Sorry, you need to enable JavaScript to visit this website.

അവിശുദ്ധ കൂട്ട്: പി.എസ്.സി പരീക്ഷകൾ വീണ്ടും സംശയത്തിന്റെ നിഴലിൽ 

തിരുവനന്തപുരം- സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ സ്വന്തം സ്ഥാപനത്തിലെ ഉദ്യോഗാർഥികൾക്കായി ഉത്തരങ്ങൾ ചോർത്തി നൽകുന്നുവെന്ന സംശയം ബലപ്പെട്ടതോടെ പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇവർക്ക് സഹായം നൽകിയ പോലീസ് കോൺസ്റ്റബിൾ ഗോകുലും പഠിച്ചത് ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ആരംഭിച്ച വീറ്റോ എന്ന സ്ഥാപനത്തിലായിരുന്നു.  ഇവരുടെ ചിത്രം വെച്ച് ഫഌക്‌സുകളും നോട്ടീസുകളും അച്ചടിച്ച് പരസ്യം ചെയ്തിരുന്നു. പി.എസ്.സി പരിശീലനം നൽകുന്ന തന്റെ സുഹൃത്ത് വഴിയാണ് ഉത്തരങ്ങൾ  കണ്ടെത്തിയതെന്നാണ് ഗോകുൽ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. എന്നാൽ അന്ന് ആ സുഹൃത്തിലേക്ക് അന്വേഷണം നീങ്ങിയില്ല. ഇടതുപക്ഷ യൂനിയൻ പ്രവർത്തകനായ രഞ്ജൻരാജാണ് ഗോകുലിനെ സഹായിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മാത്രമല്ല, നിരവധി പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ  പരിശീലന കേന്ദ്രത്തിൽ നൽകിയ പുസ്തകത്തിൽനിന്ന് പകർത്തിയാതാണെന്ന പരാതികൾ  ഉയർന്നിരുന്നു. അത്തരം പരാതികളിൽ ആദ്യം പേരെടുത്തു പറഞ്ഞിരുന്ന രണ്ട് സ്ഥാപനങ്ങളാണ് വീറ്റോയും ലക്ഷ്യയും.  
ആറ്റിങ്ങൽ കേന്ദ്രീകരിച്ച് രഞ്ജൻരാജ് തുടങ്ങിയ വീറ്റോ  വെഞ്ഞാറമൂട്ടിലേക്കും പിന്നീട് തമ്പാനൂരിലേക്കും വിവിധ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഷിബു കെ. നായർ ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലുടനീളം ലക്ഷ്യക്ക് ബ്രാഞ്ചുകൾ സ്ഥാപിച്ചു. ഇവിടെ നിന്നു നൽകുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങൾ അതുപോലെ പി.എസ്.സി പരീക്ഷകളിൽ ആവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗാർഥികൾ രംഗത്തെത്തിയിരുന്നു. ഇവർക്ക് ചോദ്യാവലിയും ചോദ്യോത്തര പുസ്തകങ്ങളും തയാറാക്കി നൽകുന്ന അധ്യാപകരാണ്  പി.എസ്.സിക്കും ചോദ്യങ്ങൾ നൽകുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്. പി.എസ്.സിയിലെ ചോദ്യപേപ്പർ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്.കഴിഞ്ഞ തവണ നടത്തിയ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ഉൾപ്പെടെയുള്ള ചോദ്യപേപ്പറുകളിൽ ഇവരുടെ സ്ഥാപനത്തിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നാണ് വിവരം. കെ.എ.എസ് പരീക്ഷക്കായി നിരവധി ഉദ്യോഗസ്ഥരാണ് ഇവരുടെ സ്ഥാപനങ്ങളിൽ പരിശീലനത്തിനെത്തിയത്. പരീക്ഷക്ക് ഉറപ്പായും ഉണ്ടാകുമെന്ന് ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ നൽകിയ ചോദ്യങ്ങൾ പരീക്ഷക്ക് ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇത് ചൂണ്ടിക്കാട്ടി കെ.എ.എസ് പരീക്ഷാ പേപ്പർ ചോർന്നുവെന്ന് വാട്‌സാപ്പിൽ സന്ദേശമിട്ട മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.എസ്.സി പൊതുഭരണ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
 

Latest News