Sorry, you need to enable JavaScript to visit this website.

മനസ്സുനിറയുന്ന കാഴ്ച; അബ്ദുല്ലയുടെയും ഖദീജയുടെയും മകള്‍ രാജേശ്വരിക്ക് വരന്‍ വിഷ്ണുപ്രസാദ്

കാസര്‍കോട്- മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം, കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പില്‍നിന്ന് മനസ്സ് നിറയുന്നൊരു കാഴ്ച. തഞ്ചാവൂര്‍ സ്വദേശിനി രാജേശ്വരിക്ക് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ് മിന്നുചാര്‍ത്തിയപ്പോള്‍രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് അബ്ദുല്ലയും ഖദീജയും. മേല്‍പ്പറമ്പ് കൈനോത്തെ 'ഷമീം മന്‍സിലിലെ' അബ്ദല്ലയുടേയും ഖദീജയുടേയും വളര്‍ത്തുമകളാണ് രാജേശ്വരി.
കാഞ്ഞങ്ങാട് മന്നിയോട്ട്ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നടന്നത്. അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട് തന്നെ, എല്ലാ ചെലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് അബ്ദുല്ലയും ഭാര്യ ഖദീജ കുന്നരീയത്തും തീരുമാനിച്ചത്. അത് സഫലമായി. ആനന്ദക്കണ്ണീരുമായിഇരുവരും വധൂവരന്മാരെ അനുഗ്രഹിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/02/17/wed1.jpg

വിവാഹത്തിന് സാക്ഷ്യം വഹിച്ച് മുസ്ലിം സഹോദരങ്ങളുമുണ്ടായിരുന്നു. അബ്ദുല്ലയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ശരവണന്റെ മകളാണ് രാജേശ്വരി. മാതാപിതാക്കളോടൊപ്പം ഏഴ് വയസുള്ളപ്പോഴാണ് രാജേശ്വരി ഇവരുടെ വീട്ടിലെത്തിയത്. പത്താം വയസില്‍ അച്ഛനമ്മമാര്‍ മരിച്ച പെണ്‍കുട്ടിയാണ് രാജേശ്വരി. മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയ രാജേശ്വരിയെ അബ്ദുല്ലയുടെ കുടുംബം ഏറ്റെടുക്കുകയായിരുന്നു.

രാജേശ്വരിയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളര്‍ത്തി. അബ്ദുല്ലയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെരിഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു. 22 കാരിയായ രാജേശ്വരിക്ക് വിവാഹാലോചനകള്‍ വന്നപ്പോള്‍ രക്ഷിതാക്കളായി വരന്റെ വീട്ടിലെത്തിയതും അബ്ദുല്ലയും കുടുംബവുമായിരുന്നു.

പുതിയകോട്ടയില്‍ബാലചന്ദ്രന്റെയും ജയന്തിയുടെയും മകനാണ് വിഷ്ണുപ്രസാദ്. കാഞ്ഞങ്ങാട്ടെ ലാബ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ തീരുമാനമായത്. ഇതിനായി മന്നിയോട്ട്ക്ഷേത്രം തെരഞ്ഞെടുക്കയായിരുന്നു. അബ്ദുല്ലയുടെ മാതാവ്എണ്‍പത്തിനാലുകാരിയായ സഫിയുമ്മ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ ഭാഗമായി. വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ എച്ച് ആര്‍ ശ്രീധരനും ചേര്‍ന്ന് വധുവിനെയും കുടുംബത്തെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു. ശ്രീകോവിലിനു മുന്നില്‍ ചടങ്ങ് തുടങ്ങുമ്പോള്‍തെല്ലകലെ മാറിനിന്ന അബ്ദുല്ലയെയും സഹോദരന്‍ മുത്തലീബിനെയും ഭാര്യാസഹോദരന്‍ ബഷീര്‍ കുന്നരിയത്തിനെയും വരന്റെ ആളുകള്‍ കൈപിടിച്ച് അടുപ്പിച്ചു. മതസൗഹാര്‍ദത്തിന്റെ മനോഹരമായ ആ മുഹൂര്‍ത്തത്തില്‍ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി.

 

Latest News