Sorry, you need to enable JavaScript to visit this website.

ഇല്ലാത്ത മയ്യിത്തിന്റെ പേരില്‍ പണപ്പിരിവ്; മലയാളി ഇടപെട്ട് പ്രതിയെ പിടിച്ചു

നാസ് വക്കം

ദമാം- ഇല്ലാത്ത മയ്യിത്തിന്റെ പേരില്‍ പള്ളിയില്‍ പണപ്പിരിവ് നടത്തിയ ഈജിപ്തുകാരന്‍ പിടിയിലായി. ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. നാസ് വക്കത്തെ പള്ളി ഇമാമും പോലീസും സ്വദേശികളും അഭിനന്ദിച്ചു.
പള്ളികളില്‍ സ്ഥിരമായി  പണപ്പിരിവ് നടത്തുന്ന ഈജിപ്ത് സ്വദേശിയാണ്  പിടിയിലായത്. ജുമുഅ നമസ്‌കാരത്തിനെത്തിയ ദമാം മസ്രൂഇയ ജുമാ മസ്ജിദിലാണ് സംഭവം.


നമസ്‌കാരം കഴിഞ്ഞ ഉടന്‍ പുറത്തേക്കുള്ള പ്രധാന കവാടത്തില്‍ ചെറുപ്പക്കാരന്‍ വലിയ ശബ്ദത്തില്‍ തന്റെ ബന്ധുവായ അഹമ്മദ് ശരീഫ് മരിച്ചുവെന്നും  മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ മാസങ്ങളായി മോര്‍ച്ചറിയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു. നൂറു കണക്കിനാളുകള്‍ സഹായവുമായി പാഞ്ഞടുത്തു. മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് റിയാലായി.  


പണപ്പിരിവ് കൊഴുത്തതോടെ നാസ് വക്കം അദ്ദേഹത്തിനടുത്തെത്തി വിഷയമാരായുകയും മൃതദേഹം ഇവിടെ മറവ് ചെയ്യുന്നതിനാണെങ്കിലും നാട്ടിലേക്കയക്കുന്നതിനാണെങ്കിലും താന്‍ സഹായിക്കാമെന്നും തന്റെ കൂടെ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. ഒരു റിയാല്‍ പോലും പിരിക്കേണ്ടതില്ലെന്ന്   പറഞ്ഞതോടെ ഈജിപ്ഷ്യന്‍ യുവാവ് പരുങ്ങാന്‍ തുടങ്ങി. ഉടനെ നിരവധി സ്വദേശി പൗരന്മാര്‍ നാസ് വക്കത്തിനൊപ്പം നിലകൊള്ളുകയും അദ്ദേഹത്തിന്റെ കൂടെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. നാസ് തന്റെ മൊബൈലില്‍ ഉണ്ടായിരുന്ന ദമാം മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ ലിസ്റ്റ് പരിശോധിച്ചെങ്കിലും ഇങ്ങനെ ഒരു പേര് അതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.


ഒരു ഈജിപ്ഷ്യന്‍ പൗരന്റെ മൃതദേഹം പോലും ഇല്ലെന്നും അടുത്ത കാലത്ത് ഇങ്ങനെ ഒരാള്‍ മരിച്ച വിവരം അറിയില്ലെന്നും ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറി മേധാവിയെ  മൊബൈലില്‍ വിളിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. ഇതിനിടയില്‍ ചില ഈജിപ്ഷ്യന്‍ സ്വദേശികള്‍ തന്നെ മുന്നോട്ടു വന്ന് യുവാവിനെ ചോദ്യം ചെയ്യുകയും തങ്ങളുടെ രാജ്യക്കാരെ അപമാനപ്പെടുത്തി എന്നാരോപിച്ച് കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. അവരെ ശാന്തരാക്കിയ പള്ളി ഇമാമും സ്വദേശി പ്രമുഖരും  ആളുകളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. പിരിച്ചെടുത്ത പണം  സ്ഥലത്തെത്തിയ പോലീസിനെ ഏല്‍പിച്ചു.  യുവാവിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്നും നിരവധി പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ പണപ്പിരിവ് നടത്താറുണ്ടെന്നും ചില ദൃക്‌സാക്ഷികളും വിളിച്ചു പറയുന്നുണ്ടായിരുന്നു.
പോലീസിന്റെ പ്രത്യേക അഭിനന്ദനവും നാസ് വക്കത്തിനു ലഭിച്ചു. നാസ് വക്കത്തിനെയും പള്ളി ഇമാമിനെയും സാക്ഷിയാക്കി പോലീസ് കേസ് എടുക്കുകയും വ്യാജ പണപ്പിരിവുകള്‍ക്കെതിരെയുള്ള മുന്നറിയിപ്പ്്് കൂടിയാണിതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

 

 

Latest News