Sorry, you need to enable JavaScript to visit this website.

ആയിരക്കണക്കിന്  പ്രശ്‌നങ്ങളിലേക്ക് ഐ.ഒ.സി

ടോക്കിയൊ - ഒളിംപിക്‌സ് നീട്ടിവെക്കുകയെന്നത് ഭഗീരഥയത്‌നമാണ്. സാമ്പത്തികമായും സൗകര്യങ്ങള്‍ മാറ്റുന്നതുമായും ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രശ്‌നങ്ങളാണ് ഐ.ഒ.സി നേരിടുക. നീട്ടിവെച്ച ടോക്കിയൊ 2020 ഒളിംപിക്‌സ് അടുത്ത വര്‍ഷം നടത്തുന്ന കാര്യത്തില്‍ എല്ലാവരില്‍ നിന്നും വിട്ടുവീഴ്ച വേണമെന്ന് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാക്. നീട്ടിയ ഒളിംപിക്‌സിന്റെ ഒരു രൂപരേഖയും ഇപ്പോള്‍ കൈയിലില്ലെന്നും എന്നാല്‍ എല്ലാ സമസ്യകളും പൂരിപ്പിച്ച് മനോഹരമായ ഗെയിംസ് ലോകത്തിന് സമ്മാനിക്കുമെന്നും ബാക് ഉറപ്പു നല്‍കി.
ഗെയിംസ് നീട്ടിവെക്കേണ്ടി വന്നത് ഒളിംപിക്‌സിനായി 2000 കോടി ഡോളര്‍ ചെലവിട്ട ജപ്പാനും കൊറോണ പ്രതിസന്ധി മൂര്‍ധന്യത്തിലെത്തിയപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ച ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാക്കിനും കനത്ത പ്രഹരമായി.   
ഇതുവരെ ഒളിംപിക്‌സിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഐ.ഒ.സി കോഓഡിനേഷന്‍ കമ്മിറ്റിക്കാണ് പുതിയ തിയ്യതി നിശ്ചയിക്കേണ്ട ചുമതല. അടുത്ത വര്‍ഷത്തെ തിരക്കേറിയ സ്‌പോര്‍ട്‌സ് കലണ്ടറിനിടയില്‍ 16 ദിനങ്ങള്‍ ഒളിംപിക്‌സിനായി കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. 
ഈ വര്‍ഷം ഉദ്ദേശിച്ച അതേ രീതിയില്‍ തന്നെ അടുത്ത വര്‍ഷം ഒളിംപിക്‌സ് നടത്താന്‍ സാധിക്കണമെന്നില്ലെന്ന് ബാക് ഓര്‍മിപ്പിച്ചു. ഉദാഹരണത്തിന് അത്‌ലറ്റുകളുടെ ഗ്രാമം. ഗ്രാമത്തിലെ പല അപാര്‍ട്‌മെന്റുകളും ഗെയിംസ് കഴിഞ്ഞയുടനെ വില്‍ക്കേണ്ടതാണ്.   
ഒളിംപിക് ദൗത്യസംഘം ഉത്തരം കണ്ടെത്തേണ്ട ആയിരക്കണക്കിന് പ്രശ്‌നങ്ങളിലൊന്നാണ് ഇതെന്ന് ബാക് ചൂണ്ടിക്കാട്ടി. ഒളിംപിക് ഗ്രാമമാണ് ഗെയിംസിന്റെ ആത്മാവെന്നും മികച്ച ഒളിംപിക് ഗ്രാമമുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഐ.ഒ.സി അധ്യക്ഷന്‍ പറഞ്ഞു. 
ഔദ്യോഗിക കണക്കനുസരിച്ച് 1200 കോടി ഡോളറാണ് ഒളിംപിക്‌സിനായി ചെലവിട്ടത്. ഈ ചെലവ് ഇനിയുമൊരുപാട് ഉയരുമെന്ന് ബാക് മുന്നറിയിപ്പ് നല്‍കി. 

Latest News