Sorry, you need to enable JavaScript to visit this website.

ടെന്നിസിലെ സ്വപ്‌ന റാണി റാക്കറ്റ് ഉപേക്ഷിക്കുന്നു

ന്യൂയോര്‍ക്ക് - ടെന്നിസ് കോര്‍ടുകളുടെ രോമാഞ്ചമായിരുന്ന മരിയ ഷരപോവ ഓളങ്ങള്‍ അവസാനിച്ച ടെന്നിസ് കരിയര്‍ അവസാനിപ്പിക്കുന്നു. ഉത്തേജക മരുന്നടിച്ചതിന് രണ്ടു വര്‍ഷം മുമ്പ് വിലക്കനുഭവിച്ച ശേഷം പഴയ പ്രതാപത്തിലേക്കുയരാനാവാതിരുന്ന റഷ്യക്കാരി മുപ്പത്തിരണ്ടാം വയസ്സിലാണ് കോര്‍ടിനോട് വിടപറയുന്നത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഏതാനും ഡോളര്‍ മാത്രം കൈയില്‍ കരുതി അമേരിക്കയിലേക്ക് ചേക്കേറിയ ഷരപോവ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ നേടിയതോടെയാണ് ലോക ശ്രദ്ധയിലേക്കു വന്നത്. 
അഞ്ച് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ ഷരപോവ ലോക ടെന്നിസില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ താരങ്ങളിലൊരാളായിരുന്നു. ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുയര്‍ന്നു. ഉത്തേജക മരുന്നടിച്ചതിന്റെ പേരില്‍ 15 മാസം വിലക്കനുഭവിച്ചതാണ് കരിയറിലെ ഏറ്റവും വലിയ തിരിച്ചടി. ഒരുപാട് കാലമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് ഉത്തേജക നിര്‍മാര്‍ജന ഏജന്‍സി വിലക്കിയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഷരപോവ വാദിച്ചത്. 
തിരിച്ചുവന്ന ശേഷം പഴയ പ്രതാപത്തിലേക്കുയരാന്‍ ശ്രമിച്ച ഷരപോവയെ ചുമല്‍ വേദന നിരന്തരം അലട്ടി. പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ച അവസാന നാലു മത്സരങ്ങളും തോറ്റതോടെയാണ് വിട വാങ്ങാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ രണ്ടു മത്സരം മാത്രമാണ് കളിച്ചത്, രണ്ടും തോറ്റു. 
 

Latest News