Sorry, you need to enable JavaScript to visit this website.

ആ കളിയായിരുന്നു കുഴപ്പം -അറ്റാലന്റയുടെ സന്തോഷം ഇറ്റലിയുടെ ദുഃഖമായത് ഇങ്ങനെ

ബെര്‍ഗാമൊ (ഇറ്റലി) - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ അറ്റ്‌ലാന്റയും വലന്‍സിയയുമായുള്ള മത്സരം കൊറോണ വ്യാപിപ്പിക്കുന്നതിന് പ്രധാന കാരണമായതായി ഇറ്റലിയിലെ ബെര്‍ഗാമൊ നഗരത്തിന്റെ മേയര്‍. ഇറ്റലിയില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയത് ലൊംബാര്‍ഡി മേഖലയാണ്. അവിടെയാണ് ബെര്‍ഗാമൊ. ഏഴായിരത്തോളം പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. 
ബെര്‍ഗാമൊ നഗരത്തിന്റെ ഫുട്‌ബോള്‍ ടീമായ അറ്റ്‌ലാന്റക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി അവര്‍ നോക്കൗട്ടിലേക്ക് മുന്നേറി. പ്രാഥമിക റൗണ്ടില്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ വലന്‍സിയയെ അവര്‍ പ്രി ക്വാര്‍ട്ടറില്‍ തോല്‍പിക്കുകയും ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു.  ഫെബ്രുവരി 19 ന് മിലാനിലെ സാന്‍സിറൊ സ്റ്റേഡിയത്തില്‍ നടന്ന അറ്റ്‌ലാന്റ-വന്‍സിയ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 4-1 വിജയം ആരാധകര്‍ കെട്ടിപ്പിടിച്ചും മുത്തം നല്‍കിയുമൊക്കെയാണ് ആഘോഷിച്ചത്. കൊറോണ പടരുന്നതില്‍ ഇത് വലിയ പങ്കുവഹിച്ചു. ബെര്‍ഗാമോയില്‍ വലിയ സ്‌റ്റേഡിയങ്ങളില്ലാത്തതിനാലാണ് മിലാനില്‍ മത്സരം നടത്തിയത്. വലന്‍സിയ ടീമിലെ മൂന്നിലൊന്ന് കളിക്കാര്‍ക്കും സ്റ്റാഫിനും കൊറോണ ബാധിച്ചിരുന്നു. 
നഗരത്തിലെ വന്‍ കൊറോണ കേസുകളുടെ ദുഃഖകരമായ കാരണങ്ങളിലൊന്നായിരുന്നു ചാമ്പ്യന്‍സ് ലീഗ് മത്സരമെന്ന് മേയര്‍ ജോര്‍ജിയൊ ഗോറി പറഞ്ഞു. ബെര്‍ഗാമോയിലെ നാല്‍പതിനായിരത്തോളം പേര്‍ കളി കാണാന്‍ മിലാനിലെത്തിയിരുന്നു. മറ്റുള്ളവര്‍ വീട്ടിലും ബാറിലും മറ്റുമായി കൂട്ടംകൂടിയിരുന്ന് വീക്ഷിച്ചു. ആ സായാഹ്നത്തിലാണ് വൈറസ് വ്യാപിച്ചതെന്ന് ഉറപ്പാണ് -ഗോറി പറഞ്ഞു. 
ചാമ്പ്യന്‍സ് ലീഗ് മത്സരം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കൊറോണ കേസുകള്‍ കുത്തനെ ഉയര്‍ന്നു. യൂറോപ്പിലെ തന്നെ മഹാമാരിയുടെ പ്രഭവകേന്ദ്രമായി ബെര്‍ഗാമൊ മാറി. ലൊംബാര്‍ഡിയില്‍ 4178 പേര്‍ മരിച്ചു. ഇറ്റലിയിലെ മരണം ഏഴായിരത്തോളമായി. വീട്ടില്‍ മരിച്ച വൃദ്ധന്മാരുടെ കൂടി എണ്ണം കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ എത്രയോ അധികമായിരിക്കുമെന്ന് മേയര്‍ കരുതുന്നു.
മാര്‍ച്ച് 10 ന് വലന്‍സിയയിലെ രണ്ടാം പാദം കളിച്ച ഗോള്‍കീപ്പര്‍ മാര്‍ക്കൊ സ്‌പോര്‍ടിലോയാണ് കൊറോണ സ്ഥിരീകരിച്ച പ്രഥമ അറ്റ്‌ലാന്റ താരം.  

Latest News