Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ സന്ദർശനം; പാലത്തിൽ ആഡംബര വാഹനം കയറുമോ? 

ന്യൂദൽഹി- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹത്തിനും ഭാര്യക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. രണ്ടു ദിവസത്തെ മാത്രം സന്ദർശനത്തിന് എത്തുന്ന ഇവർക്ക് മുന്നിൽ ആളാകാൻ ചെലവാക്കുന്നത് കോടികളാണ്. എന്നാൽ ഇപ്പോൾ അധികൃതരെ പോലും ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് ചർച്ചയാകുന്നത്. ഇവിടെ അധികൃതരെ കുഴപ്പത്തിലാക്കിയത് ഒരു പാലമാണ്. ട്രംപും ഭാര്യ മെലാനിയയും താജ് മഹൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ 6.4 ടൺ ഭാരമുള്ള ആഡംബര വാഹനവും അകമ്പടി വാഹനങ്ങളും ആഗ്രയിലെ റെയിൽവേ പാലത്തിലൂടെ കടന്നു പോകുമോ എന്ന ആശങ്കയാണ് നിലവിലുള്ളത്.
ആഗ്ര വിമാനത്താവളത്തിൽനിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. കാറ് നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചുകഴിഞ്ഞു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ച കൂറ്റൻ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യൻ സർക്കാർ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കും.
താജ്മഹൽ പ്രദേശത്തേക്ക് മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഈ സുപ്രീം കോടതി മാർഗനിർദേശങ്ങൾ ട്രംപിനും ബാധകമാണ്. അതേസമയം വാഹനമില്ലാതെ ട്രംപിന് ഇത്രയുമധികം സഞ്ചരിക്കാൻ കഴിയുമോ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Tags

Latest News