Sorry, you need to enable JavaScript to visit this website.

വിവാഹം മാറ്റിവെച്ച് കൊറോണ രോഗികളെ ചികിത്സിച്ച് ഡോ. ഷിഫ മുഹമ്മദ്

കണ്ണൂർ - സംസ്ഥാനത്തും കൊറോണ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനിടെ, കാത്തിരുന്ന വിവാഹ ചടങ്ങ് മാറ്റിവെച്ച് രോഗബാധിതരെ ശുശ്രൂഷിക്കുന്നതിൽ മുഴുകുന്ന യുവ ഡോക്ടർക്ക് സമൂഹ മാധ്യമങ്ങളിലൂടെ അനുമോദനവും ആദരവും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ. ഷിഫ മുഹമ്മദാണ് ആതുര സേവന രംഗത്ത് മാതൃകയായത്.   വിവാഹം പിന്നെയും നടത്താം. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ജീവന് വേണ്ടി പൊരുതുന്ന രോഗികളുടെ കാര്യം അതല്ലല്ലോ? -ഷിഫ പറയുന്നു. 
കണ്ണൂർ സ്വദേശിനിയായ ഈ യുവ ഡോക്ടർ, ഏറെ കാത്തിരുന്ന വിവാഹ ചടങ്ങ് മാറ്റിവെച്ച്, രോഗികൾക്കിടയിലാണിപ്പോൾ. ഏറെ റിസ്‌കുള്ള ജോലി കൂടിയാണിത്. രോഗികളെ പരിചരിച്ചവരിൽ ചിലർക്ക് രോഗബാധയുണ്ടായിയെന്ന് സംസ്ഥാനത്തിൽ നിന്നു തന്നെ റിപ്പോർട്ടുണ്ടായ സാഹചര്യത്തിൽ. കഴിഞ്ഞ ദിവസമായിരുന്നു ഷിഫയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. മറ്റ് ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നുവെങ്കിലും, ഈ മഹാമാരിയുടെ കാലത്ത് തന്റെ സേവനം ഏറ്റവുമധികം ആവശ്യമാണെന്ന് മനസിലാക്കി ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കി വിവാഹം മാറ്റിവെപ്പിക്കുകയായിരുന്നു.
വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഹ്ലാദത്തിൽ കഴിയേണ്ട സമയത്ത്, ഗൗണും മാസ്‌കും, ഗ്ലൗസും അടക്കമുള്ള സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ആശങ്കയും അസ്വസ്ഥതകളും വേദനകളും നിറയുന്ന ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ സാന്ത്വനത്തിന്റെ സന്ദേശവുമായി ജാഗരൂകയായി കർമ്മമനുഷ്ഠിക്കുകയാണ് ഈ യുവതി.  കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗികളുള്ളത് പരിയാരം മെഡിക്കൽ കോളേജിലാണ്. 39 പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്.
 

Latest News