Sorry, you need to enable JavaScript to visit this website.

രണ്ട് ഒളിംപ്യന്മാര്‍ കൊറോണ ബാധിച്ച് മരിച്ചു

മിലാന്‍ - ഇറ്റലിയുടെ 1984 ലെ യൂറോപ്യന്‍ ഇന്‍ഡോര്‍ 800 മീറ്റര്‍ ചാമ്പ്യന്‍ ഡൊണാറ്റൊ സാബിയയും (56) സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി നൂറിലേറെ തവണ ഐസ് ഹോക്കി കളിച്ച റോജര്‍ ചപോടും (79) കൊറോണ ബാധിച്ചു മരിച്ചു. 
ഏതാനും ദിവസം മുമ്പ് പിതാവ് മരിച്ച ദുഃഖത്തിനിടയിലാണ് സാബിയക്കും രോഗം ബാധിച്ചത്. സാബിയ രണ്ടു തവണ ഒളിംപിക്‌സ് ഫൈനലിലെത്തിയിരുന്നു. 1984 ലെ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനവും 1988 ലെ ഒളിംപിക്‌സില്‍ ഏഴാം സ്ഥാനവും ലഭിച്ചിരുന്നു. കൊറോണ കാരണം മരണപ്പെടുന്ന പ്രഥമ ഒളിംപിക് ഫൈനലിസ്റ്റാണ് സാബിയ. ആര്‍ക്കും സ്‌നേഹിക്കാതിരിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് സാബിയയുടേതെന്ന് ഇറ്റാലിയന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അനുശോചിച്ചു.  
സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി നൂറിലേറെ തവണ ഐസ് ഹോക്കി കളിച്ച റോജര്‍ ചപോടും (79) കൊറോണ ബാധിച്ചു മരിച്ചു. 1964 ലെ വിന്റര്‍ ഒളിംപിക്‌സില്‍ സ്വിറ്റ്‌സര്‍ലന്റിനെ പ്രതിനിധീകരിച്ചിരുന്നു. ആ സീസണില്‍ സ്വിസ് ലീഗിലെ ടോപ്‌സ്‌കോററായിരുന്നു. അസുഖം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം പിടിപെടുകയായിരുന്നു.  സ്വിറ്റ്‌സര്‍ലന്റിലെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന മേഖലകളില്‍ ഏറെ ജനപ്രിയനാണ് ചപോട് എന്ന് ഇന്റര്‍നാഷനല്‍ ഐസ് ഹോക്കി ഫെഡറേഷന്‍ അനുശോചിച്ചു.   

Latest News