Sorry, you need to enable JavaScript to visit this website.

ലോക സിനിമ സൗദിയിലേക്ക്, വിശ്വപ്പെരുമയുടെ ദൃശ്യവിരുന്നിന് ജിദ്ദയിൽ കൊടിയേറ്റം 

മൊത്തം 107 സിനിമകൾ; മൽസര വിഭാഗത്തിൽ 16 ചിത്രങ്ങൾ, 15 റെട്രോസ്‌പെക്ടീവുകൾ, അഞ്ചു ഷോർട്ട് ഫിലിമുകൾ, തെരഞ്ഞെടുത്ത ലോക ക്ലാസിക്കുകൾ പ്രദർശനത്തിന് 

റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് 'ചെങ്കടലിന്റെ വധു'വായ ജിദ്ദാ നഗരത്തിൽ അരങ്ങുണരുകയായി. സൗദി അറേബ്യൻ സാംസ്‌കാരിക വകുപ്പ് മന്ത്രി ബദർ ബിൻ അബ്ദുല്ല രാജകുമാരന്റെ മേൽനോട്ടത്തിലുള്ള റെഡ് സീ ഫിലിം ഫൗണ്ടേഷനാണ് മാർച്ച് 12 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രശസ്ത സൗദി സിനിമാ സംവിധായകനും നിർമാതാവുമായ മഹ്മൂദ് സബാഗാണ് ഫിലിം ഫൗണ്ടേഷന്റെ പ്രസിഡന്റ്. ജിദ്ദ ഡൗൺ ടൗണിനും ബഗ്ദാദിയക്കും സമീപം പ്രത്യേകം പടുത്തുയർത്തിയ പടുകൂറ്റൻ പവിലിയനിലെ ബിഗ് സ്‌ക്രീനിലായിരിക്കും സിനിമകൾ പ്രദർശിപ്പിക്കുക. മാറുന്ന കാലത്തിന്റെ അടയാളങ്ങൾ വരച്ചുകാട്ടുന്ന സിനിമാറ്റിക് ലോകത്തേക്ക് പുതുതലമുറയേയും പഴയ തലമുറേയയും കണ്ണി ചേർക്കുകയെന്നതാണ് ഇതാദ്യമായി ജിദ്ദയിൽ അരങ്ങുണരുന്ന ഫിലിം ഫെസ്റ്റിവൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മഹ്മൂദ് സബാഗ് അറിയിച്ചു. സൗദി വിനോദ-ടൂറിസം മേഖലയുടെ സമഗ്ര പുരോഗതി കൂടി ലക്ഷ്യമാക്കിയുള്ള ഉൽസവങ്ങളുടെ കൊടിയേറ്റമായിരിക്കും ഇനി നടക്കുക.

ജിദ്ദ റെഡ് സീ മാളിലെ വോക്‌സ് സിനിമാ തിയേറ്ററിൽ ലൂസിഫർ എന്ന മലയാള സിനിമയുൾപ്പെടെ പ്രദർശിപ്പിക്കപ്പെട്ട നിരവധി പടങ്ങൾക്ക് പ്രേക്ഷകർ ഇരച്ചെത്തുന്നത് ഈ രംഗത്തെ മാറ്റത്തിന്റെ നാന്ദി കൂടിയായാണ് സൗദി സാംസ്‌കാരിക വകുപ്പും സൗദി എന്റർടെയിൻമെന്റ് അതോറിറ്റിയും കണക്കാക്കുന്നത്.

മാർച്ച് 12 ന് ജിദ്ദ ബഗ്ദാദിയ അർബഈൻ ലഗൂണിന് സമീപം പ്രത്യേകം സജ്ജമാക്കിയ പവലിയനിലെ പടുകൂറ്റൻ സ്‌ക്രീനിൽ പത്ത് നാൾ നീണ്ടു നിൽക്കുന്ന റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കൊടിയേറുന്നു

