Sorry, you need to enable JavaScript to visit this website.

അലനേയും താഹയേയും ഉടൻ മോചിപ്പിക്കണം- ഹ്യുമൻ റൈറ്റ് കമ്മിറ്റി

കോഴിക്കോട് - യു.എ.പി.എ കേസിൽ അറസ്റ്റ് ചെയ്ത അലനേയും താഹയേയും ഉടൻ മോചിപ്പിക്കണമെന്ന് അലൻ- താഹ ഹ്യുമൻ റൈറ്റ് കമ്മിറ്റി കേരള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാവോയിസ്റ്റാണെന്ന് മുഖ്യമന്ത്രിയടക്കം പറയുന്നു. എന്നാൽ അവർ ചെയ്ത കുറ്റമെന്താണെന്ന് പറയുന്നില്ല. കുറ്റകൃത്യത്തിന്റെയോ മറ്റെന്തെങ്കിലും പ്രവൃത്തിയുടെയോ പേരിലല്ല അവരെ അറസ്റ്റ് ചെയ്തത്. ഇതുവരെയും യു.എ.പി.എ വകുപ്പുകൾ ചുമത്തിയിരുന്നത് തക്കതായ കാരണങ്ങൾ ഉള്ളതിനാൽ ആണ്. എന്നാൽ ഇവരുടെ കാര്യത്തിൽ അതില്ല. 
അതിനാൽ തന്നെ ഇവരുടെ പേരിലുള്ള കേസുകൾ എത്രയും പെട്ടെന്ന് റദ്ദാക്കണം. എൻ.ഐ.എ ആക്ടിലെ 7ബി ഉപവകുപ്പ് പ്രകാരം എൻ.ഐ.എ ഏറ്റെടുത്ത കേസുകൾ സംസ്ഥാനങ്ങൾക്ക് കൈമാറാം. അതിനായി അതത് സംസ്ഥാനങ്ങൾ എൻ.ഐ.എയോട് ആവശ്യപ്പെട്ടാൽ മതി. ഇപ്രകാരം എൻ.ഐ.എയുടെ പരിധിയിലുള്ള കേസ് കേരള സർക്കാരിന് കൈമാറാൻ ആവശ്യപ്പെടണം. ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് ഫെബ്രുവരി 12ന് നിയമസഭയ്ക്ക് മുന്നിൽ സാംസ്‌കാരിക പ്രതിരോധം തീർക്കുമെന്നും നേതാക്കൾ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള വ്യക്തികൾ പ്രതിഷേധത്തിൽ പങ്കെടുക്കും. അലന്റെയും താഹയുടേയും മോചനത്തിനായി ഓൺലൈൻ മുഖാന്തിരവും അല്ലാതെയും നടത്തിയ ഒപ്പുശേഖരണത്തിൽ നൂറുകണക്കിന് പേർ പങ്കാളികളായിട്ടുണ്ട്. ഈ കൈയ്യൊപ്പോടു കൂടിയ നിവേദനവും അന്നേ ദിവസം മുഖ്യമന്ത്രിക്ക് നൽകുമെന്നും അലൻ-താഹ ഹ്യുമൻ റൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. അജിത പറഞ്ഞു.
യു.എ.പി.എ നിയമത്തെ എതിർക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം. എന്നാൽ അതേ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് തന്നെ ഈ നിയമം നടപ്പിലാക്കിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ നിയമം നടപ്പിലാക്കിയത് മൂലം സി.പി.എം പാർട്ടിക്കകത്ത് തന്നെ ഭിന്നത നിലനിൽക്കുകയാണ്. ഇടതുപക്ഷത്തിന്റെ ആശയത്തിന് എതിരാണിത്. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ നിയമത്തിൽ നടപ്പിലാക്കിയ ഭേദഗതിക്കു ശേഷം വന്ന ആദ്യ കേസാണ് അലന്റെയും താഹയുടേതും. അതുകൊണ്ട് തന്നെ ഈ കേസിന് വലിയ പ്രാധാന്യമാണ് രാജ്യത്ത് ഉള്ളത്. 
പൊലീസിന് കീഴ്‌പെടേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി.കെ. പോക്കർ, എൻ.പി. ചെക്കുട്ടി, കെ.പി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News