Sorry, you need to enable JavaScript to visit this website.

ഖസാക്കിലേക്ക് യാത്ര നടത്തി  മലയാളം അധ്യാപകർക്ക് യാത്രാമൊഴി 

കമാൽ വരദൂർ യാത്ര ഫ്ളാഗ് ഓഫ്  ചെയ്യുന്നു.

കോഴിക്കോട് - കോഴിക്കോട് മലയാളം അധ്യാപക വാട്‌സ്ആപ് സംഘത്തിന്റെ നേതൃത്വത്തിൽ മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് ഈ വർഷം  വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും  മലയാളം അധ്യാപകർക്കും  വ്യത്യസ്തമായ യാത്രയയപ്പ് നൽകി. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അര നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ പാലക്കാട്  തസ്‌റാക്കിലേക്ക് സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചുകൊണ്ടായിരുന്നു പരിപാടികൾ. കമാൽ വരദൂർ കോഴിക്കോട്ട് നിന്നാരംഭിച്ച യാത്ര  ഫ്ളാഗ് ഓഫ്  ചെയ്തു.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ തസ്‌റാക്കിൽ മുഖ്യാതിഥിയായി. അധ്യാപനത്തിന്റെ മഹത്വത്തെക്കുറിച്ച് ഒ വി  വിജയന്റെ ഗുരുസാഗരമുൾപ്പെടെയുള്ള കൃതികളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിശദീകരിച്ചു.


കവിതയുടെ താളബോധം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ. ബി. രാജ് ആനന്ദ് സംസാരിച്ചു. കവിതയുടെ വൃത്ത പഠനത്തിന് പ്രാധാന്യം കുറഞ്ഞുപോയത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നമ്മുടെ കാവ്യസൗന്ദര്യ ബോധം കുട്ടികൾക്ക് നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ശ്രീജിത്ത് കാറൽമണ്ണയുടെ നാടൻപാട്ട് അവതരണം ശ്രദ്ധേയമായ മറ്റൊരു പരിപാടിയായിരുന്നു.
സർവീസിൽ നിന്ന് വിരമിക്കുന്ന കോഴിക്കോട് ഡി ഇ ഒ, എൻ മുരളി, തോമസ് മാത്യു (പ്രധാനാധ്യാപകൻ, സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂൾ, കോഴിക്കോട്), അധ്യാപകരായ ഹരിദാസൻ ഇ (ഗവ. ഗണപത് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കോഴിക്കോട്), കെ ടി ഗോപാലൻ(ചെറുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ), ഓണിൽ രവീന്ദ്രൻ (കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ) എന്നിവർക്ക്  അതിഥികൾ ഉപഹാരങ്ങൾ നൽകി. മാവൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച പ്രേംകുമാർ, മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എ സുരേഷ് കുമാർ എന്നിവർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ അധ്യാപകരായ  സുഭാഷ്, ഡോ.എൻ പ്രമോദ്, നസീർ നൊച്ചാട് ,സുധ മര്യങ്ങാട്ട്, റോഷൻ, രാധി പി കെ എന്നിവർ സംസാരിച്ചു. തുടർന്ന് ഖസാക്കിന്റെ ഇതിഹാസം നോവൽ ചർച്ചയും മാതൃഭാഷാ ചിന്തകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറും  നടന്നു.

Latest News