Sorry, you need to enable JavaScript to visit this website.

സച്ചിദാനന്ദന്റെ കൂട്ടുകാരി 

മിർണ മേനോൻ

ഇരുപത്തിനാലു വർഷത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുന്ന സച്ചിദാനന്ദൻ. കുട്ടിക്കാലത്ത് കൊലപാതകക്കുറ്റം ചുമത്തി ജുവനൈൽ ഹോമിൽ എത്തിപ്പെട്ട സച്ചിദാനന്ദൻ ജയിലിലെ ഒരു ഉദ്യോഗസ്ഥന്റെ ക്രൂരത കണ്ടാണ് അയാളെ നേരിടാനൊരുങ്ങുന്നത്. അത് അയാളുടെ മരണത്തിൽ കലാശിച്ചു. തുടർന്ന് അതിനുമുള്ള ശിക്ഷയും കൂട്ടി 24 വർഷം ജയിലിൽ കഴിയാനായിരുന്നു സച്ചിദാനന്ദന്റെ വിധി. ജയിൽ മോചിതനായ അയാളെ വീട്ടുകാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയിൽ ജീവിതത്തിന്റെ അസ്വസ്ഥതകളിൽനിന്നും മോചനം നേടിവരവേയാണ് പോലീസുകാർ മറ്റു ചില കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സച്ചിദാനന്ദനെ ഉപയോഗിക്കുന്നത്.
ചെറിയൊരു ഇടവേളക്കു ശേഷം സംവിധായകൻ സിദ്ദീഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ബിഗ് ബ്രദറിന്റെ കഥയുടെ ചുരുക്കമിതാണ്. ഹാസ്യ രസങ്ങളിൽനിന്നും വഴിമാറി ആക്ഷൻ രംഗങ്ങൾക്കാണ് ഈ ചിത്രം ഊന്നൽ നൽകുന്നത്. സച്ചിദാനന്ദന്റെ നായികയായ ആര്യാ ഷെട്ടിയായി മിർണാ മേനോൻ എത്തുന്നു. ആര്യയുടെ വരവോടെയാണ് ചിത്രം കൂടുതൽ ചടുലമാകുന്നത്. മിർണയെ കൂടാതെ ഹണി റോസും ഗാഥയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മിർണയുടെ അച്ഛൻ മലയാളിയും അമ്മ കന്നഡക്കാരിയുമാണ്.  ആര്യയോടൊപ്പം സന്താനദേവൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ച മിർണ ഇടുക്കിക്കാരിയാണെങ്കിലും ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസം. ഇടുക്കിയിലെ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നും വിദ്യാഭ്യാസം നേടിയ മിർണ പിന്നീട് ചെന്നൈ സെന്റ് ഫ്രാൻസിസ് എൻജിനീയറിംഗ് കോളേജിൽനിന്നും ബിരുദം നേടി. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കവേയാണ് അഭിനയ രംഗത്തേക്കു കടന്നുവന്നത്.
ഫ്രീലാൻസ് മോഡലായി ജീവിതം തുടങ്ങിയ മിർണ ചില ടെലിവിഷൻ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കുട്ടിക്കാലം തൊട്ടേ അഭിനയം സ്വപ്‌നം കണ്ടുനടന്ന ഈ കലാകാരി വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും പരിശീലിച്ചിരുന്നു.

ആദ്യ ചിത്രം മോഹൻലാലിനൊപ്പം. എന്തു തോന്നുന്നു?
ഒരുപാടു പേർ ആഗ്രഹിക്കുന്ന ഒരു ഭാഗ്യമാണ് ആദ്യ ചിത്രത്തിലൂടെ എന്നെ തേടിയെത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ലാലേട്ടന്റെ നായികയാകാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷമുണ്ട്. വളരെ ഫ്രണ്ട്‌ലിയായി എപ്പോഴും കെയർ തരുന്ന ഒരാളാണ് അദ്ദേഹം. ഒരു സൂപ്പർ താരത്തോടൊപ്പമാണ് അഭിനയിക്കുന്നതെന്ന ടെൻഷൻ ഒഴിവാക്കുന്നതിന് എപ്പോഴും തമാശ പറഞ്ഞ് നമ്മെ കൂളാക്കി കൊണ്ടുപോകും. എതിരെ നിൽക്കുന്നത് ലാലേട്ടനാണ് എന്ന തോന്നലില്ലാതെയാക്കിയാണ് അദ്ദേഹം അഭിനയിപ്പിക്കുന്നത്. നേരത്തെ പരിചയമുള്ള നല്ലൊരു സുഹൃത്തായി മാത്രമേ അദ്ദേഹത്തെ കാണാനാകൂ.

