Sorry, you need to enable JavaScript to visit this website.

ബജറ്റ്: സാമ്പത്തിക പ്രതിസന്ധി  ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെ ബാധിക്കും

മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- അടുത്ത സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളെ സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് വാർഷിക ബജറ്റിന് മുന്നോടിയായി നടന്ന വികസന സെമിനാറിൽ അഭിപ്രായമുയർന്നു. സംസ്ഥാന സർക്കാറിന്റെ വിഹിതം കുറഞ്ഞതും കഴിഞ്ഞ വർഷം പണി പൂർത്തായാകാത്ത പദ്ധതികൾക്കായി തുക മാറ്റിവെക്കേണ്ടി വരുന്നതും അടുത്ത വർഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയുടെ പ്രകാശനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. 
കടുത്ത പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് അടുത്ത വർഷത്തെ പദ്ധതി രൂപീകരണ പ്രക്രിയ നടത്തേണ്ടതുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ പറഞ്ഞു. 
മുൻവർഷം ലഭിച്ചതിനേക്കാൾ 7.50 കോടിയുടെ കുറവാണ് ഈ വർഷം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. നടപ്പുവർഷം പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളുണ്ടെങ്കിൽ അവ പൂർത്തിയാക്കാൻ ആവശ്യമായ തുക മാറ്റിവെച്ച ശേഷം ബാക്കി തുകക്ക് മാത്രമേ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ പാടുള്ളൂ എന്ന സർക്കാർ നിർദേശവുമുണ്ട് -ഉമ്മർ അറക്കൽ അറിയിച്ചു.
145 കോടി രൂപ അടങ്കലിൽ 1114 പ്രോജക്റ്റുകൾക്കാണ് സെമിനാർ അംഗീകാരം നൽകിയത്. ഇതിൽ 588 എണ്ണവും ബഹുവർഷ പദ്ധതികളായി നടപ്പുവർഷം തന്നെ അംഗീകരിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നവയാണ്. 341 പ്രോജക്റ്റുകളാണ് പുതിയതായി ഏറ്റെടുക്കുന്നത്.
പുതിയ പദ്ധതികൾക്കായി 50.87 കോടി രൂപയും സ്പിൽ ഓവർ പദ്ധതികൾക്കായി 48.11 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ഗവ. ബജറ്റിൽ അനുവദിച്ചിട്ടുള്ള 134.63 കോടി രൂപയിൽ 17.79 കോടി രൂപ സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിക്കായി നീക്കിവെച്ചിരിക്കുകയാണ്.
നിലവിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തുന്ന റീ ടാറിങ്, ഐറിഷ് ഡ്രൈനേജ് നിർമാണം എന്നിവക്ക്  31 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കാർഷിക മേഖലക്കും ജലസേചന പദ്ധതികൾക്കുമായി 6.41 കോടി രൂപയുടെ പദ്ധതികളും മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനും മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി 45 ലക്ഷം രൂപയും ജില്ലാ മൃഗാശുപത്രിയിൽ മെഡിക്കൽ ഷോപ്പ് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപയും ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡിയായി 25 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൽപാദന മേഖലക്ക് മൊത്തം 15.94 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്.
വനിതാ ശാക്തീകരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് സ്വയം തൊഴിൽ യൂനിറ്റുകൾ ആരംഭിക്കൽ, ആശുപത്രികളിലും ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേകം സൗകര്യങ്ങൾ സജ്ജീകരിക്കൽ, വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും കായിക പരിശീലനം നടത്തുന്നതിനുമുള്ള പ്രത്യേക സംവിധാനമൊരുക്കൽ തുടങ്ങിയവക്കായി 8.90 കോടി രൂപയുടെ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാവുന്ന സ്‌കൂട്ടർ, ബഡ്‌സ് സ്‌കൂളുകൾ, പ്രതീക്ഷ ഡേ കെയർ സെന്ററുകൾ തുടങ്ങിയവ സ്ഥാപിക്കൽ, നിലവിലുള്ളവ വിപുലീകരിക്കൽ എന്നിവക്കായി 7.45 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 
ചടങ്ങിൽ പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ, കെ.പി ഹാജറുമ്മ, അനിത കിഷോർ, വി. സുധാകരൻ, ടി.കെ റഷീദലി, എ.കെ അബ്ദു റഹ്മാൻ, വെട്ടം ആലിക്കോയ, കലാം മാസ്റ്റർ, എ.കെ നാസർ, എൻ മുഹമ്മദ് റഷീദ് തുടങ്ങിയവർ സംസാരിച്ചു.

 


 

Latest News