Sorry, you need to enable JavaScript to visit this website.

ചരക്കു വാഹനങ്ങളുടെ പാസ് വിതരണത്തിൽ ഇളവുകൾ 

മലപ്പുറം- കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റുകൾ കടക്കുന്നതിന് റവന്യു, ആർ.ടി.ഒ, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി അനുവദിക്കുന്ന പാസിന്റെ കാലാവധി 14 ദിവസമാക്കി വർദ്ധിപ്പിച്ചതായി ജില്ലാ കലക്ടർ ജാഫർ മലിക്. നേരത്തെ ഏഴ് ദിവസമായിരുന്ന കാലാവധിയിൽ വ്യാപാരി പ്രതിനിധികൾ, ലോറി ഉടമകൾ എന്നിവരുമായി കലക്ട്രേറ്റിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇളവ് വരുത്തിയത്. അതേ സമയം സംസ്ഥാനത്തിനകത്ത് ചരക്ക് വാഹനങ്ങൾക്ക് ഈ പാസിന്റെ ആവശ്യമില്ല, പകരം നിശ്ചിത മാതൃകയിൽ സത്യവാങ്മൂലം എഴുതി നൽകുകയോ ഓൺലൈനായി സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
ഇതര സംസ്ഥാനങ്ങളിൽ പോയി മടങ്ങി വരുന്ന ഡ്രൈവറും സഹായിയും 14 ദിവസം നീരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശത്തിനും കലക്ടർ ഇളവ് നൽകിയിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചാൽ വീണ്ടും യാത്രാനുമതി നൽകാനാണ് തീരുമാനം. ജില്ലയിൽ പച്ചക്കറി ഉൾപ്പെടെ അവശ്യ ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത സംബന്ധിച്ച് കലക്ടർ വ്യാപാരികളുമായി ആശയ വിനിമയം നടത്തി. നിലവിൽ ശേഖരത്തിലുള്ളവ എത്ര ദിവസത്തേക്ക് ഉണ്ടാകുമെന്നും കൂടുതൽ വിഭവങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ചും കലക്ടർ വ്യാപാരികളുമായി ധാരണയിലെത്തി. യോഗത്തിൽ എ.ഡി.എം എൻ.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
 

Latest News