Sorry, you need to enable JavaScript to visit this website.

വീണ്ടും വസന്തകാല ഒളിംപിക്‌സ്?

ടോക്കിയൊ - ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചത് ടോക്കിയോക്ക് ഉര്‍വശീ ശാപം പോലെയാവുമോ? ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഗെയിംസ് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഈ മാസങ്ങള്‍ ടോക്കിയോയില്‍ കൊടും ചൂടാണ്. 2021 ല്‍ നേരത്തെ ഒളിംപിക്‌സ് നടത്തുന്നത് പരിഗണനയിലുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ടോക്കിയോയില്‍ കാലാവസ്ഥ ഏറ്റവും സുന്ദരമായ കാലത്ത് ഗെയിംസ് നടത്തിയാല്‍ അത് കാണികള്‍ക്കും കളിക്കാര്‍ക്കും വലിയ അനുഗ്രഹമാവും. ടോക്കിയോയില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കൊടുംചൂട് പരിഗണിച്ചാണ് മാരത്തണ്‍ മത്സരങ്ങള്‍ സൊപ്പോറോയിലേക്ക് മാറ്റിയിരുന്നത്. 
വസന്ത കാലത്ത് ഒളിംപിക്‌സ് നടത്തുന്നതിനുള്ള പ്രധാന പ്രതിബന്ധം യൂറോപ്യന്‍ ഫുട്‌ബോള്‍ അപ്പോള്‍ അവസാന ഘട്ടത്തിലായിരിക്കുമെന്നതാണ്. എന്‍.ബി.എ പ്ലേഓഫും നടക്കുന്നുണ്ടാവും. 
അതേസമയം ടോക്കിയോയിലെ ചൂട് നേരിടാന്‍ ടോക്കിയൊ 2020 സംഘാടകര്‍ ഇതിനകം വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ചൂട് ആഗിരണം ചെയ്യുന്ന റോഡ് പെയ്ന്റ്, വാട്ടര്‍ സ്പ്രിങ്കളറുകള്‍ മുതല്‍ താല്‍ക്കാലിക മഞ്ഞുവീഴ്ച വരെ ഒരുക്കിയിട്ടുണ്ട്. ഒളിംപിക്‌സ് നേരത്തെ നടത്തിയാല്‍ ഈ ചെലവുകളൊക്കെ ഒഴിവാക്കാം. 
1964 ലാണ് ടോക്കിയോയില്‍ ഇതിനു മുമ്പ് ഒളിംപിക്‌സ് അരങ്ങേറിയത്, അന്നത് ഒക്ടോബറിലായിരുന്നു. 1968 ലെ മെക്‌സിക്കൊ സിറ്റി ഒളിംപിക്‌സും ആ മാസമായിരുന്നു. 1896 (ആതന്‍സ്), 1900 (പാരിസ്), 1908 (ലണ്ടന്‍), 1912 (സ്റ്റോക്ക്‌ഹോം) ഒളിംപിക്‌സുകള്‍ വസന്ത കാലത്തായിരുന്നു. 

Latest News