Sorry, you need to enable JavaScript to visit this website.

സഹോദരിമാരുടെ വേറിട്ട കലാവിരുത്; വരുമാനം കൊറോണ നിധിയിലേക്ക് 

വിസ്മയ കാഴ്ചകൾ തീർക്കുന്ന സഹോദരിമാർ. 

നാദാപുരം - ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് വെറുതെ സമയം കളയുകയല്ല ഈ സഹോദരിമാർ. അപ്രതീക്ഷിതമായെത്തിയ അവധി കാലം ഏവരേയും വിസ്മയപ്പെടുത്തുന്ന കലാവിരുതുകൾ തീർക്കാൻ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്മിയും അരുന്ധതിയും. വാണിമേൽ പരപ്പുപാറയിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമയുടെ മക്കളായ ഇവരുടെ വീട്ടിനകത്ത് നിറയെ വിസ്മയപ്പെടുത്തുന്ന ചിത്രപ്പണികൾ തീർത്ത കുപ്പികൾ. ചിത്രകലയിലും ക്രാഫ്റ്റിലും ഏറെ തൽപ്പരരായ ഇരുവരും കൊറോണ വൈറസ് വ്യാപനം തടയാൻ കോളേജ് അടച്ചപ്പോഴാണ് കുപ്പികളിൽ ചിത്രപ്പണികൾ ചെയ്യാൻ തയ്യാറായത്. നിർമ്മാണത്തിനായി നിരവധി കുപ്പികൾ ശേഖരിക്കുകയായിരുന്നു ആദ്യം ചെയ്തത്. എല്ലാം കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ശേഷം കലയുടെ ചെപ്പു തുറന്നു. ഗ്ലാസ് പെയിന്റും,ഫാബ്രിക് കളറും ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങൾക്ക് ഒട്ടേറെ പേർ വന്നു തുടങ്ങി. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇട്ടതോടെയാണ് ജനം ഇതേക്കുറിച്ചറിഞ്ഞത്. വീടുകൾ അലങ്കരിക്കുന്നതിനും കച്ചവട സ്ഥാപങ്ങളിലെ ഷോക്കേസിൽ വെക്കാനും ചിത്രങ്ങൾ തീർത്ത കുപ്പികൾക്ക് നിരവധി ഓർഡുകളെത്തിക്കഴിഞ്ഞു. പുഴയിൽ നിന്ന് ലഭിക്കുന്ന ഉരുളൻ കല്ലുകളിലും ഇവർ ചിത്രങ്ങൾ വരയ്ക്കുന്നു. ഇവ വിറ്റുകിട്ടുന്ന വരുമാനം കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് സഹോദരിമാരുടെ തീരുമാനം. 
ഈ വേറിട്ട കലാ സേവനത്തിന് മാതാപിതാക്കളിൽനിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇവരുടെ അമ്മ രൂപ വാണിമേൽ സഹകരണ ബാങ്കിൽ അക്കൗണ്ടന്റാണ്. രണ്ടാം വർഷ ബി.എസ്‌സി ബിരുദ വിദ്യാർത്ഥിനിയാണ് എസ്.ആർ. ലക്ഷ്മി. വെള്ളിയാട് ഗവ. എച്ച്.എസ്.എസിലെ ആറാം തരം വിദ്യാർത്ഥിനിയാണ് അരുന്ധതി. 

Latest News