Sorry, you need to enable JavaScript to visit this website.

തവക്കല്‍നാ: സൗദിയില്‍ ഒരു മണിക്കൂര്‍ ജോഗിംഗ് പെര്‍മിറ്റ് ലഭിച്ചുതുടങ്ങി

റിയാദ് - ജോഗിംഗിന് ഒരു മണിക്കൂര്‍ കര്‍ഫ്യൂ പെര്‍മിറ്റ് അനുവദിച്ചു തുടങ്ങിയതായി കര്‍ഫ്യൂ പെര്‍മിറ്റ് അനുവദിക്കുന്ന 'തവക്കല്‍നാ' ആപ് അധികൃതര്‍ അറിയിച്ചു. ആപ് പരിഷ്‌കരിച്ചാണ് പുതിയ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയില്‍ അപേക്ഷകന്റെ താമസ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ജോഗിംഗ് നടത്തുന്നതിനാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.
ബന്ധുക്കള്‍ക്കൊപ്പം അനിവാര്യ ആവശ്യങ്ങള്‍ക്ക് 15 ല്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്ക് പെര്‍മിറ്റില്ലാതെ പുറത്തു പോകാം. ഇതിന് വ്യവസ്ഥകള്‍ ബാധകമാണ്. പതിനഞ്ചില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ക്കൊപ്പമുള്ള ബന്ധുവിന്റെ പക്കല്‍ കര്‍ഫ്യൂ പെര്‍മിറ്റ് ഉണ്ടായിരിക്കണം. പിതാവ്, മാതാവ്, വല്യുപ്പ, വല്യുമ്മ, സഹോദരന്‍, സഹോദരി, പിതൃസഹോദരന്‍, പിതൃസഹോദരി, മാതൃസഹോദരന്‍, മാതൃസഹോദരി എന്നിവര്‍ക്കൊപ്പം മാത്രമാണ് കുട്ടികള്‍ക്ക് പെര്‍മിറ്റില്ലാതെ വീടുകളില്‍ നിന്ന് പുറത്തു പോകുന്നതിന് അനുമതിയുള്ളത്. ഇതിന് കുട്ടികളും ഒപ്പമുള്ള മുതിര്‍ന്നവരും തമ്മിലുള്ള കുടുംബ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആഭ്യന്തര മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഷോപ്പിംഗ് സെന്ററുകളിലേക്ക് കുട്ടികളെ ഒപ്പം കൂട്ടരുതെന്നും 'തവക്കല്‍നാ' ആപ് ആവശ്യപ്പെട്ടു.  
മാനുഷിക കേസുകളില്‍ നഗരങ്ങള്‍ക്കകത്തും നഗരങ്ങള്‍ മാറി സഞ്ചരിക്കുന്നതിനുമുള്ള പെര്‍മിറ്റ് ആപ് വഴി വൈകാതെ അനുവദിച്ചു തുടങ്ങും. ഹെല്‍ത്ത് ക്വാറന്റൈനുകളില്‍ കഴിയുന്നതിനു പകരം വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് സ്മാര്‍ട്ട് വളകളുമായി ബന്ധിപ്പിച്ച് പുതിയ സേവനവും ആപ് വഴി നല്‍കും.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ആംബുലന്‍സ് തേടല്‍, കര്‍ഫ്യൂ ലംഘനങ്ങളെ കുറിച്ച് അറിയിക്കല്‍, വിര്‍ച്വല്‍ അസിസ്റ്റന്റ് സേവനം, കര്‍ഫ്യൂ പാലിക്കാത്തതിന് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി പിഴ ചുമത്തിയത് പ്രദര്‍ശിപ്പിക്കല്‍-നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതില്‍ വിയോജിപ്പ് പ്രകടിപ്പിക്കല്‍, കൊറോണ ബാധിച്ചവരുമായും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമായും അടുക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കല്‍, രോഗബാധാ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ സ്വയം പരിശോധിക്കല്‍ എന്നീ സേവനങ്ങളും ആപ് വഴി വൈകാതെ നല്‍കും.
നിലവില്‍ തങ്ങള്‍ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് നിത്യോപയോഗ വസ്തുക്കള്‍ വാങ്ങുന്നതിനും സമ്പൂര്‍ണ, ഭാഗിക കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി സാധനങ്ങള്‍ വാങ്ങുന്നതിനും പുറത്തു പോകുന്നതിന് 'തവക്കല്‍നാ' ആപ് വഴി പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ട്. ജോലിയാവശ്യാര്‍ഥം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അനുവദിക്കുന്ന പെര്‍മിറ്റുകളും ഡ്രൈവര്‍മാര്‍ക്കുള്ള താല്‍ക്കാലിക പെര്‍മിറ്റുകളും മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകള്‍ പ്രകാരം ആശുപത്രികള്‍ അനുവദിക്കുന്ന പെര്‍മിറ്റുകളും ആപ്പില്‍ ദൃശ്യമാകും.

 

Latest News