Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് നാട്ടിലേക്ക് പോകാൻ കഴിയുന്നത് ആർക്കൊക്കെ; വിശദാംശങ്ങളറിയാം

റിയാദ്- സൗദി അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ നാട്ടിൽ പോകാൻ അനുമതി നൽകുന്നതിനുള്ള സേവനം തുടങ്ങുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനുഷിക പരിഗണന മുൻനിർത്തി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവരുടെ അപേക്ഷ സ്ഥാപനങ്ങൾ മന്ത്രാലയത്തിന് സമർപ്പിക്കണം. മന്ത്രാലയം ഇതിൽ അന്തിമ തീരുമാനമെടുക്കും.
നിലവിൽ സൗദി അറേബ്യയിൽ പ്രവർത്തന ലൈസൻസുള്ള സ്ഥാപനങ്ങളിലെ നിയമാനുസൃത തൊഴിലാളികൾക്ക് വേണ്ടി സ്ഥാപന പ്രതിനിധിയാണ് പോകാനുദ്ദേശിക്കുന്നവരുടെ വിവരങ്ങൾ ഒറ്റ ലിസ്റ്റായി മന്ത്രാലയ സൈറ്റ് വഴി അപേക്ഷ നൽകേണ്ടത്. പതിനാല് ദിവസത്തിൽ ഒരു അപേക്ഷ മാത്രമേ ഒരു സ്ഥാപനത്തിന് നൽകാനാവൂ. പാസ്‌പോർട്ടിലുള്ള പോലെ ഇംഗ്ലീഷിലാണ് അപേക്ഷകന്റെ പേര് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. ഫൈനൽ എക്‌സിറ്റ് അല്ലെങ്കിൽ റീ എൻട്രി, ബാധ്യതകളെല്ലാം കൊടുത്തുതീർക്കൽ, ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായി മെഡിക്കൽ സർട്ടിഫിക്കറ്റ്, യാത്രാതടസ്സമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യമന്ത്രാലയവുമായി സഹകരിക്കൽ, എയർലൈൻ ടിക്കറ്റ്, തൊഴിലാളിയെ എയർപോർട്ടിലെത്തിച്ച് യാത്രാനടപടികൾ പൂർത്തിയാക്കൽ എന്നീ കാര്യങ്ങൾ ചെയ്യുമെന്ന് അപേക്ഷയയക്കുന്നതിന് മുമ്പ് സ്ഥാപനം സമ്മതിക്കണം. ഇക്കാര്യങ്ങളിൽ എന്തെങ്കിലും കൃത്യവിലോപം നടന്നാൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അപേക്ഷ ലഭിച്ചാൽ അഞ്ചുദിവസത്തനികം മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് ലഭിക്കും. വിവിധ കമ്പനികളിൽ ഫൈനൽ എക്‌സിറ്റ് അടിച്ച് നിരവധി പേർ നാട്ടിൽ പോകാനായി കാത്തിരിക്കുന്നുണ്ടെന്നും കോവിഡ് കാരണം അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ മാനുഷിക പരിഗണ മാനിച്ചാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
 

Latest News