Sorry, you need to enable JavaScript to visit this website.

തസ്‌ലീൻ ഫാത്തിമയ്ക്ക് കലാപം സമ്മാനിച്ചത്  വിവാഹത്തിന്റെ പന്ത്രണ്ടാം നാൾ വൈധവ്യം 

ന്യൂദൽഹി - നവവധു തസ്‌ലീൻ ഫാത്തിമയ്ക്ക് കലാപം സമ്മാനിച്ചത് വിവാഹം കഴിഞ്ഞ പന്ത്രണ്ടാം നാൾ വൈധവ്യം. കഴിഞ്ഞ ഫെബ്രുവരി 14 വലന്റൈൻസ് ദിനത്തിലായിരുന്നു തസ്‌ലീൻ ഫാത്തിമയുടെയും അഷ്ഫാക്ക് ഹുസൈന്റെയും വിവാഹം. തസ്‌ലീൻ കണ്ട കിനാവുകൾക്കും അവരുടെ ദാമ്പത്യത്തിനും വെറും പന്ത്രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 25ന് ദൽഹിയിൽ നടന്ന കലാപത്തിൽ അക്രമികളുടെ വെടിയേറ്റ് അഷ്ഫാക്ക് കൊല്ലപ്പെട്ടു. ഇപ്പോൾ അഷ്ഫാക്കിന്റെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ പനിച്ചു വിറച്ചിരിക്കുകയാണ് തസ്‌ലീൻ. കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റിയിരിക്കുന്നു. ചൊവ്വാഴ്ച മുതൽ ആഹാരമോ വെള്ളമോ തൊട്ടിട്ടില്ല.  
വിവാഹത്തിന് ശേഷം ഉത്തർ പ്രദേശിലെ ബുലന്ദ് ഷഹറിലെ വധൂഗൃഹത്തിൽനിന്ന് കലാപം മൂർച്ഛിച്ച കഴിഞ്ഞ ഞായറാഴ്ചയാണ് അഷ്ഫാക്കിന്റെ ദൽഹി മുസ്തഫാബാദിലുള്ള തസ്‌ലീൻ വീട്ടിലെത്തിയത്. അഷ്ഫാക്ക് വിവാഹം കഴിഞ്ഞ ഉടനേ മടങ്ങിയിരുന്നു. സമീപ പ്രദേശങ്ങളായ മൗജ്പൂരിലും ജാഫറാബാദിലും കലാപം കലുഷിതമായിരുന്നു. കലാപത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും മറ്റ് അത്യാവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇവർ ദൽഹിയിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച ആയതോടെ ഗോകുൽപുരിയിലും മുസ്തഫാബാദിലും സ്ഥിതിഗതികൾ രൂക്ഷമായി. 
ചൊവ്വാഴ്ച തസ്‌ലീൻ ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ കയറി ആദ്യമായി പാചകം ചെയ്തു. അന്ന് ഉച്ചക്ക് രണ്ട് മണിക്ക് അവർ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അതായിരുന്നു ആദ്യമായും അവസാനമായും അവർ ഒരുമിച്ചിരുന്നു കഴിച്ച ഭക്ഷണം. വിവാഹ ചടങ്ങുകൾക്കുശേഷം അഷ്ഫാക്ക് നേരത്തെ തന്നെ തസ്‌ലീന്റെ വസതിയിൽനിന്ന് ദൽഹിക്ക് മടങ്ങിയിരുന്നു. പിന്നീട് അഷ്ഫാക്കിന്റെ പിതാവാണ് തസ്‌ലീനെ ദൽഹിക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ ഇലക്ട്രീഷ്യനായ അഷ്ഫാക്കിനെ തേടി ജോലിയുമായി ബന്ധപ്പെട്ട് ഒരു ഫോൺ കോളെത്തി. അടുത്തുള്ള വീട്ടിൽ കറന്റ് പോയത് ശരിയാക്കാനുള്ള വിളിയായിരുന്നു അത്. ജോലിക്കായി പുറത്തുപോയ അഷ്ഫാക്ക് പിന്നീട് ജീവനോടെ വീട്ടിലേക്ക് തിരിച്ചുവന്നില്ല. 
വീടിനടുത്തു തന്നെയാണ് അഷ്ഫാക്ക് വെടിയേറ്റു വീണത്. അന്നു വൈകിട്ട് പള്ളിയിൽനിന്ന് നമസ്‌കാരം കഴിഞ്ഞ വരുന്ന വഴിയാണ് മകന് വെടിയേറ്റതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് അഷ്ഫാക്കിന്റെ പിതാവ് ആഗാസ് ഹുസൈനോട് സമീപവാസികൾ പറഞ്ഞത്. ന്യൂ മുസ്തഫബാദിലെ അൽഹിന്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഷ്ഫാക്ക് മരിച്ചിരുന്നു. പിന്നീട് മൃതദേഹം ദിൽഷാദ് ഗാർഡനിലെ ജി.ബി.ടി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് എപ്പോൾ മൃതശരീരം വിട്ടുകിട്ടുമെന്ന് കുടുംബത്തിന് ഇന്നലെയും വിവരം ലഭിച്ചിട്ടില്ല. 
പെട്രോൾ ബോംബുകളും തോക്കും കമ്പികളുമായാണ് അക്രമികൾ വന്നത്. പലതവണ വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ല. പ്രദേശത്തേക്ക് ആംബുലൻസ് പോലും കടത്തിവിടുന്നുണ്ടായിരുന്നില്ലെന്നും അഷ്ഫാക്കിന്റെ അമ്മാവൻ മുക്താർ അഹമ്മദ് പറഞ്ഞു. മുസ്തഫാബാദിലെ ഒരു സ്‌കൂളിനും നിരവധി വീടുകൾക്കും അക്രമികൾ തീയിട്ടതായും അദ്ദേഹം പറഞ്ഞു.
 

Tags

Latest News