Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്മാരെ ഇന്ത്യ ഞെട്ടിച്ചു, ലോകകപ്പിന് വെടിക്കെട്ട് തുടക്കം

സിഡ്‌നി - നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് അട്ടിമറിക്കുന്നതു കണ്ട് ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങി. ലെഗ്‌സ്പിന്നര്‍ പൂനം യാദവാണ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലിന് 132 ലൊതുങ്ങിയെങ്കിലും ആതിഥേയരുടെ മറുപടി 115 റണ്‍സിലൊതുങ്ങി. ആറ് ലോകകപ്പുകളില്‍ നാലിലും ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തോല്‍വി ടൂര്‍ണമെന്റിനെ ഞെട്ടിച്ചു. 
ഓപണര്‍ അലീസ ഹീലിയുടെ അര്‍ധ ശതകം ഓസ്‌ട്രേലിയയെ അനായാസ വിജയത്തിലേക്കു നയിക്കുമെന്ന് കരുതിയതായിരുന്നു. എന്നാല്‍ 2019 ലെ ഇന്ത്യന്‍ വനിതാ പ്ലയര്‍ ഓഫ് ദ ഇയറായ പൂനം ബൗളിംഗിന് വന്നതോടെ കളി തിരിഞ്ഞു. അലീസയെയും റെയ്ചല്‍ ഹെയ്ന്‍സിനെയും എലിസ് പെറിയുടെയും വിലപ്പെട്ട വിക്കറ്റുകള്‍ പൂനം സ്വന്തമാക്കി. നിര്‍ഭാഗ്യം കൊണ്ടാണ് പൂനത്തിന് ഹാട്രിക് ലഭിക്കാതെ പോയത്. 19 റണ്‍സിന് പൂനം നാല് വിക്കറ്റെടുത്തതോടെ ഓസ്‌ട്രേലിയ തകര്‍ന്നു. 
ഓരോ ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ടു ടീമുകള്‍ മാത്രം സെമിയിലെത്തുമെന്നിരിക്കെ ഇന്ത്യക്ക് നിര്‍ണായക വിജയമാണ് ഇത്. അപകടകാരികളായ ന്യൂസിലാന്റും ഗ്രൂപ്പിലുണ്ട്. 

Latest News