Sorry, you need to enable JavaScript to visit this website.

വനിതാ ലോകകപ്പിന് ആരവം മുഴങ്ങി, ഇന്ത്യ എത്രത്തോളം?

മെല്‍ബണ്‍ - കഴിഞ്ഞ വര്‍ഷം 20 കളികളില്‍ പത്തു ജയവും പത്തു തോല്‍വിയും. സ്ഥിരതയില്ലാത്ത ഈ പ്രകടനവുമായാണ് ഇന്ത്യന്‍ ടീം വനിതാ ട്വന്റി20 ലോകകപ്പിന് ഒരുങ്ങുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ പാഡ് കെട്ടുകയാണ് ഹര്‍മന്‍പ്രീത് കൗറും കൂട്ടരും. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ ടീമിന് ഒരു സന്നാഹ മത്സരമുണ്ട്. പാക്കിസ്ഥാനെതിരായ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. 
ഏത് ഇന്ത്യന്‍ ടീമായിരിക്കും ഓരോ ദിനവും കളിക്കുക എന്നതിനനുസരിച്ചായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യത. സെമി ഫൈനലിലെങ്കിലുമെത്തിയില്ലെങ്കില്‍ ടീമിന് വലിയ നിരാശയായിരിക്കും. മധ്യനിരയുടെ അസ്ഥിരതയാണ് ടീമിനെ അലട്ടുന്നത്. കഴിഞ്ഞയാഴ്ച അരങ്ങേറിയ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയപ്രതീക്ഷ പുലര്‍ത്തിയ ശേഷം ടീം തകരുകയായിരുന്നു. 
ന്യൂസിലാന്റും ഓസ്‌ട്രേലിയയുമടങ്ങുന്ന ഗ്രൂപ്പ് എ ശക്തമാണ്. ബംഗ്ലാദേശും ശ്രീലങ്കയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 
ട്വന്റി20 ലോകകപ്പില്‍ മൂന്നു തവണ നോക്കൗട്ടിലെത്തിയപ്പോഴും ഇന്ത്യക്ക് സെമി കടക്കാന്‍ സാധിച്ചിരുന്നില്ല. 2018 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെയും ന്യൂസിലാന്റിനെയുമൊക്കെ തോല്‍പിച്ച് അജയ്യരായി മുന്നേറിയ ശേഷം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റു. ആ കളിയില്‍ മിഥാലി രാജിനെ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു. മിഥാലി ട്വന്റി20 യില്‍ നിന്ന് പിന്നീട് വിരമിച്ചു.  
ഇക്കഴിഞ്ഞ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ കൈയില്‍ കിട്ടിയ വിജയം കളഞ്ഞുകുളിച്ചു.


 

Latest News