Sorry, you need to enable JavaScript to visit this website.

കൊറോണ: ഓഹരി വിപണി കൂപ്പുകുത്തി, ലോകം മാന്ദ്യത്തിലേക്കെന്ന് സൂചന

ലോക വിപണികളിൽ ആറ് ട്രില്യൺ ഡോളറിന്റെ നഷ്ടം
മുംബൈ - സമസ്ത മേഖലകളെയും ബാധിച്ചുകഴിഞ്ഞ കൊറോണ ബാധ ലോക സമ്പദ് രംഗത്തെ പിടിച്ചുലയ്ക്കുന്നു. ഇന്ത്യയിൽ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്‌സ് ഇന്നലെ ഇടിഞ്ഞത് 1448.37 (3.64 ശതമാനം) പോയന്റാണ്. നിഫ്റ്റി 431.5 പോയന്റും (3.71 ശതമാനം). സെൻസെക്‌സ് 38297.29 പോയന്റിലും, നിഫ്റ്റി 11,201.8 പോയന്റിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. 
ബി.എസ്.ഇയിലെ 1975 കമ്പനികൾക്ക് നഷ്ടം നേരിട്ടപ്പോൾ, 458 കമ്പനികൾ മാത്രമാണ് നേട്ടം രേഖപ്പെടുത്തിയത്. 145 ഓഹരികളിൽ മാറ്റമുണ്ടായില്ല. 
കൊറോണ ഭീതിയെത്തുടർന്നുള്ള കനത്ത വിൽപന സമ്മർദമാണ് വിപണികളിലെ തിരിച്ചടിക്ക് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൊത്തം 1650 പോയന്റാണ് സെൻസെക്‌സിന് നഷ്ടമായത്. പത്ത് വർഷത്തിനുമുമ്പാണ് ഇത്ര വലിയ തകർച്ച ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ഇതിനുമുമ്പ് ഒരാഴ്ച കാലയളവിനുള്ളിൽ ഇത്ര വലിയ തകർച്ച വിപണി നേരിടുന്നത് 2009ലാണ്. 2008ലെ ആഗോള സാമ്പത്തി മാന്ദ്യത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നാണ് സൂചന.
ആഗോള വിപണികളിലും വലിയ ഇടിവ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. ലോകത്തെങ്ങുമുള്ള ഓഹരി നിക്ഷേപകർക്ക് ഈ ദിവസങ്ങളിൽ നഷ്ടമായത് ആറ് ട്രില്യൺ ഡോളറാണെന്നാണ് കണക്ക്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം വിപണിയിൽ ഇത്ര തിരിച്ചടി നേരിടുന്നത് ഇതാദ്യമാണ്.
ഇന്ത്യയിൽ പ്രമുഖ ഓഹരികളായ റിലയൻസ്, ടി.സി.എസ്, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളെല്ലാം അഞ്ച് ശതമാനം വരെ നഷ്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
കൊറോണ ബാധയുടെ പ്രഭവ കേന്ദ്രം ചൈന ആയതിനാൽ ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്നതും ചൈനക്കാണ്. അവരുടെ കയറ്റുമതി മേഖലക്ക് അതിഭീമമായ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. കൂടാതെ ട്രാവൽ, ടൂറിസം സെക്ടറുകളിലും വൻ തിരിച്ചടി നേരിട്ടു. ചൈനയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇതിന്റ അനുരണനങ്ങൾ പരന്നുകഴിഞ്ഞു. യൂറോപ്പിലും അമേരിക്കയിലുമെല്ലാം വിപണികൾ ഭീതിയിലാണ്. മാർച്ച് അഞ്ച് മുതൽ 15 വരെ നടക്കാനിരിക്കുന്ന ജനീവ മോട്ടോർ ഷോ മാറ്റിവെച്ചു. മാർച്ച് 15 വരെ ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന ഒരു പരിപാടിയും നടത്തേണ്ടെന്ന സ്വിറ്റ്‌സർലാന്റ് ഫെഡറൽ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് ലക്ഷത്തോളം സന്ദർശകർ മോട്ടോർ ഷോയ്ക്ക് എത്തുമെന്നായിരുന്നു കണക്ക്. അമേരിക്കയിലും ജപ്പാനിലുമെല്ലാം നിരവധി വൻ പരിപാടികൾ കൊറോണ ഭീതിയെ തുടർന്ന് റദ്ദാക്കി. 
ഇറ്റാലിയൻ ലീഗും, ജപ്പാൻ കൊറിയൻ ലീഗ് ഫുട്‌ബോളുകളുടമടക്കം നിരവധി സ്‌പോർട്‌സ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഏഷ്യൻ മേഖലയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗിൽ സമീപ ദിവസങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് എയർവെയ്‌സ് അറിയിച്ചു. ഉംറ തീർഥാടകർക്ക് മാർച്ച് 13 വരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ.


 

Tags

Latest News