Sorry, you need to enable JavaScript to visit this website.

ബോൾടിനെക്കാൾ വേഗമോ, യാഥാർഥ്യമെന്ത്?

ബംഗളൂരു - മംഗലാപുരത്തിനടുത്ത് കാളപ്പോരിനിടെ ശ്രീനിവാസ ഗൗഡ എന്ന വ്യക്തി ഉസൈൻ ബോൾടിനെക്കാൾ വേഗത്തിൽ ഓടിയെന്ന വാർത്തയാണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്നത്. 9.55 സെക്കന്റിൽ ഗൗഡ 100 മീറ്റർ ഓടിയെന്നാണ് അവകാശവാദം. 9.58 സെക്കന്റാണ് ബോൾടിന്റെ പേരിലുള്ള 100 മീറ്ററിന്റെ ലോക റെക്കോർഡ്. ഗൗഡയെ ഒളിംപിക് ചാമ്പ്യനാക്കാനുള്ള യത്‌നത്തിലാണ് ഇപ്പോൾ കായികപ്രേമികൾ. 
കായികമത്സരങ്ങളെക്കുറിച്ച മതിയായ അവബോധമില്ലാത്തതിന്റെ ഫലമായാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ബോൾട് ഓടിയതും റെക്കോർഡ് സ്ഥാപിച്ചതും സ്വന്തം വേഗവും കരുത്തും കൈമുതലാക്കിയാണ്. ഗൗഡയുടെ കരുത്തും വേഗവും അഭിനന്ദനാർഹമായിരിക്കാം. പക്ഷെ മത്സരക്കാളയുടെ വേഗം കൂടി അത്ര വേഗത്തിൽ പറക്കാൻ ഗൗഡയെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യാന്തര മത്സരങ്ങളിൽ ഉപയോഗിക്കുന്നത് സെക്കന്റുകളുടെ നൂറിലൊരംശം പോലും കൃത്യമായി കണക്കാക്കുന്ന ഇലക്ട്രോണിക് വാച്ചുകളാണ്. കാളപ്പോരിൽ ഉപയോഗിക്കുന്ന വാച്ചുകളുടെ സൂക്ഷ്മത എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
റെക്കോർഡ് സൃഷ്ടിച്ച ഓട്ടത്തിൽ ബോൾടിന്റെ വേഗം മണിക്കൂറിൽ 27.8 മൈലായിരുന്നു. കാളകൾ 35 മൈൽ വേഗത്തിൽ വരെ ഓടും. പ്രത്യേകിച്ചും മത്സരങ്ങൾക്കായി പരിശീലിപ്പിക്കുന്ന കാളകൾ. അത്തരം രണ്ടു കാളകളുടെ കരുത്തിലാണ് ഇരുപത്തെട്ടുകാരനായ ഗൗഡ പറന്നത്. 
ബോൾടിന്റെ റെക്കോർഡ് ഗൗഡ തകർത്തുവെന്ന രീതിയിലുള്ള പ്രചാരണത്തിൽ വീണു പോയത് സാധാരണക്കാർ മാത്രമല്ല. 'ഇന്ത്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഇയാളെ പരിശീലിപ്പിക്കണം, ഒളിംപിക് ചാമ്പ്യനാക്കണം. ഇതുപോലെ എത്ര പ്രതിഭകൾ ഗ്രാമങ്ങളിൽ മറഞ്ഞിരിപ്പുണ്ടാവും എന്നാണ് ഞാൻ ആലോചിക്കുന്നത്' -പ്രമുഖ കോൺഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്തു. 
ഗൗഡക്ക് സായ് കോച്ചുമാരുടെ വിദഗ്ധ പരിശീലനം നൽകുമെന്ന് കായിക മന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചു. സരസമായാണ് പ്രശസ്ത സ്‌പോർട് ജേണലിസ്റ്റ് ബാർണി റോണായ് ഇതിനോട് പ്രതികരിച്ചത്. ഗൗഡയുടെ കാളകളും ബോൾടിനെക്കാൾ വേഗത്തിൽ ഓടിയെന്നും പ്രതിഭകളുടെ സംഗമം തന്നെയായിരുന്നു അതെന്നും അദ്ദേഹം കളിയാക്കി. കാളകളുടെ കരുത്താണ് അത്ര വേഗത്തിൽ ഓടാൻ തന്നെ സഹായിച്ചതെന്ന് വിനയാന്വിതനായ ഗൗഡ തന്നെ സമ്മതിക്കുന്നു.  
ഇതാദ്യമായല്ല ബോൾടിനെക്കാൾ വേഗമെന്ന പ്രചാരണം സോഷ്യൽ മീഡിയയെ കീഴടക്കുന്നത്. മധ്യപ്രദേശിലെ രാമേശ്വർ ഗുർജാർ എന്ന കർഷകൻ നഗ്നപാദനായി മലിനമായ റോഡിലൂടെ 100 മീറ്റർ 11 സെക്കന്റിൽ ഓടുന്ന ദൃശ്യം ഏതാനും നാൾ മുമ്പ് ഇതേപോലെ വൈറലായി. ഭോപ്പാലിലെ സായ് സെന്റളിൽ ഗുർജാറിനെ ട്രയൽസിന് വിളിച്ചു. അവസാന സ്ഥാനക്കാരനായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല. 
ഹിമ ദാസ് യൂറോപ്യൻ മീറ്റുകളിൽ അഞ്ച് സ്വർണം നേടിയെന്ന വാർത്തകൾക്കും വൻ പ്രചാരം ലഭിച്ചതാണ്. യൂറോപ്പിൽ ഇന്ത്യൻ അത്‌ലറ്റുകൾക്കെതിരെ പരിശീലന മീറ്റുകളിൽ മത്സരിച്ച് ജയിച്ചതാണ് യൂറോപ്യൻ മീറ്റുകളിൽ സ്വർണം നേടിയെന്ന തലക്കെട്ടുകളോടെ പ്രചരിപ്പിക്കപ്പെട്ടത്.
 

Latest News