Sorry, you need to enable JavaScript to visit this website.

ചരിത്രം സൃഷ്ടിച്ച് വനിതാ റൈഡര്‍മാര്‍ 

റിയാദ് - സൗദി കപ്പ് കുതിരപ്പന്തയത്തിലെ ഇന്റര്‍നാഷനല്‍ ജോക്കീസ് ചലഞ്ച് രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി. കിംഗ് അബ്ദുല്‍അസീസ് റെയ്‌സ് ട്രാക്കില്‍ നടന്ന മത്സരത്തില്‍ ആദ്യമായി വനിതാ റൈഡര്‍മാരും പങ്കെടുത്തു. മാറ്റ്‌മോന്‍ എന്ന കുതിരപ്പുറത്തേറി ലിസ ആള്‍പ്രസ് വിജയത്തിലേക്ക് കുതിച്ചു. 
യു.എസ് ഹാള്‍ ഓഫ് ഫെയിം മൈക് സ്മിത്താണ് കിരീടം നേടിയത്. നാല് റൗണ്ടുകളില്‍ സ്മിത്ത് രണ്ടില്‍ വിജയിയായി. മത്സരത്തില്‍ ന്യൂസിലാന്റുകാരി ആള്‍പ്രസ് ഉള്‍പ്പെടെ ഏഴ് വനിതാ ജോക്കിമാര്‍ പങ്കെടുത്തു. 14 കുതിരകള്‍ പങ്കെടുക്കുന്ന മുഖ്യ പന്തയം ശനിയാഴ്ചയാണ്. 
ലോകത്തിലെ ഏറ്റവുമധികം സമ്മാനത്തുകയുള്ള കുതിരപ്പന്തയമാണ് സൗദി കപ്പ്. 14 ടീമുകളാണ് പ്രധാന പന്തയത്തില്‍ ഏറ്റുമുട്ടുക. റെക്കോര്‍ഡായ രണ്ടു കോടി ഡോളറാണ് സൗദി കപ്പിലെ മൊത്തം സമ്മാനത്തുക. ഒമ്പത് ഫര്‍ലോംഗ് (1800 മീ.) നീളമുള്ള ചതുപ്പ് ട്രാക്കിലായിരിക്കും പ്രധാന പോരാട്ടം. അമേരിക്കയിലെ മാക്‌സിമം സെക്യൂരിറ്റി എന്ന കുതിര വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
ജേതാവിന് ഒരു കോടി ഡോളറാണ് (70 കോടിയോളം രൂപ) സമ്മാനം. രണ്ടാം സ്ഥാനക്കാരന് 35 ലക്ഷം ഡോളര്‍ കിട്ടും. രണ്ടു മുതല്‍ പത്തു വരെ സ്ഥാനക്കാര്‍ ഒരു കോടി ഡോളര്‍ പങ്കിടും. സൗദി കപ്പില്‍ മറ്റ് ഏഴ് പന്തയങ്ങള്‍ കൂടി ഉണ്ടാവും. 92 ലക്ഷം ഡോളറാണ് ഈ മത്സരങ്ങളിലെ സമ്മാനത്തുക. 


 

Latest News