 

ആദ്യ ചിത്രം ഒരു വഴിത്തിരിവായി?
കുട്ടിക്കാലം തൊട്ടേ സിദ്ദീഖ് സാറിന്റെ ചിത്രങ്ങൾ കാണാറുണ്ട്. വിയറ്റ്‌നാം കോളനിയും ഗോഡ് ഫാദറുമെല്ലാം നിരവധി തവണ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ജ്യോതി ചേച്ചി സിദ്ദീഖ് സാറിന്റെയും കുടുംബ സുഹൃത്തായിരുന്നു. ഒരു ഫാമിലി ഗെറ്റ് ടുഗദറിന്റെ ഭാഗമായി സിദ്ദീഖ് സാറിനെ കാണാൻ പോകുമ്പോൾ ജ്യോതിചേച്ചി എന്നെയും കൂടെ കൊണ്ടുപോയി. അദ്ദേഹത്തെ പരിചയപ്പെടാനും അനുഗ്രഹം വാങ്ങാനുമായിരുന്നു പോയത്. ബിഗ് ബ്രദറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയം. മിർണയെ പരിചയപ്പെട്ടപ്പോൾ സിദ്ദീഖ് പറഞ്ഞു. ചിത്രത്തിന്റെ ഒഡീഷനെല്ലാം കഴിഞ്ഞു. അല്ലെങ്കിൽ ഒരു വേഷം നോക്കാമായിരുന്നു. കാരണം മിർണയുടേത് നല്ല ഫേസാണ്. സാരമില്ല. പരിചയപ്പെടാൻ കഴിഞ്ഞല്ലോ എന്നു പറഞ്ഞ് മടങ്ങിയ എന്നെ അടുത്ത ദിവസം ജ്യോതി ചേച്ചി വിളിച്ചു പറയുന്നു. സിദ്ദീഖ് സാറിന്റെ ഓഫീസിൽനിന്നും വിളിച്ചിരുന്നു. ഒരു മണിക്കൂറിനകം ഫോട്ടോ ഷൂട്ടിന് തയാറാകാൻ പറഞ്ഞുവെന്ന്. ഒരു മണിക്കൂറിനകം ക്യാമറാന്മാരെത്തുന്നു. ഫോട്ടോ ഷൂട്ട് നടക്കുന്നു. പിന്നെ അറിയുന്നത് ബിഗ് ബ്രദറിലെ നായികയായി തെരഞ്ഞെടുത്തുവെന്ന്. മണിക്കൂറുകൾക്കകമാണ് സംഭവങ്ങൾ മാറിമറിഞ്ഞത്.

 

സിനിമാ മോഹം?
സ്‌കൂൾ പഠനകാലം തൊട്ടേ സിനിമയിൽ അഭിനയിക്കണമെന്നും നടിയായി അറിയപ്പെടണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ ആഗ്രഹം പോലെ നടക്കണമെന്നില്ലല്ലോ. അതുകൊണ്ട് പഠിച്ചു. എൻജിനീയറിംഗ് പാസായി. ജോലിയും സമ്പാദിച്ചു. ജോലിയിൽ തുടർന്നപ്പോൾ ഒരു തരം മടുപ്പ്. ഇരുന്നിടത്തു തന്നെ ഇരുന്ന് മുഷിഞ്ഞു. യാതൊരു മാറ്റവുമില്ല. കൊച്ചിയിലും ദുബായിലും കുവൈത്തിലുമെല്ലാം ജോലി ചെയ്തു. രാത്രിയായിരുന്നു ജോലി. പകൽ ഉറക്കവും. ജീവിതത്തിന് യാതൊരു അടിസ്ഥാനവുമില്ലാത്തപോലെ. നല്ല ശമ്പളം ലഭിക്കുമെങ്കിലും ലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അപ്പോഴാണ് സിനിമാ മോഹം വീണ്ടും മുളപൊട്ടിയത്. സിനിമയിലെത്തിയാൽ ഒട്ടേറെ പേരെ പരിചയപ്പെടാം. പല സ്ഥലങ്ങളിലും യാത്ര പോകാം. ഒരുപാട് അനുഭവങ്ങളുള്ള മേഖല... അഭിനയിക്കുന്ന സിനിമയാണെങ്കിലോ ഓരോന്നും വ്യത്യസ്തവും.

