Sorry, you need to enable JavaScript to visit this website.

കൊറോണ ആഘാതം തടയാൻ യോജിച്ച ശ്രമങ്ങളുമായി ജി-20

റിയാദ്-ചൈനയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസായ കൊവിഡ്-19 ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കു തടയിടുന്ന നയങ്ങൾ കൈക്കൊള്ളാൻ ജി-20 തീരുമാനം. കൊറോണ വ്യാപനം സൃഷ്ടിക്കുന്ന ഭീഷണികൾ നിരീക്ഷിക്കുന്നതിനും പ്രത്യാഘാതങ്ങൾക്കു തടയിടുന്നതിന് അനുയോജ്യമായ നയങ്ങൾ സ്വീകരിക്കുന്നതിനും ജി-20 ധനമന്ത്രിമാർ ധാരണയിലെത്തിയതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 
കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച ആശങ്ക രണ്ടു ദിവസം നീണ്ടുനിന്ന ധനമന്ത്രിമാരുടെ യോഗത്തിൽ മുഴച്ചുനിന്നു. കൊറോണ വ്യാപനം ലോക സാമ്പത്തിക വളർച്ച 0.1 ശതമാനം തോതിൽ കുറക്കുമെന്ന് ഐ.എം.എഫ് വ്യക്തമാക്കി.  വേഗത്തിൽ നിയന്ത്രണ വിധേയമാക്കിയാലും കൊറോണ വ്യാപനം ലോക സമ്പദ്‌വ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റാലിന ജോർജിയേവ പറഞ്ഞു. കൊറോണ വ്യാപനം മൂലമുള്ള കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടുന്നതിന് തയാറെടുപ്പുകൾ നടത്തുന്നതാണ് വിവേകമെന്നും അവർ പറഞ്ഞു. 
കൊറോണ ചൈനയിൽ സാമ്പത്തിക മേഖല നിശ്ചലമാക്കിയിട്ടുണ്ട്. ലോക സാമ്പത്തിക വളർച്ച ഇത് അപകടത്തിലാക്കിയേക്കും. കൊറോണ വ്യാപനം സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കും. വളർച്ച 3.3 ശതമാനമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കൊല്ലം സാമ്പത്തിക വളർച്ച 2.9 ശതമാനമായിരുന്നു. കൊറോണ വ്യാപനം വേഗത്തിൽ നിയന്ത്രണ വിധേയമാക്കിയാലും ചൈനയിലും മറ്റു ലോക രാജ്യങ്ങളിലും സാമ്പത്തിക വളർച്ചയെ അത് ബാധിച്ചേക്കുമെന്നും അവർ പറഞ്ഞു. 
ആദ്യമായാണ് ഒരു അറബ് രാജ്യം ജി-20 ക്ക്് അധ്യക്ഷത വഹിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ  കൂടുതൽ നീതിപൂർവകമായ ആഗോള നികുതി സംവിധാനത്തിന്റെ കാര്യത്തിൽ ഏകാഭിപ്രായമുണ്ടാക്കുന്നതിനെ കുറിച്ച് ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും വിശകലനം ചെയ്തു.
 

Tags

Latest News