Sorry, you need to enable JavaScript to visit this website.

കളികള്‍ പൂര്‍ത്തിയാക്കാന്‍ മോര്‍ഗന്റെ പുതുമയുള്ള നിര്‍ദേശം

ലണ്ടന്‍ - കൊറോണ കാരണം മുടങ്ങിയ മത്സരങ്ങള്‍ രണ്ടു ടീമുകളെ ഒരേസമയം ഇറക്കി പൂര്‍ത്തിയാക്കാമെന്ന് ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍. ജീലൈയില്‍ ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം വെസ്റ്റിന്‍ഡീസിനെയോ പാക്കിസ്ഥാനെയോ മൂന്നു മത്സര ടെസ്റ്റ് പരമ്പരകളില്‍ നേരിടുന്ന അതേ സമയം തന്നെ മറ്റൊരു വേദിയില്‍ വൈറ്റ് ബോള്‍ ടീമിന് ഓസ്‌ട്രേലിയയുമായി ട്വന്റി20, ഏകദിന പരമ്പരകള്‍ കളിക്കാമെന്ന് മോര്‍ഗന്‍ നിര്‍ദേശിച്ചു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. 
ഈ അസാധാരണ സമയത്ത് അസാധാരണ സാധ്യതകള്‍ പരീക്ഷിക്കണമെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ലോക ക്രിക്കറ്റ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും മോര്‍ഗന്‍ ബുധനാഴ്ച നടന് കോണ്‍ഫറന്‍സ് കോളിനിടെ ചൂണ്ടിക്കാട്ടി. 
ഇംഗ്ലണ്ടിലെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും മെയ് 28 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ നാലിനാണ് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തുടങ്ങേണ്ടത്. കളികള്‍ പരമാവധി പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ ഭാഗത്തു നിന്ന് എല്ലാ സഹകരണവും മോര്‍ഗന്‍ ഉറപ്പു നല്‍കി. എന്നാല്‍ എപ്പോഴായിരിക്കും കളികള്‍ പുനരാരംഭിക്കുകയെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എത്ര മത്സരങ്ങള്‍ കളിക്കാനാവുമെന്നും ഉറപ്പില്ല -ക്യാപ്റ്റന്‍ പറഞ്ഞു. കൊറോണക്കാലത്ത് മുപ്പത്തിമൂന്നുകാരന്റെ ജീവിതത്തില്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. ഭാര്യ താര മൂന്നാഴ്ച മുമ്പ് ആണ്‍കുഞ്ഞ് ലിയോക്ക് ജന്മം നല്‍കി. അതിനാല്‍ ഒറ്റപ്പെടലിന്റെ ഈ കാലം ആഹ്ലാദകരമാണെന്ന് മോര്‍ഗന്‍ പറഞ്ഞു. 

Latest News