സൗദി ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകനായ മഹ്മൂദ് സബാഗിന്റെ ചിത്രം ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. അംറ, സെക്കന്റ് മാര്യേജ് എന്നിവയാണ് സബാഗിന്റെ ചിത്രങ്ങൾ. വജ്ദ എന്ന അവാർഡ് ചിത്രത്തിലൂടെ പ്രശസ്തയായ ഹൈഫ അൽ മൻസൂറാണ് ലോക സിനിമയുടെ നെറുകയിലേക്ക് സൗദി സിനിമയെ ഉയർത്തിയത്. അവരുടെ പുതിയ ചിത്രമായ ദ പെർഫെക്ട് കാൻഡിഡേറ്റ് ഇത്തവണ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 
മാർച്ച് 12 ന് സൗദി സംവിധായകൻ ഫാരിസ് ഗോദസിന്റെ ശംസ് അൽ മാരിഫ് എന്ന സിനിമയോടെയാണ് ആദ്യ പ്രദർശനം ആരംഭിക്കുക. ഫാരിസിന്റെ സഹോദരൻ ശുഐബാണ് ചിത്രത്തിന്റെ നിർമാതാവ്. 


മൊത്തം 107 സിനിമകളാണ് പത്ത് ദിവസങ്ങളിലായി സ്‌ക്രീൻ ചെയ്യുക. മൽസര വിഭാഗത്തിൽ പതിനാറു ചിത്രങ്ങളാണുള്ളത്. ഇതിനു പുറമെ 15 റെട്രോസ്‌പെക്ടീവുകൾ, അഞ്ചു ഷോർട്ട് ഫിലിമുകൾ, നവ സൗദി സിനിമാ വിഭാഗത്തിൽ 11 പടങ്ങൾ, അഞ്ചു ഷോർട്ട് ഫിലിമുകൾ എന്നിവയാണ് പ്രദർശനത്തിന് സജ്ജമായിട്ടുള്ളതെന്നും ഫെസ്റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടർ ഹുസൈൻ കരീംബോയ് വ്യക്തമാക്കി. 


മൂന്ന് തവണ അന്താരാഷ്ട്ര ഫിലിം അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള ലോകപ്രശസ്ത ചലച്ചിത്രകാരൻ ഒലിവർ സ്റ്റോൺ ചെയർമാനായ സമിതിയാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ നിർണയിക്കുക. ജൂറി അധ്യക്ഷനായ ഒലിവർ സ്റ്റോൺ (74) അമേരിക്കൻ പൗരനും മിഡ്‌നൈറ്റ് എക്‌സ്പ്രസ്, സ്‌കാർ ഫേയ്‌സ് എന്നീ പ്രശസ്ത സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. സൗദി സിനിമകൾക്ക് പുറമെ ഇന്ത്യ, അംഗോള, ബംഗ്ലാദേശ്, ബ്രസീൽ, ചൈന, കൊളംബിയ, ഈജിപ്ത്, ഫ്രാൻസ്, ജർമനി, കൊസോവോ, ലബനോൻ, മംഗോളിയ, നൈജീരിയ, ഫിലിപ്പൈൻസ്, സ്‌പെയിൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ചലച്ചിത്ര മേളയിൽ വിവിധ ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. രണ്ടാം ദിവസം - മാർച്ച് 13 ന് - ലോക സിനിമാ രംഗത്തെ മാസ്റ്റർപീസായ മാൽക്കം എക്‌സ് (സംവിധാനം- സ്‌പൈക് ലീ) പ്രത്യേകമായി പ്രദർശിപ്പിക്കുന്നുണ്ട്. 


ലോക സിനിമയുടെ വ്യാകരണം തിരുത്തിയെഴുതിയ പ്രമുഖ ചലച്ചിത്രകാരൻ ഫെഡറികോ ഫെല്ലിനിയുടെ സിനിമയുടേയും ആധുനിക ചിത്രകലയുടെ ആചാര്യൻ പാബ്ലോ പിക്കാസോയുടെ പ്രശസ്തമായ ഗ്വർണിക്ക ഉൾപ്പെടെയുള്ള പെയിന്റിംഗുകളുടേയും ഒരു സമന്വയം റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ സവിശേഷതയായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. 1993 ൽ അന്തരിച്ച ഇറ്റാലിയൻ പ്രതിഭാശാലി ഫെല്ലിനിയുടെ സിനിമകളിലെ ക്ലാസിക് മൂല്യവും 1973 ൽ അന്തരിച്ച സ്പാനിഷ് ചിത്രകാരൻ പിക്കാസോയുടെ പെയിന്റിംഗുകളിലെ അമൂർത്ത ഭാവങ്ങളും സംയുക്തമായൊരു കലാ സങ്കേതത്തിലൂടെ പ്രേക്ഷകരെ അനുഭവവേദ്യമാക്കുന്ന നവീനമായൊരു കാഴ്ചയുടെ സിംഫണിയായിരിക്കും ചലച്ചിത്രോൽസവത്തിലെ വ്യത്യസ്തമായൊരു ഇനം.

