Sorry, you need to enable JavaScript to visit this website.

ചൈനീസ് സൂപ്പര്‍ സ്വിമ്മറെ എട്ടു വര്‍ഷത്തേക്ക് വിലക്കി

ലൊസേന്‍ - മൂന്ന് ഒളിംപിക് സ്വര്‍ണങ്ങള്‍ക്കുടമയായ ചൈനയുടെ സ്വിമ്മിംഗ് സെന്‍സേഷന്‍ സുന്‍ യാംഗിനെ രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതി എട്ടു വര്‍ഷത്തേക്ക് വിലക്കി. ചൈനയുടെ ഏറ്റവും പ്രശസ്തനായ അത്‌ലറ്റിന് അനുകൂലമായുള്ള രാജ്യാന്തര നീന്തല്‍ ഫെഡറേഷന്റെ വിധിക്കെതിരെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) സ്‌പോര്‍ട്‌സ് കോടതിയെ സമീപിച്ചത്. സുന്‍ 2014 ലും ഉത്തേജക വിലക്കനുഭവിച്ചിരുന്നു. 
2018 സെപ്റ്റംബറില്‍ ചൈനയിലെ വസതിയിലെത്തിയ ഉത്തേജക പരിശോധകര്‍ക്ക് രക്ത, മൂത്ര സാമ്പിളുകള്‍ നല്‍കാന്‍ സുന്‍ വിസമ്മതിച്ചതാണ് വിലക്കിന് പ്രേരകമായത്. വിലക്കിനെതിരെ പൊരുതുമെന്ന് സുന്‍ പ്രഖ്യാപിച്ചു. സ്വിസ് ഫെഡറല്‍ കോടതിയെ സമീപിക്കുക മാത്രമാണ് ഇനി സുന്നിനു മുമ്പിലുള്ള വഴി. സ്‌പോര്‍ട്‌സ് കോടതി സ്വിറ്റ്‌സര്‍ലന്റിലായതിനാല്‍ സ്വിസ് സുപ്രീം കോടതിക്ക് വിധേയമാണ് അവരുടെ വിധി. 
2018 ലെ ഒരു പരിശോധനക്കിടെ സുന്‍ തന്റെ രക്ത സാമ്പിള്‍ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തിരുന്നു. എന്നാല്‍ പരിശോധകര്‍ തങ്ങള്‍ ആരാണെന്ന് വ്യക്തമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വാദിച്ച രാജ്യാന്തര നീന്തല്‍ ഫെഡറേഷന്‍ ചൈനീസ് താരത്തെ കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് വാഡ കോടതിയെ സമീപിച്ചത്. 
 

Latest News