സംവിധായകനെക്കുറിച്ച്?
സിദ്ദീഖ് സാറിനെക്കുറിച്ച് പറഞ്ഞാൽ മതിയാവില്ല. വളരെ ചെറുപ്പം തൊട്ടേ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നത്. അദ്ദേഹത്തിന്റെ ചിത്രത്തിൽ വേഷമിടുക എന്നതു തന്നെ സ്വപ്‌ന തുല്യമായ അനുഭവമായിരുന്നു. ചിത്രത്തിൽ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്.

 

ലാലേട്ടനെക്കുറിച്ച്?
അഭിനയത്തിൽ നമ്മളിലേക്കെത്താനായി വളരെ കംഫർട്ടബിളാക്കുന്ന നടനാണ് അദ്ദേഹം. നമ്മുടെ ഓപ്പോസിറ്റായി നിൽക്കുന്നത് ലാലേട്ടനാണ്, മഹാപ്രതിഭാസമാണ് എന്നൊന്നും നമ്മെ അനുഭവിപ്പിക്കാതെ നമ്മുടെ കഥാപാത്രത്തെ എത്രത്തോളം സംതൃപ്തമായി ചെയ്യാൻ പറ്റും എന്നാണ് അദ്ദേഹം നോക്കുന്നത്. അതുകൊണ്ടു തന്നെയാണ് എല്ലാവർക്കും അദ്ദേഹത്തോട് ഇത്രയും ഇഷ്ടം തോന്നുന്നത്. ഒരിക്കലും ഒരു സൂപ്പർ സ്റ്റാർ പരിവേഷമില്ലാതെ എത്രയും ഡൗൺ ടു എർത്ത് ആകാമോ അങ്ങനെ പെരുമാറുന്ന വ്യക്തിത്വമാണ് ലാലേട്ടന്റേത്. വളരെ പോസിറ്റീവായി മാത്രം കാര്യങ്ങൾ കാണുന്നയാളായാണ് തോന്നിയിട്ടുള്ളത്. സിനിമയിലെ ആദ്യ സീൻ തന്നെ ഒറ്റ ടേക്കിൽ ഓകെയായതും ഈ അനുഭവത്തിൽനിന്നാണ്. അത് ഏറെ ആത്മവിശ്വാസം പകർന്നു.

മോഹൻലാലിൽ നിന്നും പഠിച്ച പാഠം?
അഭിനയ രംഗത്ത് ഒരു പ്രതിഭാസം തന്നെയാണ് ലാലേട്ടൻ. ആക്ഷൻ പറഞ്ഞുകഴിഞ്ഞാൽ അദ്ദേഹം കഥാപാത്രമായി മാറിയിരിക്കും. പലപ്പോഴും തോന്നിയിട്ടുണ്ട്, മുന്നിൽ ഇരിക്കുന്നത് ലാലേട്ടനാണോ അതോ, സച്ചിദാനന്ദനാണോ എന്ന്. കാരണം ബിഗ് ബ്രദറിൽ ലാലേട്ടൻ സച്ചിദാനന്ദനെന്ന സച്ചിയാണ്. നമുക്കൊരിക്കലും ആ വ്യത്യാസം കാണാനാവില്ല. സെറ്റിലുള്ളപ്പോഴെല്ലാം ലാലേട്ടൻ സച്ചിയായിട്ടിരിക്കും. സംസാര ശൈലിയാകട്ടെ, ബോഡി ലാംഗ്വേജ് ആകട്ടെ നോട്ടത്തിൽപാലും സച്ചിദാനന്ദനെയാണ് കാണാനാവുക. ലാലേട്ടൻ കഥാപാത്രമായി മാറുന്നത് കാണാൻ കഴിയുക എന്നതു തന്നെ ഒരു ഭാഗ്യമാണ്.

 

പുതിയ ചിത്രങ്ങൾ?
ബിഗ് ബ്രദറിനു ശേഷം പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പലയിടത്തുനിന്നും ക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, ഇഷ്ടപ്പെട്ട കഥയും കഥാപാത്രവും വന്നാൽ മാത്രമേ അഭിനയിക്കൂ.

കുടുംബ വിശേഷം?
അച്ഛൻ സന്തോഷ് കുമാർ. അമ്മ ശോഭന. രണ്ട് സഹോദരിമാർ. ആര്യ, അരുണ്യ.

Latest News