പിക്കാസോയെ സ്വപ്‌നം കണ്ട ഫെല്ലിനിയെന്നതാണ് ശീർഷകം.
അതിനിടെ, റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. പ്രസിദ്ധ ബാലെ നർത്തകി സമീറാ അൽ ഖമീസ് മോഡലായിട്ടുള്ള പോസ്റ്ററിന്റെ പ്രമേയം കാലത്തിന്റെ മാറ്റത്തിനൊപ്പം ആധുനികതയിലേക്കുള്ള അറബ് ലോകത്തിന്റെ പ്രയാണമാണ്. നവീന സങ്കേതമുപയോഗിച്ചുള്ള പ്രതീകാത്മക പോസ്റ്റർ ഇതിനകം ലോകശ്രദ്ധയാകർഷിച്ചു.


മൊത്തം രണ്ടര ലക്ഷം ഡോളറിന്റെ കാഷ് അവാർഡുകളാണ് മൽസര വിഭാഗത്തിലെ ചലച്ചിത്രങ്ങൾക്ക് ലഭിക്കുക. മികച്ച ഫീച്ചർ ഫിലിമിന് ഒരു ലക്ഷം ഡോളറിന്റെ ഗോൾഡൻ യുസ്ർ ട്രോഫി. മികച്ച സംവിധായകന് അര ലക്ഷം ഡോളറിന്റെ സിൽവർ യുസ്ർ ട്രോഫി. മികവ് പുലർത്തുന്ന ഷോർട്ട് ഫിലിമിന് അര ലക്ഷം ഡോളർ പുരസ്‌കാരം. ഇവക്ക് പുറമെ ഏറ്റവും നല്ല തിരക്കഥ, നടൻ, നടി, സമഗ്ര സംഭാവന എന്നിവക്കുള്ള കാഷ് അവാർഡുകളുമുണ്ട്. മൽസര വിഭാഗത്തിൽ പ്രസിദ്ധ ഓസ്‌ട്രേലിയൻ ചലച്ചിത്രകാരി കിറ്റി ഗ്രീന്റെ 'വെയ്ൻ സ്റ്റെയിൻ', ചൈനീസ് സംവിധായകൻ ഡെറിക് ഷാങിയുടെ ബെറ്റർ ഡേയ്‌സ്, പ്രശസ്ത സൗദി ചലച്ചിത്രകാരി ഹൈഫ അൽ മൻസൂറിന്റെ ദ പെർഫെക്റ്റ് കാൻഡിഡേറ്റ് എന്നിവയും പ്രദർശിപ്പിക്കും.

അഞ്ചു നവ സൗദി വനിതാ സംവിധായകരുടെ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. ഹിന്ദ് അൽ ഫഹാദ്, ജൗഹർ അൽ അംറി, നൂർ അൽ അമീർ, സാറാ മിസ്ഫർ, ഫാത്തിമാ അൽ ബനാനി എന്നിവരാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ സൗദി വനിതാ ചലച്ചിത്ര പ്രതിഭകളെ പ്രതിനിധീകരിക്കുന്നത്. ദുബായ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാവാണ് ഹിന്ദ് അൽ ഫഹാദ്. ഫാത്തിമാ അൽ ബനാനിയുടെ 'ബാറകാ മീറ്റ്‌സ് ബാറക' ഫിലിം മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. വെബ്‌സൈറ്റ്: www.redseafilmfest.com

Latest News