Sorry, you need to enable JavaScript to visit this website.

കൊറോണ പ്രത്യാഘാതം: സൗദി,യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളെ കൂടുതൽ ബാധിക്കുമെന്ന് പഠനം

റിയാദ്- കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ അറബ് ലോകത്ത് ഏറ്റവുമധികം ബാധിക്കുക സൗദി അറേബ്യയെയും ഈജിപ്തിനെയും യു.എ.ഇയെയും ആയിരിക്കുമെന്ന് അറബ് സെന്റർ ഫോർ ടൂറിസ്റ്റ് മീഡിയ പഠനം പറയുന്നു. അറബ് ലോകത്ത് വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മുമ്പൊരിക്കലും ദൃശ്യമാകാത്ത നിലക്ക് വരുമാനം ഇടിയും. യു.എ.ഇ, ഈജിപ്ത്, മൊറോക്കൊ, ലെബനോൻ, തുനീഷ്യ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ പോലെ വിനോദ സഞ്ചാര വ്യവസായത്തെ പ്രധാന വരുമാന മാർഗമായി കാണുന്ന അറബ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 50 ശതമാനം വരെ കൂപ്പുകുത്തുന്നതിന് കൊറോണ വ്യാപനം ഇടയാക്കിയേക്കും. 


നിരവധി അറബ് രാജ്യങ്ങളെ സംബന്ധിച്ചേടത്തോളം ടൂറിസവും വ്യോമയാന വ്യവസായ മേഖലയുമാണ് ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗമെന്ന് സെന്റർ ചെയർമാൻ ഹുസൈൻ അൽമന്നാഇ പറഞ്ഞു. കൊറോണ വ്യാപനം ഏറ്റവുമധികം ബാധിക്കുന്നതും ഈ മേഖലകളെയാണ്. വ്യോമയാന മേഖലയെ അപേക്ഷിച്ച് ടൂറിസം മേഖലക്കാണ് ഏറ്റവും വലിയ നഷ്ടം. വ്യോമയാന മേഖലയിൽ കാർഗോ സർവീസുകളും ചില യാത്രാ സർവീസുകളും ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മൂലം വിദഗ്ധരും പരിചയസമ്പന്നരുമായ തൊഴിലാളികളെ കൈയൊഴിയുന്നത് ഭാവിയിൽ വലിയ തിരിച്ചടിയായി മാറും. നിലവിലെ പ്രതിസന്ധി അവസാനിക്കുന്ന പക്ഷം ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഈ തൊഴിലാളികൾ പ്രധാനമായിരിക്കുമെന്നും ഹുസൈൻ അൽമന്നാഇ പറഞ്ഞു. 
ഈ വർഷം ആഗോള തലത്തിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഇക്കണോമിക് കൗൺസിൽ അംഗവും ഫ്രാങ്ക്ഫർട്ട് യൂനിവേഴ്‌സിറ്റി ടൂറിസം ഇക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. സഈദ് അൽബതൂതി പറഞ്ഞു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കൊറോണ വ്യാപനം എത്ര കാലത്തിനുള്ളിൽ അവസാനിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആഗോള തലത്തിൽ ടൂറിസം മേഖലാ വരുമാനത്തിൽ 30,000 കോടി ഡോളർ മുതൽ 45,000 കോടി ഡോളറിന്റെ വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപൗരസ്ത്യ മേഖലയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ടൂറിസം മേഖലാ വരുമാനത്തിലും 50 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. സഈദ് അൽബതൂതി പറഞ്ഞു. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഉംറ നിലച്ചതിനാലും ടൂറിസം മേഖല നിശ്ചലമായതിനാലും സൗദിയിൽ ടൂറിസം മേഖലക്ക് ഇതിനകം 700 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായാണ് കണക്കാക്കുന്നത്. സൗദിയിൽ ടൂറിസം മേഖലയിൽ 17 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. യു.എ.ഇയിൽ നിരവധി ഹോട്ടലുകൾ പൂർണമായും അടച്ചിട്ടുണ്ട്. യു.എ.ഇയിൽ ടൂറിസം മേഖലയിൽ മൂന്നര ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരെ കുറച്ചിട്ടുണ്ട്. ദുബായ് എക്‌സ്‌പോ 2020 നീട്ടിവെച്ചിട്ടുമുണ്ട്. ഇതും ടൂറിസം മേഖലയെ ബാധിക്കും. രണ്ടു കോടി വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ദുബായ് എക്‌സ്‌പോയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖല യു.എ.ഇ ബജറ്റിലേക്ക് പ്രതിവർഷം 2,200 കോടിയിലേറെ ഡോളർ സംഭാവന ചെയ്യുന്നുണ്ട്. 
ഈജിപ്തിൽ 30 ലക്ഷം പേർ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈജിപ്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 15 മുതൽ 20 ശതമാനം വരെ ടൂറിസം മേഖലയിൽ നിന്നാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ടൂറിസം മേഖല പ്രതിവർഷം 1,250 കോടി ഡോളർ സംഭാവന ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 1.2 കോടിയിലേറെ വിദേശ ടൂറിസ്റ്റുകൾ ഈജിപ്ത് സന്ദർശിക്കുന്നു. ഈ വർഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 30 ശതമാനം വർധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനം ടൂറിസ്റ്റുകളുടെ എണ്ണം 50 ശതമാനത്തോളം കുറയാൻ ഇടയാക്കുമെന്നാണ് ഇപ്പോഴത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 


 

Latest News