Sorry, you need to enable JavaScript to visit this website.

സി.എ.എ വിരുദ്ധ പ്രക്ഷോഭം; അലിഗഢിൽ സംഘർഷം ഇന്റർനെറ്റ് വിഛേദിച്ചു

അലിഗഢ്- പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ 24 ദിവസമായി സമാധാനപരമായി സമരം നടന്നുവന്ന ഉത്തർ പ്രദേശിലെ അലിഗഢിൽ ഇന്നലെ പൊടുന്നനെ സംഘർഷം. നഗരത്തിലെ ഉപാർകോട് കൊട്‌വാലി മേഖലയിൽ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. ഒരു കടയ്കും പോലീസുകാരന്റെ മോട്ടോർ ബൈക്കിനും തീവെച്ചു. ഒരു പോലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്തു. പക്ഷോഭകർ പോലീസിനുനേരെ ശക്തമായ കല്ലേറാണ് നടത്തിയത്. കല്ലേറിൽ ഏതാനും പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 
സംഘർഷത്തെത്തുടർന്ന് അലിഗഢിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച ഇന്റർനെറ്റ് വിലക്ക് ആറ് മണിക്കൂർ നേരത്തേക്കാണ് പ്രഖ്യാപിച്ചതെങ്കിലും, അത് പിന്നെയും തുടരാൻ സാധ്യതയുണ്ട്. കൊടും തണുപ്പും മോശം കാലാവസ്ഥയും കണക്കിലെടുത്ത് സമരക്കാർക്കുവേണ്ടി താൽക്കാലിക തമ്പ് നിർമിക്കാൻ അനുമതി തേടി പോലീസ് സ്റ്റേഷനിലെത്തിയ പ്രക്ഷോഭകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഘർഷം ആരംഭിച്ചതെന്നും രാത്രിയോടെ സ്ഥിതി നിയന്ത്രണ വിധേയമായെന്നും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷൺ സിംഗ് പറഞ്ഞു.
സംഘർഷത്തിനിടെ രണ്ട് പേർക്ക് വെടിയേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം തുടർന്നു. 
സ്ഥലത്തെ ജുമാ മസ്ജിദ് ഇമാമടക്കമുള്ള മുസ്‌ലിം നേതാക്കളുമായി തങ്ങൾ സമാധാന ചർച്ച നടത്തിയതായും പ്രശ്‌നപരിഹാരത്തിൽ അവരുടെ മാധ്യസ്ഥം തേടിയതായും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.
24 ദിവസമായി സി.എ.എ വിരുദ്ധ പ്രക്ഷോഭം നടന്നുവരുന്ന അലിഗഢിലെ ദൽഹി ഗേറ്റ് മേഖലയിൽനിന്ന് അകലെയാണ് ഇന്നലെ സംഘർഷം നടന്നത്. കടുത്ത ശൈത്യമുള്ള അലിഗഢിൽ വെള്ളിയാഴ്ച മഴ പെയ്യുകയുമുണ്ടായി. ഇതേതുടർന്ന് പ്രക്ഷോഭകർക്കുവേണ്ടി താൽക്കാലിക തമ്പ് പണിയുന്നതിന് അനുമതി തേടി വനിതകളടക്കമുള്ളവർ ശനിയാഴ്ച കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ പോലീസ് അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് വനിതകളടക്കമുള്ളവർ പോലീസ് സ്റ്റേഷനുപുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങി. ഇവരെ ഇന്നലെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
 

Tags

Latest News