Sorry, you need to enable JavaScript to visit this website.

കൊറോണ കൊണ്ടുപോവുമോ ഈ കളി ശീലങ്ങള്‍?

പാരിസ് - കളികളില്‍ കണ്ടു തഴമ്പിച്ച ഒരുപാട് ശീലങ്ങള്‍ കൊറോണ കൊണ്ടുപോവുമോ? സാധ്യതയേറെയാണ്. പന്തില്‍ തുപ്പി ക്രിക്കറ്റ് ബോളിന്റെ ഒരു വശം മിനുസമാക്കി സൂക്ഷിക്കുന്ന രീതി, ടെന്നിസില്‍ വിയര്‍പ്പ് നനഞ്ഞ തൂവാലകള്‍ ബോള്‍ കിഡ്‌സിന് എറിഞ്ഞു കൊടുക്കുന്ന പതിവ്, ഫുട്‌ബോളില്‍ കിക്കോഫിന് മുമ്പുള്ള ഹസ്തദാനം, ക്രിക്കറ്റിലെയും എന്‍.ബി.എയിലെയും ഹൈഫൈവുകള്‍... ഇനി നാം ഭയപ്പാടോടെ കാണുന്ന ശീലങ്ങളായി മാറും ഇവയൊക്കെ.
കാണുന്നവര്‍ക്ക് അറപ്പ് തോന്നുമെങ്കിലും പന്തില്‍ തുപ്പുകയെന്നത് ക്രിക്കറ്റ് ചരിത്രത്തിലുടനീളം പെയസ്ബൗളര്‍മാരുടെ അവകാശമാണ്. ഒരു വശം മിനുസമാക്കി സൂക്ഷിച്ചാണ ബൗളര്‍മാര്‍ പന്ത് സ്വിംഗ് ചെയ്യിക്കുന്നത്. ഇത് സാധ്യമായില്ലെങ്കില്‍ പെയ്‌സ്ബൗളറെന്ന നിലയില്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ് പറയുന്നു. 
വിയര്‍പ്പും കണ്ണീരും ചിലപ്പോഴെങ്കിലും ചോരയും നനഞ്ഞതായിരിക്കും ടെന്നിസ് കളിക്കാര്‍ ഉപയോഗിക്കുന്ന തൂവാലകള്‍. ബോള്‍ ബോയ്‌സിനും ബോള്‍ ഗേള്‍സിനും നേരെ തൂവാലകള്‍ വലിച്ചെറിയുന്നത് ടെന്നിസിലെ പതിവ് കാഴ്ചയാണ്. കാണികള്‍ക്ക് അത് അരോചകമായി തോന്നുമെങ്കിലും. കൊറോണ പടരുന്നതിന് മുമ്പ് തന്നെ ഇത് വലിയ പരാതിയുയര്‍ത്തിയിരുന്നു. 2018 ല്‍ ചില ടൂര്‍ണമെന്റുകള്‍ കോര്‍ടിന്റെ വശങ്ങളില്‍ തൂവാല റാക്ക് സ്ഥാപിച്ച് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കളിക്കാര്‍ക്ക് ആവശ്യമുള്ള ഘട്ടത്തില്‍ തൂവാല കൊടുക്കാനും സ്വീകരിക്കാനും ബോള്‍ കിഡ്‌സ് തന്നെയായിരുന്നു എളുപ്പം. കൊറോണ ലോക്ഡൗണിന് തൊട്ടുമുമ്പ് നടന്ന ജപ്പാന്‍-ഇക്വഡോര്‍ ഡേവിസ് കപ്പ് മത്സരത്തില്‍ ബോള്‍ ബോയ്‌സും ഗേള്‍സും ഗ്ലൗ ധരിച്ചാണ് സേവനമനുഷ്ഠിച്ചത്. കളിക്കിടയില്‍ തൂവാലകളെക്കുറിച്ച് കൂടി ചിന്തിക്കേണ്ടി വരുന്നത് തലവേദന വര്‍ധിപ്പിക്കുമെന്നും ബോള്‍ കിഡ്‌സ് അവ എത്തിച്ചുതരുന്നതാണ് ഉചിതമെന്നും ഗ്രീസിന്റെ യുവ താരം സ്റ്റെഫനോസ് സിറ്റ്‌സിപാസ് പറയുന്നത്. 
ലോക്ഡൗണിന് തൊട്ടുമുമ്പ് നടന്ന ഫുട്‌ബോള്‍ മത്സരങ്ങളില്‍ കിക്കോഫിന് മുമ്പുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. ഭാഗ്യമുദ്രകള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്ന രീതി ലിവര്‍പൂള്‍ ഉപേക്ഷേചിച്ചു. കളിക്കാര്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതും ഒപ്പം സെല്‍ഫിയെടുക്കുന്നതും പല ക്ലബ്ബുകളും വിലക്കി. ഹൈ ഫൈവിനു പകരം മുഷ്ടി ചുരുട്ടി പരസ്പരമിടിക്കുന്ന ആഘോഷം പരീക്ഷിക്കാന്‍ കളിക്കാരോട് എന്‍.ബി.എ നിര്‍ദേശിച്ചു. ഇനി ഒരിക്കലും ആരുമായും ഹൈ ഫൈവിന് ഇല്ലെന്നാണ് ലെബ്രോണ്‍ ജെയിംസ് പറഞ്ഞത്. 
ബാസ്‌കറ്റ്‌ബോള്‍ കളിക്കാര്‍ ടി ഷര്‍ട്ടുകളും ബോളുകളും ഓട്ടോഗ്രാഫ് ചെയ്യാനുള്ള അഭ്യര്‍ഥന മാനിക്കരുതെന്നാണ് നിര്‍ദേശം. കളികള്‍ക്കിടയില്‍ വിയര്‍ത്തൊലിക്കുമെന്നും ഹസ്തദാനം നിരോധിക്കുന്നതു കൊണ്ട് അതിനാല്‍ വലിയ കാര്യമില്ലെന്നും അമേരിക്കന്‍ വനിതാ ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍ മെഗാന്‍ റപീനൊ കരുതുന്നു. 

Latest News