Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,000 കടന്നു 


മലപ്പുറം- കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12,000 കടന്നു. ജില്ലയിൽ ഇന്നലെ 474 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,099 ആയി. 105 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 89 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എട്ട്, തിരൂർ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേർ വീതവും ഐസൊലേഷൻ വാർഡുകളിലുണ്ട്. 11,971 പേർ വീടുകളിലും 23 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.  


ഇന്നലെ പരിശോധനാ ഫലങ്ങൾ ലഭ്യമായപ്പോൾ 11 പേർക്കു കൂടി കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളിൽ 457 പേർക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അിറയിച്ചു. 122 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ഡി.എം.ഒ വ്യക്തമാക്കി.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന ആരോഗ്യ ജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുതകർമ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ 5,213 വീടുകളിൽ ദ്രുതകർമ സംഘങ്ങൾ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള 1387 പേർക്ക് ഇന്നലെ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൗൺസലിംഗ് നൽകി.

Latest News