Sorry, you need to enable JavaScript to visit this website.

സൗദി പ്രാദേശിക വിപണിയിൽ മുട്ട വില ഉയർന്നു

റിയാദ് - പത്തു ദിവസത്തിനിടെ പ്രാദേശിക വിപണിയിൽ മുട്ട വില 21 ശതമാനം വരെ ഉയർന്നു. ഒരു ട്രേ മുട്ടയുടെ വില 14 റിയാലിൽനിന്ന് 17 റിയാലായി ഉയർന്നിട്ടുണ്ട്. വലിപ്പ വ്യത്യാസത്തിനും വ്യാപാര സ്ഥാപനങ്ങൾക്കും അനുസരിച്ച് നേരത്തെ ഒരു ട്രേ മുട്ടക്ക് 12 റിയാൽ മുതൽ 14 റിയാൽ വരെയായിരുന്നു വില. ഇതിപ്പോൾ 15 റിയാൽ മുതൽ 17 റിയാൽ വരെയായി ഉയർന്നിട്ടുണ്ട്. ഒരു കാർട്ടൺ മുട്ടയുടെ വില 150 റിയാലിൽനിന്ന് 190 റിയാൽ വരെയായും ഉയർന്നിട്ടുണ്ട്. 


ശൈത്യകാലമായതോടെ ആവശ്യം വർധിച്ചതും വിദേശ തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് ഉയർന്നതും ഉൽപാദന ചെലവ് വർധിച്ചതുമാണ് മുട്ട വില ഉയരുന്നതിന് ഇടയാക്കിയ ഘടകങ്ങളെന്ന് വിദഗ്ധർ പറയുന്നു. മുപ്പതു മുട്ടകൾ അടങ്ങിയ ഒരു ട്രേക്ക് 15 റിയാൽ മുതൽ 17 റിയാൽ വരെയാണ് ഇപ്പോൾ സൂപ്പർമാർക്കറ്റുകളിലും ബഖാലകളിലും മിനിമാർക്കറ്റുകളിലും വില. 
വില ഇനിയും വർധിക്കുമെന്ന് കരുതുന്നതിനാൽ ചില വിതരണക്കാർ പരിമിതമായ അളവിൽ മാത്രമാണ് മുട്ട ഇറക്കുന്നതെന്ന് മുട്ട, കോഴിയിറച്ചി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു. ഇപ്പോൾ ഒരു മുട്ടക്ക് ഒരു റിയാലായി മാറിയിട്ടുണ്ട്. നേരത്തെ ഒരു റിയാലിന് രണ്ടു മുട്ടകൾ നൽകിയിരുന്നെന്നും ഇയാൾ പറഞ്ഞു. 


ശൈത്യകാലമായതിനാൽ ആവശ്യം വർധിച്ചതും ഉൽപാദന ചെലവ് വർധിച്ചതും തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് ഉയർന്നതും തൊഴിലാളികളുടെ ദൗർലഭ്യവുമെല്ലാം മുട്ട വില ഉയരാൻ ഇടയാക്കിയതായി മക്ക പ്രവിശ്യ പൗൾട്രി ഫാം സൊസൈറ്റി പ്രസിഡന്റ് അബ്ദുല്ല ബകർ ഖാദി പറഞ്ഞു. തൊഴിലാളികളുടെ ദൗർലഭ്യം വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ചില കച്ചവടക്കാർ ഉയർന്ന തോതിൽ ലാഭമെടുക്കുന്നുണ്ട്. വൻകിട ഉൽപാദകർ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഒരു ട്രേ മുട്ട 13.5 റിയാൽ മുതൽ 14 റിയാൽ വരെ നിരക്കിലാണ് വൻകിട ഉൽപാദകർ നൽകുന്നത്. 12 ട്രേകൾ അടങ്ങിയ ഒരു കാർട്ടൻ മുട്ടയുടെ വില 168 റിയാലാണ്. യുക്തിസഹമായ വിലയിൽ ലഭിക്കുന്നതിന് എല്ലാ നഗരങ്ങളിലുമുള്ള വൻകിട വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഉപയോക്താക്കൾ മുട്ട വാങ്ങണമെന്നും അബ്ദുല്ല ബകർ ഖാദി നിർദേശിച്ചു. 


നിത്യോപയോഗ വസ്തുക്കൾ വിപണിയിൽ ലഭ്യമാണെന്നും അന്യായമായ വിലക്കയറ്റമില്ലെന്നും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, വാണിജ്യ വിവര നിയമം, ട്രേഡ് മാർക്ക് നിയമം എന്നിവ അടക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ വ്യാപാര സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങൾ തുടർച്ചയായി ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. അന്യായമായ നിലക്കുള്ള വിലക്കയറ്റങ്ങളിൽ വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും. വില വ്യക്തമാക്കുന്ന സ്റ്റിക്കറുകളും ടാഗുകളും ഉൽപന്നങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരസ്യപ്പെടുത്തുന്ന ഓഫറുകളുടെ നിജസ്ഥിതിയും ഓഫർ പ്രഖ്യാപനങ്ങളിൽ വഞ്ചനയും കബളിപ്പിക്കലുകളുമില്ലെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുന്നതിനും നിരീക്ഷണം തുടരുകയാണെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു. 

 

Latest News