Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് 5527 പേർ നിരീക്ഷണത്തിൽ

കൊച്ചി- എറണാകുളം ജില്ലയിൽ ആശുപത്രികളിലും, വീടുകളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5527 ആയി. ഇന്നലെ പുതിയതായി 637 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഇതുവരെ വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 836 പേരെ കാലയളവ് പൂർത്തിയായതിനെ തുടർന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5502 ആണ്. ഇന്നലെ രണ്ടു പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 25 ആയി. 
നിലവിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ  ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ നാലു പേർ ബ്രിട്ടീഷ് പൗരന്മാരും, ഏഴു പേർ എറണാകുളം സ്വദേശികളും, രണ്ടു പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. രോഗബാധ സംശയിച്ച് പരിശോധനയക്കയച്ച 10 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 16 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 50 സാമ്പിളുകളുടെ കൂടി ഫലമാണ് ലഭിക്കാനുള്ളത്. 


ഇന്നലെ ജില്ലയിൽ 69 മെഡിക്കൽ സംഘങ്ങൾ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പരിശോധിച്ച് അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും, ആവശ്യമായ ബോധവൽക്കരണം നടത്തുകയും, പരിസര ശുചിത്വം സംബന്ധിച്ച നിർദേശങ്ങൾ നൽകുകയും ചെയ്തു. കോവിഡ് രോഗലക്ഷണങ്ങളുള്ള ആരെയും പരിശോധനയിൽ കണ്ടെത്തനായില്ല. സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്നലെ ഒ.പിയിലെത്തിയവരിൽനിന്നും 17 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്. മൂന്ന് പേരെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു. നിലവിൽ ജില്ലയിലെ രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 20 ആളുകൾ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കൺട്രോൾ റൂം  0484 2368802/ 2428077/ 0484 2424077.

Latest News