Sorry, you need to enable JavaScript to visit this website.

ഇരട്ട സിക്‌സറില്‍ രോഹിത് ചരിത്രമെഴുതി

ഹാമില്‍ടണ്‍ - സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ നേടിയ ഇരട്ട സിക്‌സര്‍ ന്യൂസിലാന്റില്‍ ആദ്യമായി ട്വന്റി20 പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചു. രണ്ടു മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യ 3-0 ന് മുന്നിലെത്തി.  നായകന്‍ കെയ്ന്‍ വില്യംസന്‍ വിജയത്തിന് തൊട്ടടുത്തു വരെ എത്തിച്ച ശേഷമാണ് കിവീസിന് അടിതെറ്റിയത്. ഇന്ത്യയുടെ അഞ്ചിന് 179 മറികടക്കാന്‍ ന്യൂസിലാന്റിന് അവസാന ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ എട്ട് റണ്‍സ് മതിയായിരുന്നു.
മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് റോസ് ടയ്‌ലര്‍ (10 പന്തില്‍ 17) സിക്‌സറിനുയര്‍ത്തിയതോടെ അവര്‍ വിജയം ഉറപ്പിച്ചു. എന്നാല്‍ അവസാന അഞ്ച് പന്തില്‍ ലെഗ്‌ബൈ ഉള്‍പ്പെടെ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ടയ്‌ലറെയും വില്യംസനെയും (68 പന്തില്‍ 95) ഷമി പുറത്താക്കി. അതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. 
ജസ്പ്രീത് ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ വില്യംസന്‍ വീണ്ടും സിക്‌സറും ബൗണ്ടറിയും പറത്തി. വില്യംസനും ഗപ്റ്റിലും 17 റണ്‍സ് അടിച്ചെടുത്തു. ടിം സൗത്തീയാണ് ന്യൂസിലാന്റിന്റെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. അവസാന രണ്ടു പന്തും സിക്‌സറിനുയര്‍ത്തി രോഹിത് വിജയം പിടിച്ചു.  

Latest News