Sorry, you need to enable JavaScript to visit this website.

പരിക്കില്ലാതെ രക്ഷപ്പെട്ട് സർക്കാരും ഗവർണറും

താനെത്ര കണ്ടവനാണ് എന്ന ഇന്നസെന്റ് ഡയലോഗ് മട്ടിൽ  ആരിഫ് ഖാൻ

തിരുവനന്തപുരം - നിയമസഭ സംവിധാനത്തിന്റെ   പോലീസായ വാച്ച് ആന്റ് വാർഡ് സഭയിൽ കയറി കാര്യങ്ങൾ നിയന്ത്രിക്കരുതെന്ന്  തീരുമാനിച്ചത് ജി. കാർത്തികേയൻ നിയമസഭ സ്പീക്കറായ കാലത്തായിരുന്നു. സ്വന്തമായി നിലപാടുണ്ടായിരുന്ന രാഷ്ട്രീക്കാരനായ കാർത്തികേയൻ അങ്ങനെയൊരു നിലപാടെടുത്തത് സ്വാഭാവികം. പ്രശ്‌നമുണ്ടാകുമ്പോൾ  ജനപ്രതിനിധികളെ കൈകാര്യം ചെയ്യാൻ വെള്ള വസ്ത്രക്കാരായ വാച്ച് ആന്റ് വാർഡ് കയറി വരുന്ന അവസ്ഥ ഒഴിവാക്കാനായിരുന്നു ഇത്.  ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോൾ അദ്ദേഹത്തിന് വഴിയൊരുക്കുന്നതിനായി ഈ തീരുമാനം ഇല്ലാതായി.  ഗവർണറെ സഭയിലേക്ക് ആനയിച്ചുകൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.രാമകൃഷ്ണനും നേരിട്ടത് കടുത്ത വെല്ലുവിളി. പത്ത് മിനിറ്റോളം  ഭരണതലവനായ ഗവർണറെ പ്രതിപക്ഷം പ്രസംഗവേദിയിലെത്താനനുവദിക്കാതെ തടഞ്ഞു. അത്രയും നേരം ഗവർണർ അവർക്ക് മുന്നിൽ തൊഴുകൈയോടെ നിൽക്കുന്ന അത്യപൂർവ്വ കാഴ്ച. എന്ത് ചെയ്യണമെന്നറിയാതെ സ്പീക്കറും സംവിധാനവും.  ബഹളത്തിനിടയിൽ മുഖ്യമന്ത്രി യുമായി സ്പീക്കർ ആശയ വിനിമയം നടത്തുന്നത്  കണ്ടതും വാച്ച് ആന്റ് വാർഡിന്റെ കടന്നുവരവും ഒന്നിച്ചായിരുന്നു. നിരനിരയായി എത്തിയ വാച്ച് ആന്റ് വാർഡ് വലിയ ബല പ്രയോഗമൊന്നുമില്ലാതെ ഗവർണർക്ക് വഴിയൊരുക്കി കൊടുത്തു. വേദിയിലെത്തി ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം തുടരവേ പ്രതിപക്ഷം പുറത്തേക്ക്. പൗരത്വ നിയമ പോരാട്ടത്തിൽ ഇത്തിരി മുൻ തൂക്കം കൈവരിച്ച ആവേശത്തിലായിരുന്നു അപ്പോൾ  പ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്  ഇതാദ്യമൊന്നുമല്ല.  പക്ഷെ ഗവർണറെ, ഇത്രയും കലുഷിതമായ അന്തരീക്ഷത്തിൽ സ്വീകരിക്കുന്നത് ഇതാദ്യം. നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് ഗവർണറെ അതേൽപ്പിക്കുന്നത്.പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രമേയം നിയമസഭ  പാസാക്കിയിട്ടുണ്ട്്.  ഈ വിഷയത്തിൽ കേരളവും ഗവർണറും തമ്മിൽ ആരംഭിച്ച വാക്‌പോര് ഇനിയും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലെ പതിനെട്ടാം ഖണ്ഡികയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം ഗവർണർ വായിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആ വിവാദഭാഗം വായിച്ചു. തന്റെ വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗവർണറുടെ വായന. മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരമാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു.


