Sorry, you need to enable JavaScript to visit this website.

തോക്കുകൾ കഥ പറയുന്ന ദൽഹി തെരുവുകൾ

ദൽഹിയിൽ കൊല്ലപ്പെട്ടവരിൽ ഒൻപതുപേരും മരിച്ചത് വെടിയേറ്റ്
ന്യൂദൽഹി- ദൽഹി കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട 24 പേരിൽ ഒൻപത് പേരും വെടിയേറ്റാണ് മരിച്ചതെന്ന വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതർ. ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് സുനിൽ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചുപേർ മരിച്ചത് മൂർച്ചയില്ലാത്ത വസ്തുക്കൾകൊണ്ടുള്ള അടിയേറ്റാണ്. ഒരാൾ പൊള്ളലേറ്റ് മരിച്ചു. മൂന്നുപേർ കുത്തേറ്റാണ് മരിച്ചത്. മറ്റുള്ളവർ മരിച്ചത് എങ്ങനെയെന്ന് ഇനിയും വ്യക്തമായില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജി.ടി.ബി ആശുപത്രിയിൽ ബുധനാഴ്ച ആറ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ ചെയ്യാൻ കഴിയൂ. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള മെഡിക്കൽ ബോർഡ് ചൊവ്വാഴ്ചവരെ രൂപവൽക്കരിച്ചിരുന്നില്ല. ഭാവിയിൽ പരാതികൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ മാത്രമെ ചെയ്യാൻ കഴിയൂ' -ആശുപത്രി അധികൃതർ പറഞ്ഞു.

കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുന്നു-ജാവദേക്കർ
ന്യൂദൽഹി- ദൽഹിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പ്രകാശ് ജാവദേക്കർ. 
നിർഭാഗ്യകരവും അപലപനീയവുമാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. ആക്രമണത്തെ രാഷ്ടീയവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സമാധാനം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇത്തരമൊരു അവസരത്തിൽ എല്ലാ പാർട്ടികളും നടത്തേണ്ടത്. അതിനു പകരം സർക്കാരിനെ കുറ്റം പറയുന്നത് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അക്രമത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് തെറ്റാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. രാജ്യ തലസ്ഥാനം കത്തുമ്പോൾ ആഭ്യന്തരമന്ത്രി എവിടെയാണെന്നാണ് സോണിയ ഗാന്ധി ചോദിച്ചത്. എന്നാൽ സോണിയ ചോദ്യം ചോദിക്കുമ്പോൾ അമിത് ഷാ ദൽഹിയിൽ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവും യോഗത്തിൽ പങ്കെടുത്തിരുന്നു. 
സംഘർഷാവസ്ഥ നേരിടാനാവശ്യമായ നിർദേശങ്ങൾ പോലീസിന് നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പോലീസിന്റെ മനോവീര്യത്തെ തകർക്കുന്ന തരത്തിലുള്ളതാണെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. 


 

Tags

Latest News