Sorry, you need to enable JavaScript to visit this website.

ആശങ്കയുടെ മണിക്കൂറുകൾ, വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നൂറുകണക്കിന് പേർ

റിയാദ്- ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളിൽനിന്നുള്ള സന്ദർശക വിസക്കാർക്ക് ഇന്നലെ സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് പുറത്തിറങ്ങാനായത് മണിക്കൂറുകൾക്ക് ശേഷം. റീ എൻട്രി വിസയിലുള്ളവർക്ക് പ്രവേശന തടസ്സമുണ്ടായില്ലെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ സന്ദർശക വിസക്കാരെ നിരീക്ഷണത്തിനായി മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്. അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള ചില വിമാനങ്ങൾ ഇന്നലെ ഉച്ചക്ക് ശേഷം ഇന്ത്യയിൽനിന്ന് സന്ദർശക വിസയിലുള്ളവർക്കും പുതിയ തൊഴിൽ വിസയിലുള്ളവർക്കും ബോർഡിംഗ് പാസ് നൽകിയില്ല. റീ എൻട്രി വിസയിലുള്ളവരെ മാത്രമാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. 
കൊറോണ വൈറസ് വ്യാപനം തടയാൻ വ്യാഴാഴ്ച മുതൽ ഉംറ വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും സൗദിയിൽ താത്കാലിക പ്രവേശന നിരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സന്ദർശക വിസയിലെത്തിയവർക്ക് പ്രവേശന തടസ്സമുണ്ടാകില്ലെന്നാണ് എയർലൈനുകളുടെ അറിയിപ്പുണ്ടായിരുന്നത്. അതുപ്രകാരമാണ് എയർലൈനുകളിൽ സന്ദർശകവിസക്കാർ സൗദിയിലേക്കെത്തിയതും. 
ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് തുടങ്ങിയ ഏതാനും രാജ്യങ്ങളിലെ സന്ദർശക വിസക്കാരെയാണ് റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ കൊറോണ നിരീക്ഷണ വിഭാഗം തടഞ്ഞുവെച്ചത്. സൗദി എയർലൈൻസ്, നാസ് എയർ, എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലുള്ള യാത്രക്കാരായിരുന്നു ഇവരെല്ലാം. മണിക്കൂറുകളോളം പുറത്തിറങ്ങാൻ സാധിക്കാതായതോടെ ഇവർ ആശങ്കയിലായി. അതിനിടെ തിരിച്ചുപോകേണ്ടിവരുമെന്ന ചില സന്ദേശങ്ങൾ എത്തിയത് കൂടുതൽ ആശങ്കയിലാഴ്ത്തി. ദമാമിൽ രാവിലെ എമിറേറ്റ്‌സ് വിമാനത്തിലെത്തിയവരെ തിരിച്ചയച്ചെങ്കിലും വൈകുന്നേരത്തോടെ ദുബായിൽനിന്ന് ഇവരെ റിയാദിലെത്തിച്ചു.
രാവിലെ ഇന്ത്യയിൽനിന്നെത്തിയ ഏതാനും വിമാനങ്ങളിലുള്ള റീ എൻട്രിക്കാരെയും സന്ദർശക വിസക്കാരെയും തടഞ്ഞുവെച്ചിരുന്നു. പിന്നീട് റീ എൻട്രിക്കാരെ മാത്രം പുറത്തുവിട്ടു. മറ്റുള്ളവരെ നിരീക്ഷണത്തിനായി വിമാനത്താവളത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം സംശയമുള്ളവരുടെ രക്ത പരിശോധനയും നടത്തി. റിയാദ് വിമാനത്താവളത്തിൽ കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി യാത്രക്കാരെയെല്ലാം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. 
കൊറോണ ബാധിത രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ വിമാനങ്ങളിലെത്തുന്നവരെയാണ് ഇന്നലെ ആദ്യം തടഞ്ഞുവെച്ചത്. പിന്നീട് മറ്റു സന്ദർശക വിസക്കാരെയും ഇവരോടൊപ്പം കൂട്ടി. സംശയമുള്ളവരെ മാത്രമേ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധിച്ചുള്ളൂവെന്നും അല്ലാത്തവരുടെ പാസ്‌പോർട്ടുകൾ വാങ്ങിവെക്കുകയായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു.
വരുന്നതിന് മുമ്പ് മുൻകരുതൽ
നിലവിൽ ഇന്ത്യയിൽനിന്ന് സന്ദർശക വിസക്ക് വരാൻ ടിക്കറ്റെടുത്തവർ എയർലൈൻ ഓഫീസുകളുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ പൂർത്തിയാക്കണം. 24 മണിക്കൂർ മുമ്പ് ടിക്കറ്റ് മാറ്റാൻ സാധിച്ചില്ലെങ്കിൽ നിശ്ചിത സമയത്ത് എയർപോർട്ട് കൗണ്ടറിൽ റിപ്പോർട്ട് ചെയ്താൽ യാത്ര ചെയ്യാനോ അല്ലെങ്കിൽ റീ ഫണ്ട് ചെയ്യാനോ സൗകര്യമുണ്ടാകും. ടിക്കറ്റ് എടുക്കുകയും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ ടിക്കറ്റ് കാൻസൽ ആകുമെന്നും ട്രാവൽ ഏജന്റുമാർ അറിയിച്ചു.


 

Tags

Latest News