Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് നീട്ടല്‍: ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍

ടോക്കിയൊ - ഒരു വര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടിവെച്ച ശേഷം അതിന്റെ നൂലാമാലകള്‍ പരിഹരിക്കുന്ന തലവേദനയിലാണ് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി. 11,000 ഒളിംപിക് അത്‌ലറ്റുകള്‍, 4400 പാരാലിംപിക് അത്‌ലറ്റുകള്‍, 206 ദേശീയ ഒളിംപിക് കമ്മിറ്റികള്‍, ഡസന്‍ കണക്കിന് കായിക ഫെഡറേഷനുകള്‍, ആയിരക്കണക്കിന് കരാറുകള്‍, കോടിക്കണക്കിന് ഡോളര്‍, 33 ഒളിംപിക്‌സ് സ്‌പോര്‍ട്‌സുകള്‍, 43 വേദികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറു കണക്കിന് യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകള്‍, അത്‌ലറ്റ് ഗ്രാമത്തിലെ അയ്യായിരത്തോളം അപാര്‍ട്‌മെന്റുകള്‍... ഇവയൊക്കെ ബാധിക്കുന്നതാണ് തലവേദനയുടെ ആഴം. 
നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് മറ്റു പ്രശ്‌നങ്ങള്‍ വേറെയുണ്ട് -ഫ്‌ളൈറ്റ് റിസര്‍വേഷന്‍, ഹോട്ടല്‍ ബുക്കിംഗ്, 80,000 വളണ്ടിയര്‍മാര്‍. ഇവയൊന്നുമില്ലാതെ ഒളിംപിക്‌സ് നടത്താനാവില്ല. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയാണ്:
ചോ: 2021 ല്‍ എപ്പോള്‍ നടത്തും?
ഉ: ഇതിന് ഉത്തരം കണ്ടെത്തുന്നതിനാണ് മുന്‍ഗണന. തിയ്യതി നിശ്ചയിച്ചിട്ടു വേണം ഐ.ഒ.സിക്കും ജപ്പാനിലെ സംഘാടകര്‍ക്കും മാറ്റം ആസൂത്രണം ചെയ്യാന്‍, അത്‌ലറ്റുകള്‍ക്ക് പരിശീലന ഷെഡ്യൂള്‍ തയാറാക്കാന്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങള്‍ക്കു തന്നെയാവും പ്രഥമ പരിഗണന. ഈ മാസങ്ങളില്‍ ടോക്കിയോയില്‍ കൊടുംചൂടായിരിക്കുമെന്നതിനാല്‍ മാരത്തണ്‍ സപ്പോറോയിലേക്ക് മാറ്റിയിരുന്നു. അടുത്ത വര്‍ഷവും സപ്പോറോയില്‍ തന്നെ മാരത്തണ്‍ നടക്കുമെന്നാണ് സൂചന. മാര്‍ച്ചിനും ജൂണിനുമിടയില്‍ ഒളിംപിക്‌സ് നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. എന്നാല്‍ അമേരിക്കന്‍ സ്‌പോര്‍ട്‌സിന്റെയും യൂറോപ്യന്‍ സോക്കറിന്റെയും പ്രധാന സമയമായിരിക്കും അത്.
ചോ: ടിക്കറ്റെടുത്തവരുടെ കാര്യം എന്താവും?
ഉ: 78 ലക്ഷം ടിക്കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ജപ്പാനില്‍ ലഭ്യതയുടെ പത്തിരട്ടിയാണ് ഡിമാന്റ്. അനിയന്ത്രിതമായ സാഹചര്യത്തില്‍ ഒളിംപിക്‌സ് മാറ്റിയാല്‍ ടിക്കറ്റ് തുക തിരിച്ചുനല്‍കേണ്ടതില്ലെന്ന് നിബനധനയുണ്ട്. എന്നാല്‍ ടിക്കറ്റെടുത്തവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. 
ചോ; നീട്ടിവെക്കാനുള്ള ചെലവ് എത്ര?
ഉ: 200-300 കോടി ഡോളര്‍. ഐ.ഒ.സിക്ക് അനുകൂലമാണ് കരാര്‍. ഈ ചെലവ് ജപ്പാനിലെ നികുതിദായകരുടെ തലയിലായിരിക്കും. ജപ്പാന്‍ സര്‍ക്കാരും ടോക്കിയൊ 2020 സംഘാടകരും ഇതുവരെ രണ്ടായിരം കോടിയിലേറെ ഡോളര്‍ ചെലവിട്ടു കഴിഞ്ഞു. 2013 ല്‍ ടോക്കിയൊ വേദി നേടിയെടുത്ത കാലത്ത് ചെലവ് കണക്കാക്കിയത് 730 കോടി ഡോളറാണ്. ഐ.ഒ.സി നല്‍കിയത് 130 കോടി ഡോളര്‍ മാത്രമാണ്. നാലു വര്‍ഷത്തെ ഒളിംപിക് സൈക്കിളില്‍ ഐ.ഒ.സിക്ക് കിട്ടുന്നത് 570 കോടി ഡോളറാണ്. 
