Sorry, you need to enable JavaScript to visit this website.

കലാപ ബാധിത പ്രദേശങ്ങളിൽ സാധാരണ നിലയെന്ന് ഡോവൽ

ന്യൂദൽഹി- കലാപമുണ്ടായ വടക്കുകിഴക്കൻ ദൽഹിയിലെ പ്രദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. സാധാരണ നില പുനഃസ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. 'ഇതെന്റെ വാക്കാണ്, എല്ലാം ശരിയാകും' -അദ്ദേഹം പറഞ്ഞു. 
രാജ്യത്തെ സ്‌നേഹിക്കുന്നവർ മറ്റുള്ളവരെയും അയൽക്കാരെയും സ്‌നേഹിക്കണമെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളത്. എല്ലാവരും ഐക്യത്തോടെ കഴിയണം. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മൂന്ന് ദിവസമായി സംഘർഷാവസ്ഥ നിലനിന്ന ജാഫറാബാദ്, മൗജ്പുർ, ബാബർപുർ, യമുനാവിഹാർ, ഭജൻപുര, ചാന്ദ്ബാഗ്, ശിവ് വിഹാർ തുടങ്ങിയ മേഖലകളിലാണ് ഡോവൽ സന്ദർശനം നടത്തിയത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഡോവൽ ദൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശാനുസരണമാണ് എത്തിയിട്ടുള്ളതെന്ന് ഡോവൽ ജനങ്ങളോട് പറഞ്ഞു. ചില ക്രിമിനലുകളാണ് അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അവരെ ഒറ്റപ്പെടുത്താൻ എല്ലാവരും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags

Latest News