Sorry, you need to enable JavaScript to visit this website.

'ബ്രേക് ദ ചെയിൻ' പ്രചാരണവുമായി സൗദിയിൽ പ്രവാസി മലയാളിയും

കൈകൾ വൃത്തിയാക്കുന്നതിന് ജിദ്ദ ഫൈസലിയയിലെ  താമസ കേന്ദ്രത്തിനു സമീപം സൗകര്യമൊരുക്കി ജമാൽ.

ജിദ്ദ- കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രചാരണ നടപടികളുടെ ഭാഗമായുള്ള 'ബ്രേക് ദ ചെയിൻ'  പ്രചാരണം സൗദി അറേബ്യയിൽ നടപ്പാക്കി പ്രവാസി മലയാളി. ആലുവ കുന്നുകര വയൽക്കര സ്വദേശി ജമാൽ ആണ് ഫൈസലിയയിലെ താമസ സ്ഥലത്തിനു മുന്നിൽ റോഡുവക്കിൽ കൈ കഴുകുന്നതിനുള്ള സൗകര്യമൊരുക്കി കാമ്പയിന്റെ ഭാഗമാവുകയും മാതൃകയാവുകയും ചെയ്തത്.
 മദീന റോഡിൽ കുബ്‌രി മുറബക്കു സമീപം ടൊയോട്ട ഷോറൂമിനു പുറകു വശത്തുള്ള താമസ കേന്ദ്രത്തിന്റെ കവാടത്തിനു മുന്നിൽ റോഡു വക്കിലാണ് പൊതുജനത്തിന് കൈകഴുകാൻ ജമാൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. 
കൂടെ താമസിക്കുന്ന കരുനാഗപ്പള്ളിക്കാരായ ഷാനവാസ്, റിയാസ് എന്നിവരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പുറത്തു പോയിവരുന്നവർ താമസിക്കുന്നിടത്തേക്കു കയറുന്നതിനു മുൻപായി കൈ കഴുകണമെന്ന് നിർദേശവുമായി ജമാൽ താമസ കേന്ദ്രത്തിന്റെ കോമ്പൗണ്ടിനകത്ത് ബക്കറ്റിൽ വെള്ളവും സോപ്പും വെച്ചിരുന്നു. 
അതിൽനിന്നുമാണ് വഴിയിലൂടെ പോകുന്നവർക്കും ഈ സൗകര്യം എന്തുകൊണ്ട് ഒരുക്കിക്കൂടെന്ന ആശയം ഉദിച്ചത്. 
അങ്ങനെയാണ് ഒരു ഡ്രമിൽ വെള്ളം നിറച്ച് സാനിറ്റൈസറും ഹാന്റ് വാഷും സമീപത്തുവെച്ച് വഴിയിലൂടെ പോകുന്നവർക്കും കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയത്. കൈ കഴുകുന്ന വെള്ളം വഴിയിൽ വീഴാതിരിക്കുന്നതിനുള്ള സൗകര്യവും ജമാലൊരുക്കിയിട്ടുണ്ട്. ഡ്രമിനു മീതെ ബ്രേക് ദ ചെയിൻ, കൈകൾ കഴുകൂ എന്നും, സൗദി അറേബ്യയെ ശക്തിപ്പെടുത്താൻ നമുക്ക് ഒരുമിച്ചു നിൽക്കാമെന്നും എഴുതിവെച്ചിട്ടുമുണ്ട്. ജമാലൊരുക്കിയ ഈ സൗകര്യം സ്വദേശികളും വിദേശികളുമായ ഒട്ടേറെ പേർ ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളിൽ ഇതു വഴി പോകുന്ന സ്വദേശികൾ ഇതു കണ്ട് ജമാലിനെ കൈ ഉയർത്തി കാണിച്ച് അഭിവാദ്യം ചെയ്തുമാണ് കടന്നുപേകുന്നത്. മദീന റോഡിലെ ലെമെറിഡിയൻ ഹോട്ടലിനു സമീപത്തെ ജിദ്ദ മാർക്കറ്റിലെ ഒരു സ്വർണക്കടയിലാണ് ജമാൽ ജോലി ചെയ്യുന്നത്. ഇപ്പോൾ കടകൾ അടച്ചിരിക്കുന്നതിനാൽ റൂമിൽ കഴിച്ചുകൂട്ടുന്ന ജമാലിന് ഇനി മാസ്‌കും ഗ്ലൗസും വിതരണം ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. അതിനുള്ള പദ്ധതികളും ജമാൽ ആവിഷ്‌കരിച്ചു വരികയാണ്. 
ജിദ്ദ ആലുവ കൂട്ടായ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ജമാൽ വയൽക്കര. 
ബോധവൽക്കരണ പ്രവർത്തനങ്ങളിലും കൊറോണ മൂലം ജിവിതം വഴിമുട്ടിയവരെ സഹായിക്കുന്നതിനും മലയാളി സംഘടനകളും വ്യക്തികളും സൗദിയുടെ പലഭാഗത്തും രംഗത്തുവന്നിട്ടുണ്ട്. ഇതിനിട രക്തദാനത്തിനു തയാറായും രംഗത്തു വന്ന സംഘടനകളുണ്ട്. 
സേവനതൽപരരായ മലയാളി സമൂഹം നിയന്ത്രണങ്ങൾക്കു നടുവിൽനിന്നും തങ്ങളെക്കൊണ്ടാവുന്ന സഹായങ്ങൾ ചെയ്യുന്നതും ബോധവൽക്കരണ നടപടികളിൽ പങ്കാളികളാവുന്നതും അഭിനന്ദനാർഹമാണ്.

Tags

Latest News