ചോ: ദീപശിഖ എവിടെ സൂക്ഷിക്കും?
ഉ: വടക്കുകിഴക്കന്‍ ജപ്പാനിലെ ഫുകുഷിമയിലാണ് ദീപശിഖ ചെറിയ തൂക്കുവിളക്കിലടച്ച് സൂക്ഷിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളം അവിടെത്തന്നെ സൂക്ഷിച്ച് ജപ്പാനിലെ ഒളിംപിക്‌സ് ആവേശം നിലനിര്‍ത്താന്‍ ഉപയോഗിച്ചേക്കാം. ടോക്കിയോയിലേക്ക് മാറ്റി പ്രചാരണത്തിന് ഉപയോഗിക്കാനും സാധ്യതയുണ്ട്. കൊറോണ വൈറസിനെതിരായ മനുഷ്യന്റെ വിജയത്തിന്റെ പ്രതീകമാക്കി ഒളിംപിക് ദീപത്തെ ഉപയോഗിക്കാനാണ് പദ്ധതി. 
ചോ:  ഭാഗ്യമുദ്രകള്‍ക്ക് എന്തു സംഭവിക്കും?
ഉ: ഒളിംപിക്‌സ് 2021 ലാണെങ്കിലും പേര് ടോക്കിയൊ 2020 എന്നു തന്നെയായിരിക്കും. അതിനാല്‍ ഭാഗ്യമുദ്രകളുള്‍പ്പെടെ വില്‍പനസാമഗ്രികള്‍ മാറ്റേണ്ടതില്ല. പേര് മാറ്റിയാല്‍ പരസ്യത്തിനും വില്‍പന സാമഗ്രികള്‍ മാറ്റുന്നതിനും കോടികള്‍ ചെലവിടേണ്ടി വന്നേനേ. പേര് മാറ്റിയിരുന്നുവെങ്കില്‍ ഈ സാമഗ്രികള്‍ എളുപ്പം വിറ്റുപോയേനേ, നടക്കാത്ത ഒളിംപിക്‌സിന്റെ സ്മാരകമായി.  
ചോ: അത്‌ലറ്റുകളുടെ ഗ്രാമത്തിന് എന്തു സംഭവിക്കും?
ഉ: 5632 അപാര്‍ട്‌മെന്റുകളാണ് ഗ്രാമത്തിലുള്ളത്. ഗെയിംസിനു ശേഷം വില്‍ക്കാന്‍ വെച്ചവയാണ് ഇവ. നാലിലൊന്നും വിറ്റു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വില്‍പന തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ട്. ഇവിടെത്തന്നെ ഒളിംപിക് ഗ്രാമം പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. 
ചോ: ഒളിംപിക്‌സ് നീട്ടിയത് ഐ.ഒ.സിയുടെ പ്രതിഛായയെ എങ്ങനെ ബാധിക്കും?
ഉ: ബ്രോഡ്കാസ്റ്റര്‍മാരുടെയും സ്‌പോണ്‍സര്‍മാരുടെയും തുക തടയപ്പെടാത്ത കാലത്തോളം ഐ.ഒ.സിക്ക് പ്രശ്‌നമില്ല. വരുമാനത്തിന്റെ 73 ശതമാനം സംപ്രേഷണാവകാശം വഴിയും 18 ശതമാനം സ്‌പോണ്‍സര്‍മാരില്‍ നിന്നുമാണ് ലഭിക്കുന്നത്. ഐ.ഒ.സി നിരവധി വിവാദങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. റിയൊ (2016), ടോക്കിയൊ (2020) ഒളിംപിക്‌സുകളുടെ വേദി നിര്‍ണയിച്ചതില്‍ വോട്ട് കച്ചവടം നടന്നതായി ആരോപണമുണ്ട്. രണ്ട് വേദിക്കു വേണ്ടിയും പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ തലവന്മാര്‍ക്ക് രാജി വെക്കേണ്ടി വന്നു. അതൊന്നും ഐ.ഒ.സിയെ ബാധിച്ചിട്ടില്ല. ഒളിംപിക്‌സ് നീട്ടിവെക്കാതിരിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ച തോമസ് ബാക്കിന്റെ ശാഠ്യവും ഐ.ഒ.സിയെ കാര്യമായി ബാധിക്കാനിടയില്ല. 
 

Latest News