Sorry, you need to enable JavaScript to visit this website.

നാലടിച്ച് മെസ്സി ക്ഷീണം തീര്‍ത്തു

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ 360 മിനിറ്റായി ഗോളടിച്ചിട്ടില്ലെന്ന ക്ഷീണം നാലു ഗോളോടെ ലിയണല്‍ മെസ്സി തീര്‍ത്തു. ഐബാറിനെ 5-0 ന് ബാഴ്‌സലോണ തകര്‍ത്തു. ബാഴ്‌സലോണ കരിയറില്‍ ആറാം തവണയാണ് ഒരു മത്സരത്തില്‍ മെസ്സി നാലു ഗോളടിക്കുന്നത്. ആദ്യ പകുതിയില്‍ 26 മിനിറ്റിനിടെയാണ് മെസ്സി ലീഗിലെ മുപ്പത്താറാം ഹാട്രിക് സ്വന്തമാക്കിയത്. 14, 37, 40 മിനിറ്റുകളിലായാണ് മെസ്സി സ്‌കോര്‍ ചെയ്തത്. 87 ാം മിനിറ്റില്‍ നാലാം ഗോളും സ്വന്തമാക്കി. എല്‍ക്ലാസിക്കൊ അടുത്തയാഴ്ച നടക്കാനിരിക്കെയാണ് മെസ്സി ഫോമിലേക്കുയര്‍ന്നത്. 
കഴിഞ്ഞ 360 മിനിറ്റ് കളിയില്‍ മെസ്സി സ്‌കോര്‍ ചെയ്തിരുന്നില്ല. ആറു വര്‍ഷത്തിനിടെ മെസ്സിയുടെ ദീര്‍ഘമേറിയ ഗോള്‍വരള്‍ച്ചയായിരുന്നു അത്. ബാഴ്‌സലോണയുടെ കഴിഞ്ഞ നാലു കളികളിലും മെസ്സിക്ക് വല കുലുക്കാനായില്ല. 2013-14 സീസണിലായിരുന്നു മുമ്പ് ഇത്ര നീണ്ട കാലയളവില്‍ മെസ്സിക്ക് സ്‌കോര്‍ ചെയ്യാനാവാതിരുന്നത്. എങ്കിലും ഗോളവസരങ്ങളൊരുക്കി ടീമിന്റെ വിജയത്തില്‍ മെസ്സി സുപ്രധാന പങ്കുവഹിക്കുന്നുണ്ടായിരുന്നു. 
ലാ ലിഗയില്‍ ടോപ്‌സ്‌കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റും മെസ്സിയുടെ പേരിലാണ്. 18 ഗോളും 12 അസിസ്റ്റും. 

 

Latest News