Sorry, you need to enable JavaScript to visit this website.

ഉപദേശം, പിന്നീട് കര്‍ഫ്യൂ ലംഘനം; സിറ്റി താരം പുലിവാല് പിടിക്കും

ലണ്ടന്‍ - കൊറോണ തടയാന്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷനല്‍ ഡിഫന്റര്‍ കയ്ല്‍ വാക്കര്‍ക്കെതിരെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അച്ചടക്ക നടപടി സ്വീകരിക്കും. ടാബ്ലോയ്ഡ് പത്രമായ ദ സണ്‍ ആണ് ചിത്രങ്ങള്‍ സഹിതം വാക്കറുടെ ആഘോഷ പരിപാടി പുറത്തുവിട്ടത്. 
ചെഷയറിലെ വീട്ടില്‍ നടന്ന ആഘോഷത്തിലേക്ക് ഇരുപത്തൊമ്പതുകാരന്‍ രണ്ട് കോള്‍ ഗേളുകളെയും ക്ഷണിച്ചിരുന്നു. ആഘോഷം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെ ട്വിറ്ററില്‍ ആരാധകരോട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. 
സംഭവം വിവാദമായതോടെ വാക്കര്‍ പരസ്യമായി മാപ്പ് പറഞ്ഞു. കുടുംബത്തോടും സുഹൃത്തുക്കളോടും ക്ലബ്ബിനോടും ആരാധകരോടും പൊതുജനങ്ങളോടും വഞ്ചനയാണ് താന്‍ കാട്ടിയതെന്ന് തുറന്നു സമ്മതിച്ചു. വാക്കര്‍ അ്ച്ചടക്കലംഘനം കാട്ടിയ വിവരം മാധ്യമങ്ങൡലൂടെ അറിഞ്ഞുവെന്ന് സിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഫുട്‌ബോളര്‍മാര്‍ ആഗോള മാതൃകകളാണ്. കൊറോണക്കെതിരെ പടപൊരുതുന്ന ആരോഗ്യ മേഖലയിലെയും മറ്റും ജീവനക്കാരെ കഴിയുന്ന എല്ലാ വിധത്തിലും സഹായിക്കുന്ന നടപടിയാണ് സിറ്റി കളിക്കാരും സ്റ്റാഫും സ്വീകരിച്ചുവന്നത്. ഈ ശ്രമങ്ങളെയെല്ലാം തുരങ്കം വെക്കുന്നതാണ് കയ്‌ലിന്റെ നടപടി. ഇതില്‍ വലിയ നിരാശയുണ്ട്. വൈകാതെ ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കും -ക്ലബ് അറിയിച്ചു. 
വാക്കര്‍ 48 തവണ ഇംഗ്ലണ്ടിനു കളിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ചട്ടം ലംഘിക്കുന്ന രണ്ടാമത്തെ പ്രമുഖ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കളിക്കാരനാണ് ഡിഫന്റര്‍. ആസ്റ്റണ്‍വില്ല ക്യാപ്റ്റന്‍ ജാക്ക് ഗ്രെയ്‌ലിഷാണ് ആദ്യം കുടുങ്ങിയത്. ആരാധകരോട് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കുന്ന വീഡിയൊ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഉടനെ ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഗ്രെയ്‌ലിഷ്. 

Latest News