മുഖ്യമന്ത്രി അഭ്യർഥിച്ചാലും ഇല്ലെങ്കിലും ഗവർണർക്ക് പൂർണമായി അംഗീകരിക്കാൻ കഴിയുമെങ്കിൽ മാത്രം നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ വായിച്ചാൽ മതി. ഗവർണർക്ക് ഭരണഘടന അതിനുള്ള അധികാരം നൽകുന്നുണ്ട്. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് താൻ വായിക്കേണ്ട പ്രസംഗത്തിലുള്ളതെങ്കിൽ അത് നയപ്രഖ്യാപന പ്രസംഗത്തിനു മുൻപേ ഗവർണർക്ക് ചൂണ്ടിക്കാണിക്കാം. പക്ഷേ ഈ ഭാഗങ്ങൾ നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. സർക്കാർ ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുത്താലും ഇല്ലെങ്കിലും തനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതിരിക്കാം. മുൻപ് നിരവധി തവണ  ഇങ്ങിനെ പൂർണമായും വായിക്കാതെ ഗവർണർമാർ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കിയിട്ടുണ്ട്.
വായിക്കാതിരിക്കാൻ ഭരണഘടനാപരമായി അവകാശങ്ങൾ ഉണ്ടെന്നിരിക്കെയാണ് ഇന്ന് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പരാമർശം ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ വായിച്ചത്.ഏറ്റവും അവസാനം 2018ൽ കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം പ്രസംഗം മുഴുവൻ വായിക്കാതിരുന്നത് സമീപകാല ഓർമ്മ.2014 ൽ ബിഹാർ ഗവർണറായിരുന്ന ഡി.വൈ പാട്ടീൽ ആരോഗ്യ കാരണങ്ങളാൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അഞ്ച് പേജ് മാത്രമാണ് വായിച്ചതെന്നത് ചരിത്രം. 2017ൽ ത്രിപുര ഗവർണർ തതാഗത റോയ് പ്രസംഗം മുഴുവൻ വായിച്ചിരുന്നില്ല. അന്ന് വിയോജിപ്പുള്ള ഭാഗങ്ങൾ അടങ്ങിയ പേജ് ഒഴിവാക്കിയാണ് അദ്ദേഹം പ്രസംഗം പൂർത്തിയാക്കിയത്.
2018ൽ മേഘാലയ ഗവർണറായിരുന്ന ഗംഗ പ്രസാദും നയപ്രഖ്യാപന പ്രസംഗത്തിന്റെ ഏതാനും പേജുകൾ വായിക്കാതെ വിട്ടു. ഒരു രാജ്യം ഒരു ഭാഷാ വാദം അരക്കിട്ടുറപ്പിക്കാനായി  അദ്ദേഹം ഹിന്ദിയിൽ പ്രസംഗിക്കുക പോലും ചെയ്തു.
1969ൽ പശ്ചിമ ബംഗാളിൽ ഗവർണർ ധർമ വീര ഖണ്ഡിക ഒഴിവാക്കിയാണ് പ്രസംഗം പൂർത്തിയാക്കിയത്. ബംഗാളിൽ അജയ് മുഖർജി സർക്കാരിന്റെ കാലത്തായിരുന്നു ഇത്. വിഷയം രാജ്യമാകെ കത്തി നിന്നപ്പോൾ ഇ.എം.എസ് സർക്കാർ ധർമ വീരക്കെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. കെ.കരുണാകരനൊക്കെ ആവും വിധം നോക്കിയെങ്കിലും അന്ന് ഇ.എം.എസ് പിന്മാറിയില്ല. 1989 ലെ കേരള ഗവർണർക്കെതിരെയും സി.പി.