Sorry, you need to enable JavaScript to visit this website.

ശൈഖ് സായിദിന്റെ റോള്‍സ് റോയ്‌സ് തേടി ഒരു യാത്ര, ഒടുവില്‍ കണ്ടെത്തിയത് വിയന്നയില്‍

അബുദാബി- യു.എ.ഇ രാഷ്ട്രപിതാവും സ്ഥാപകനുമായ ശൈഖ് സായിദ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ നിരവധി വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ കണ്ടെത്തി. അമ്പതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന യു.എ.ഇക്ക് തന്റെ സംഭാവനയാണിതെന്ന് ഗ്രന്ഥകര്‍ത്താവും വാഹന ചരിത്രകാരനും വിന്റേജ് കാര്‍പ്രേമിയുമായ മുഹമ്മദ് ലുഖ്മാന്‍ അലി ഖാന്‍ പറഞ്ഞു.
ശൈഖ് സായിദ് ഉപയോഗിച്ചിരുന്ന കാറുകളെക്കുറിച്ച പുസ്തകമെഴുതുന്നതിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിലാണ് ഈ റോള്‍സ് റോയ്‌സ് ഖാന്റെ ശ്രദ്ധയില്‍പെടുന്നത്. ശൈഖ് സായിദില്‍നിന്ന് കൈമറിഞ്ഞുപോയ കാര്‍ കണ്ടെത്താന്‍ നടത്തിയ യാത്ര അദ്ദേഹത്തെ ബ്രിട്ടനിലും ഫ്രാന്‍സിലും ഹോളണ്ടിലും ഒടുവില്‍ ഓസ്ട്രിയയിലുമെത്തിച്ചു. വിയന്നയില്‍ കണ്ടെത്തിയ കാറിന്റെ ചേസിസ് നമ്പരും മറ്റ് വിശദാംശങ്ങളും പരിശോധിച്ച അദ്ദേഹത്തിന് കാര്‍ ശൈഖ് സായിദിന്റേത് തന്നെയെന്ന് ബോധ്യപ്പെട്ടു. ഒരു വര്‍ഷമെടുത്ത് ഉടമയെ പറഞ്ഞു മനസ്സിലാക്കി ഈ കാര്‍ അദ്ദേഹം സ്വന്തമാക്കി.
ആസന്നനായ എക്‌സ്‌പോ 2020 ല്‍ കാര്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് വിന്റേജ് ഖാന്‍ എന്ന ഓമനപ്പേരുള്ള ഈ ഗവേഷകന്റെ ആഗ്രഹം. രാജ്യം അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍, രാജ്യത്തിന് സമര്‍പ്പിക്കുന്ന ഉപഹാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാറിനെക്കുറിച്ച ഡോക്യുമെന്ററി പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ അടുത്ത പുസ്തകവും ഈ കാറിനെക്കുറിച്ചാണ്.
റോള്‍സ് റോയ്‌സ് ഫാന്റം അഞ്ച് ഇനത്തില്‍പെട്ട ഈ കാര്‍ യു.എ.ഇ ഇറക്കുമതി ചെയ്ത ഇത്തരത്തിലുള്ള ഏക കാറാണ്.

 

 

Latest News