Sorry, you need to enable JavaScript to visit this website.

അണയാതെ പൗരത്വ പ്രതിഷേധം: റിയാദിൽ കെ.എം.സി.സി 'ഷഹീൻബാഗ് സ്‌ക്വയർ

റിയാദ്- പ്രവാസ ലോകത്തും അണയാതെ പൗരത്വ പ്രതിഷേധം അലയടിക്കുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഷഹീൻബാഗ് സ്വക്വയർ' ഐക്യദാർഢ്യ സംഗമം കരിനിയമങ്ങൾക്കെതിരെയുള്ള പ്രവാസികളുടെ വേറിട്ട പ്രതിഷേധമായി മാറി. 
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റിയാദ് എക്‌സിറ്റ്-18ലെ നൂർ മാസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ഷഹീൻബാഗ് സ്‌ക്വയറിൽ എത്തിയ നൂറ് കണക്കിന് പ്രവർത്തകർ തലയിൽ റിബൺ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോടും അതോടൊപ്പം രാജ്യ തലസ്ഥാനത്തും മറ്റിടങ്ങളിലും നടക്കുന്ന പ്രതിഷേധ സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 
ഇന്ത്യയെ വെട്ടിമുറിക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ ശ്രമങ്ങളെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത അനുവദിക്കുകയില്ലെന്നും ഇന്ത്യയുടെ മഹത്തായ പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടാണെന്നും പ്രവാസികളുടെ മനസ്സും ഈ പോരാട്ടങ്ങൾക്കൊപ്പമുണ്ടെന്നും സംഗമം പ്രഖ്യാപിച്ചു. സാരേ ജഹാംസെ അഛാ... എന്ന ദേശഭക്തിഗാനം മൊബൈൽ വെളിച്ചത്തിൽ ആലപിക്കുകയും രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.  
ഉച്ചക്ക് രണ്ടര മണിക്കാരംഭിച്ച പരിപാടി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ട്രഷറർ യു.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.  മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് നടക്കുന്ന സമര പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്ന പ്രവർത്തനങ്ങളാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്ന് വരുന്നതെന്നും വിജയം കാണാതെ ഈ പോരാട്ടത്തിൽ നിന്നും ഇന്ത്യൻ ജനത പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
സെക്രട്ടറി സുബൈർ അരിമ്പ്ര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ, മണ്ഡലം കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാർ ചടങ്ങിന് ആശംസ നേർന്നു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി സഫീർ തിരൂർ നന്ദിയും പറഞ്ഞു. ഹബീബ് തവനൂർ ഖിറാഅത്ത് നടത്തി. 
മുനീർ മക്കാനി, മുനീർ കുനിയിൽ, റഊഫ് അരിമ്പ്ര, സലീം ചാലിയം, സത്താർ മാവൂർ, അനീസ് മുനീർ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഷഹീൻബാഗ് സ്‌ക്വയർ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.  സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കുഞ്ഞി കുമ്പള, അഷ്‌റഫ് വടക്കേവിള, സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, ഉബൈദ് എടവണ്ണ, അസ്‌ലം അടക്കാത്തോട്, അഷ്‌റഫ് ഓച്ചിറ, കെ.കെ.കോയാമു ഹാജി എന്നിവർ സംസാരിച്ചു. 
സുഫ്‌യാൻ അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ സ്വാഗതവും സെക്രട്ടറി കെ.ടി.അബൂബക്കർ നന്ദിയും പറഞ്ഞു. സഹിഷ്ണുതയും സഹാനുഭൂതിയും നിറഞ്ഞ നാടിന്റെ പ്രതീക്ഷകളെ അനാവരണം ചെയ്തുകൊണ്ടുള്ള പ്രമുഖ കാഥികൻ നവാസ് പാലേരിയുടെ അവതരണവും പരിപാടിക്ക് മിഴിവേകി.  സെൻട്രൽ, ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Tags

Latest News