Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിയുടെ പാക്കേജ്  അപര്യാപ്തം- മുല്ലപ്പള്ളി

തിരുവനന്തപുരം-പ്രധാനമന്ത്രി പ്രഖ്യാപിച്ച 15000 കോടിയുടെ പാക്കേജ് 130 കോടി ജനങ്ങളുള്ള ഇന്ത്യപോലുള്ള ഒരു മഹാരാജ്യത്ത് തുലോം നിസാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോർപ്പറേറ്റുകൾക്ക് രണ്ടു ദിവസം മുൻപ് ലക്ഷക്കണക്കിന് കോടിരൂപയുടെ ഇളവുകൾ പ്രഖ്യാപിച്ച ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതിസമ്പന്നൻമാരോടും സഹസ്ര കോടീശ്വരൻമാരോടും കോർപ്പറേറ്റ് മുതലാളിമാരോടും ആഭിമുഖ്യം കാണിക്കുമ്പോൾ അഷ്ടിക്ക് വകയില്ലാത്തവരെ വിസ്മരിക്കുന്നത് ക്രൂരതയാണ്.


പ്രധാനമന്ത്രി അടിയന്തരമായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ നടപടി സ്വീകരിക്കണം. മിക്ക സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് 19 നാശം വിതച്ച  ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രത്യാഘാതം തിരിച്ചറിഞ്ഞ് ഭീമമായ സഖ്യയാണ് ജനക്ഷേമം ഉറപ്പുവരുത്താനായി നീക്കിവെച്ചിട്ടുള്ളത്.രോഗവ്യാപനം തടയാൻ സ്വീകരിച്ച ലോക്ക് ഡൗൺ നടപടി ഒഴിച്ചുകൂടാൻ കഴിയാത്ത മുൻകരുതൽ തന്നെയാണ്. ജനമിത് തിരിച്ചറിയുകയും പൂർണ്ണമായും സഹകരിക്കുകയും ചെയ്യുന്നുമുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരേയും അർധ പട്ടിണിക്കാരെയും ഒരു പരിഷ്‌കൃത സർക്കാരിനും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു.
സാധാരണക്കാരും ചെറുകിടക്കാരുമായ കർഷകരാണ് കേരളത്തിൽ മഹാഭൂരിപക്ഷം. കടബാധ്യത കൊണ്ട് ജപ്തി നേരിടുന്നവരാണ് ഇടത്തരക്കാരും നാമമാത്ര കൃഷിക്കാരും. അവരോട് കരുണകാട്ടി ഒരു വർഷത്തേക്കെങ്കിലും ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ പൊതുമേഖല, സഹകരണ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം.


ലോക്ക് ഡൗണിന്റെ മറവിൽ അവശ്യവസ്തുകളുടെ വില ക്രമാതീതമായി വർധിക്കുകയാണ്. ചിലയിടങ്ങളിൽ പൂഴ്ത്തിവെപ്പും വ്യാപകമായിട്ടുണ്ട്. പച്ചക്കറിക്കും പഴവർഗങ്ങൾക്കും താങ്ങാനാവാത്ത വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തത നേടുകയും ഭക്ഷ്യസുരക്ഷിതത്വ നിയമം പാസാക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഈ നേട്ടങ്ങളെല്ലാം കോൺഗ്രസ് സർക്കാർ കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്തതാണ്. ഇപ്പോൾ രാജ്യത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തേക്കുള്ള ധാന്യസംഭരണം ഉണ്ടെന്നാണ് വസ്തുനിഷ്ഠമായ കണക്ക്. അതുകൊണ്ട് തന്നെ ഭക്ഷ്യ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതായിട്ടില്ല. ആവശ്യമുള്ളത് കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്തേക്ക് ഭക്ഷ്യധാന്യം അടക്കമുള്ള ചരക്കുകളുടെ തടസ്സം കൂടാത്ത സുഗമമായ നീക്കമാണ്. 
ഇന്ത്യൻ റെയിൽവെ ചരക്കുഗതാഗതം തടസ്സപ്പെടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും അവശ്യസാധനങ്ങളുമായി ട്രക്കുകളിലും  ലോറികളുമായി വരുന്ന ചരക്ക് ഗതാഗതം ഉറപ്പുവരുത്താൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


 

Latest News