്ടു മാസമായി ഇരുപക്ഷവും ഭീഷണി സ്വരത്തില്‍ ഇ-മെയിലുകള്‍ കൈമാറുകയാണ്. ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യുന്ന ഈ പ്രശ്‌നത്തിന് മെയ് 18 നകം നിരുപാധികമായ സമ്മതം നേടിയെടുക്കണമെന്ന് ഒടുവില്‍ ഐ.സി.സി താക്കീത് നല്‍കിയിരുന്നു. കൊറോണയുടെ സാഹചര്യത്തില്‍ സമയപരിധി ജൂണ്‍ 30 വരെ നീട്ടണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ബി.സി.സി.ഐ ആവശ്യപ്പെട്ട സമയം നല്‍കുന്ന പ്രശ്‌നമില്ലെന്നും ഭീഷണിയുടെ സ്വരത്തില്‍ ഐ.സി.സിയുടെ അഭിഭാഷകന്‍ ജോനാഥന്‍ ഹാള്‍ മുന്നറിയിപ്പ് നല്‍കി. ഇ-മെയിലിലെ ഭാഷ ബി.സി.സി.ഐക്ക് ഒട്ടും രുചിച്ചിട്ടില്ല. പ്രത്യേകിച്ചും നികുതി ഇളവ് നേടാന്‍ ബി.സി.സി.ഐ ശ്രമിച്ചുവെന്നതിന് ഐ.സി.സി തെളിവ് ചോദിച്ചത്. കേന്ദ്ര സര്‍ക്കാരിന് അയച്ച ആറ് കത്തുകള്‍ സമര്‍പ്പിച്ചാണ് ബി.സി.സി.ഐ പ്രതികരിച്ചത്. 
2021 ലെ ട്വന്റി20 ലോകകപ്പും 2023 ലെ ഏകദിന ലോകകപ്പും ഇന്ത്യയില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് 2018 ഫെബ്രുവരിയില്‍ ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടിലുമായി 10 കോടി ഡോളര്‍ നികുതി നല്‍കേണ്ടി വരുമെന്നാണ് ഐ.സി.സി കണക്കുകൂട്ടുന്നത്.  
2016 ല്‍ നികുതി നല്‍കേണ്ടി വന്ന തുക ബി.സി.സി.ഐയുടെ കണക്കില്‍ നിന്ന് ഐ.സി.സി കുറച്ചിരുന്നു. ഇതിനെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഐ.സി.സിയുടെ തര്‍ക്ക പരിഹാര സെല്ലിന്റെ പരിഗണനയിലാണ്. 
ഐ.സി.സിക്ക് തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.സി.സി.ഐ. ബി.സി.സി.ഐയുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ജൂലൈയില്‍ സ്ഥാനമൊഴിയുകയുമാണ്. മാത്രമല്ല സ്റ്റാറുമായുള്ള സംപ്രേഷണ കരാറനുസരിച്ച് ഐ.സി.സിയുടെ രണ്ടു ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍ സംഘടിപ്പിച്ചിരിക്കണം. 

Latest News