Sorry, you need to enable JavaScript to visit this website.

ലോക മീറ്റ് 2022 ജൂലൈയില്‍, ഒളിംപിക് ക്വാളിഫയര്‍ നീട്ടി

പാരിസ് - അവശേഷിച്ച ഒളിംപിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകള്‍ ഡിസംബര്‍ വരെ നീട്ടിവെക്കാനും ലോക ചാമ്പ്യന്‍ഷിപ് 2022 ജൂലൈ 15 മുതല്‍ 24 വരെ നടത്താനും വേള്‍ഡ് അത്‌ലറ്റിക്‌സ് തീരുമാനിച്ചു. അടുത്ത വര്‍ഷം ഓഗസ്റ്റ് ആറ് മുതല്‍ 15 വരെയാണ് അമേരിക്കയിലെ ഓറിഗണില്‍ ലോക മീറ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതോടെ ലോക ചാമ്പ്യന്‍ഷിപ്പ് 2022 ലേക്ക് മാറ്റുകയായിരുന്നു. ലോക മീറ്റ് കഴിഞ്ഞ് മൂന്നു ദിവസത്തിനകം കോമണ്‍വല്‍ത്ത് ഗെയിംസ് ബ്രിട്ടനിലെ ബേമിംഗ്ഹാമില്‍ തുടങ്ങും. അതിനു പിന്നാലെ ഓഗസ്റ്റ് 11 ന് മ്യൂണിക്കില്‍ യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവും. 
ഇതിനകം യോഗ്യത നേടിയവരെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അവര്‍ക്ക് അടുത്ത വര്‍ഷത്തെ ഒളിംപിക്‌സിലും ബെര്‍ത്തുറപ്പാണെന്നാണ് ഐ.ഒ.സിയും വേള്‍ഡ് അത്‌ലറ്റിക്‌സും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ ഫെഡറേഷനുകളാണ്. അടുത്ത വര്‍ഷം മികച്ച ഫോമിലുള്ളവരെ ഒളിംപിക്‌സിനയച്ച് മെഡല്‍ ഉറപ്പാക്കാനാണ് ദേശീയ ഫെഡറേഷനുകള്‍ക്ക് താല്‍പര്യം. ഇക്കാര്യത്തില്‍ സന്തുലിതത്വം വേണമെന്ന് ഐ.ഒ.സി നിര്‍ദേശിച്ചു. 
 

Latest News