Sorry, you need to enable JavaScript to visit this website.

വാലറ്റക്കാരോട് ഗോകുലം തോറ്റു

ഇംഫാല്‍ - വാലറ്റക്കാരായ നെരോക്ക എഫ്.സിയോട് ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളാ എഫ്.സി 2-3 ന് തോറ്റു. നാല്‍പതാം മിനിറ്റില്‍ 2-1 ന് മുന്നിലെത്തിയ ഗോകുലം ലീഡ് കളഞ്ഞുകുളിക്കുകയായിരുന്നു. ജയത്തോടെ നെരോക്ക തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് കരകയറി.
രണ്ടാം മിനിറ്റില്‍ തന്നെ ഗോകുലം പ്രതിരോധത്തിന്റെ അലക്ഷ്യമായ ക്ലിയറന്‍സില്‍ നിന്ന് പ്രിതം സിംഗിലൂടെ നെരോക്ക മുന്നിലെത്തി. ഇരുപത്തഞ്ചാം മിനിറ്റില്‍ ഷിബില്‍ മുഹമ്മദും നാല്‍പതാം മിനിറ്റില്‍ നഥാനിയേല്‍ ഗാര്‍ഷ്യയും നേടിയ ഗോളുകളില്‍ ഗോകുലം ഉജ്വലമായി തിരിച്ചുവന്നതായിരുന്നു. ഇടവേളക്കു ശേഷം നെരോക്ക ആധിപത്യം പിടിച്ചു. ഇര്‍ഷാദിനു നേരെയുള്ള സെബാസ്റ്റ്യന്റെ ത്രോ പിടിച്ചെടുത്താണ് നെരോക്ക സമനില ഗോള്‍ കണ്ടത്. നാല്‍പത്തെട്ടാം മിനിറ്റില്‍ ഫിലിപ് അദ്ജയിലൂടെ ഒപ്പമെത്തിയ ആതിഥേയര്‍ കളി തീരാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ റൊണാള്‍ഡ് സിംഗിലൂടെ വിജയം പിടിച്ചു. പ്രിതം സിംഗാണ് മാന്‍ ഓഫ് ദ മാച്ച്. 
ഗോകുലത്തിന്റെ രണ്ടു ഗോളിനും വഴിയൊരുക്കിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. 
12 കളികളില്‍ 17 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്. നെരോക്ക 14 കളികളില്‍ 15 പോയന്റുമായി ഏഴാമതും. 

Latest News