എം പ്രമേയം പാസാക്കി. ഒ. ഭരതനായിരുന്നു പ്രമേയ അവതാരകൻ. കേരളകാലിക്കറ്റ് വാഴ്‌സിറ്റികളിലെ സിണ്ടിക്കേറ്റ് നിയമനമായിരുന്നു അന്ന് സി.പി.എമ്മിനെ രാംദുലാരി സിൻഹക്കെതിരാക്കിയത്. വിയോജിപ്പോടെ നയ പ്രഖ്യാപനത്തിലെ ഭാഗങ്ങൾ വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയാറായത് ഈ ചരിത്രമൊക്കെ ഓർത്തിട്ടാകുമോ? എന്നതാണിപ്പോൾ നിയമസഭ ഉപശാലകളിലെ ചർച്ച.  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തൊണ്ടയിലെ മുള്ളായി നിൽക്കുന്ന അന്തരീക്ഷത്തിലായിരിക്കില്ലെ  തന്ത്രശാലിയായ ഗവർണറുടെ പിൻ നടത്തം എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ ചെന്നിത്തലയുടെ പ്രമേയ ദിവസം വരെ കാത്തിരിക്കേണ്ടി വരും. ആ പ്രമേയത്തിന്റെ കാര്യം 31ന് ചേരുന്ന കാര്യോപദേശക സമിതിയിലെ തീരുമാനമാവുകയുള്ളു വെന്നാണ് സ്പീക്കർ അറിയിച്ചത്.  ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെ സർക്കാർ എതിർത്താൽ പ്രമേയം സഭയിൽ വരില്ല. വേവും വരെ കാത്തില്ലെ  ഇനിയിപ്പോൾ ആറാനും ക്ഷമിച്ചാലെന്താണെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഈ വിഷയത്തിൽ വാമൊഴി വഴക്കം പറഞ്ഞത്.  പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം ദൗത്യം പൂർത്തീകരിച്ച് തിരിച്ചു പോകുമ്പോൾ ഹോ ,താനി തൊക്കെ എത്ര കണ്ടതാണ് എന്നാണ്  ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. താനെത്ര  കണ്ടവനാണ് എന്ന ഇന്നസെന്റ് ഡയലോഗ് മട്ട്. പൂർണ രാഷ്ട്രീയക്കാരനായ വ്യക്തിക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ.
'മുഖ്യമന്ത്രിക്ക് ഗവർണറെ പേടിയോ?' എന്നായിരുന്നു കോൺഗ്രസിലെ ഷാഫി പറമ്പിലും ലീഗിലെ കെ.എം.ഷാജിയും നിയമസഭയിൽ ഉയർത്തി കാട്ടിയ പ്ലക്കാർഡുകളിലെ എഴുത്ത്. ഗവർണറുടെ  നയപ്രഖ്യാപന പ്രസംഗം തുടരുമ്പോൾ തന്നെ പ്രതിപക്ഷ പ്രക്ഷോഭത്തിലെ വാക്കും വാചകങ്ങളും ഒന്നൊഴിയാതെ ചാനലായ ചാനൽ മുഴുവൻ തത്സമയം  പ്രക്ഷേപണം ചെയ്തു. ഗവർണർ ഗോബാക്ക് വിളികൾക്കപ്പുറം ഭരണ കക്ഷിയെ ബാധിക്കുക പിണറായി- ആരിഫ് ഖാൻ ഭായി ഭായി വിളിയായിരിക്കും. പൗരത്വ നിയമം രാജ്യത്തെ ഭിന്നിപ്പിക്കും എന്ന വാചകം  ആരിഫ്ഖാനെ കൊണ്ട് വായിപ്പിച്ചില്ലെ? എന്ന ചോദ്യം കൊണ്ടാണ് ഭരണ നിര അവരുടെ നിലപാടിന് ന്യായമെഴുതുന്നത്. എല്ലാ ന്യായങ്ങൾക്കും മറു ന്യായങ്ങൾക്കും അപ്പുറം ഒന്നുണ്ട്, അത്യസാധരണമായിരുന്നു കേരള നിയമസഭയുടെ ചരിത്രത്തിലെ  എഴുപത്തിയൊന്നാം നയ പ്രഖ്യാപന പ്രസംഗവും നടപടികളും എന്നതാണത്.

Latest News